അര്‍ജന്റീനയെയും മെസിയേയും പിന്തുണയ്ക്കുന്ന ബ്രസീലിയന്‍ ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് നെയ്‌മര്‍

മാരക്കാന: കോപ്പ അമേരിക്ക ഫൈനലിന് മുമ്പ് അര്‍ജന്റീനയെയും നായകന്‍ ലിയോണല്‍ മെസിയേയും പിന്തുണയ്ക്കുന്ന ബ്രസീലിയന്‍ ആരാധകരെ രൂക്ഷമായി വിമര്‍ശിച്ച് നെയ്‌മര്‍. സ്വന്തം നാടിനെ മറന്ന് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കരുതെന്ന് നെയ്‌മര്‍ ഇന്‍സ്റ്റഗ്രാമില്‍ പറഞ്ഞു.

ലോകമെമ്പാടുമുള്ള പോലെ ലിയോണല്‍ മെസിയെ ജീവനുതുല്യം സ്നേഹിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ ബ്രസീലിലുമുണ്ട്. മെസിയുടെ ചിത്രം ശരീരത്തില്‍ പച്ചകുത്തി വരെ വാര്‍ത്തകളില്‍ നിറഞ്ഞവരുണ്ട്. മെസിക്ക് ഒരു കിരീടം വേണമെന്ന ആഗ്രഹമാണ് ആരാധകര്‍ക്ക്. എന്നാല്‍ കോപ്പ ഫൈനലില്‍ ബ്രസീലിനെതിരെ അര്‍ജന്റീനയിറങ്ങുമ്പോള്‍ ചില ആരാധകര്‍ രാജ്യത്തിനെതിരെ നില്‍ക്കുന്നതാണ് നെയ്മറിനെ ചൊടിപ്പിച്ചത്.

‘ഞാനൊരു ബ്രസീലുകാരനാണ്, അതില്‍ അഭിമാനിക്കുന്നയാള്‍. കായികമേഖലയിലാകട്ടെ, ഫാഷന്‍ രംഗത്താകട്ടെ, ഇനി ഓസ്‌കാര്‍ വേദിയിലാകട്ടെ. ബ്രസീലും ബ്രസീലുകാരും മുന്നിലെത്തുന്നതാണ് എനിക്ക് പ്രിയം’- ഇന്‍സ്റ്റഗ്രാമിലൂടെ കടുത്ത ഭാഷയിലാണ് സ്വന്തം നാട്ടിലെ അര്‍ജന്റീന ആരാധകര്‍ക്ക് നെയ്മറുടെ വിമര്‍ശനം.

വിഖ്യാതമായ മാരക്കാന സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.30നാണ് അര്‍ജന്റീന-ബ്രസീല്‍ കലാശപ്പോര്. ലിയോണല്‍ മെസിയും-നെയ്മറും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമാണിത്. ബ്രസീലാണ് കോപ്പ അമേരിക്കയില്‍ നിലവിലെ ചാമ്പ്യന്‍മാര്‍. കിരീടം നിലനിര്‍ത്താന്‍ നെയ്മറുടെ ബ്രസീല്‍ ഇറങ്ങുമ്പോള്‍ 1993ന് ശേഷം ആദ്യ കിരീടമാണ് മെസിയുടെ അര്‍ജന്റീന ലക്ഷ്യമിടുന്നത്.

 

Top