ബാർസിലോണയുടെ പരിശീലന ക്യാംപിൽനിന്ന് നെയ്മർ ഇറങ്ങിപ്പോയി

ബ്രസീൽ ഫുട്ബോൾ താരം നെയ്മർ ബാർസിലോണയുടെ പരിശീലന ക്യാംപിൽനിന്ന് ഇറങ്ങിപ്പോയി .

സ്പാനിഷ് ക്ലബ്ബിന്റെ താരം ഫ്രഞ്ച് ലീഗ് വൺ ക്ലബ് പാരിസ് സെന്റ് ജർമെയ്നിലേക്കു (പിഎസ്ജി) ചേരുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് പരിശീലന ക്യാംപിൽനിന്നുള്ള ഇറങ്ങിപ്പോക്ക്.

ചാംപ്യൻസ് ട്രോഫിയിൽ പരമ്പരാഗത വൈരികളായ റയൽ മഡ്രിഡുമായി കളിക്കാനുള്ള ബാർസയുടെ പരിശീലനത്തിൽനിന്നാണ് നെയ്മർ ഇറങ്ങിപ്പോയത്.

മിയാമിയിൽ ടീം പരിശീലനം നടത്തുന്നതിനിടെ സഹതാരം നെൽസൺ സെമേഡോയുമായി കോർത്തശേഷം ബിബ് വലിച്ചൂരിയെറിഞ്ഞാണ് നെയ്മർ കളത്തിനു പുറത്തേക്കു പോയത് .

നെയ്മറുടെ രോഷപ്രകടനം സഹതാരങ്ങളെയും പരിശീലകരെയും അമ്പരപ്പിച്ചു. പിഎസ്ജിയിലേക്കു നെയ്മർ നീങ്ങുന്ന കാര്യം ഏറെക്കുറെ ഉറപ്പായ വേളയിലാണ് ഈ മോശം പെരുമാറ്റവും.

ട്രാൻസ്ഫറിനെക്കുറിച്ച് നെയ്മർ ഒന്നും പറയാത്തതിലും ബാർസ ആരാധകർ സങ്കടത്തിലാണ് .

നിലവിൽ ബാർസയുമായി കരാറുള്ള നെയ്മറെ വിട്ടുകിട്ടുന്നതിനുവേണ്ടി 1641 കോടിയോളം രൂപയാണ് പിഎസ്ജി മുടക്കി എന്നാണ് റിപ്പോർട്ടുകൾ.

Top