തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തില്‍ നെയ്മര്‍, ഉടന്‍ പരിശീലനത്തിന് എത്തിയേക്കും

ദോഹ: പരിക്ക് മാറി മൈതാനത്ത് തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ് സൂപ്പര്‍താരം നെയ്മര്‍. ലഭ്യമായ എല്ലാ ചികിത്സാരീതികളും താരം സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എത്രയും വേഗം ടീമിനൊപ്പം ചേരാനുള്ള കഠിനശ്രമത്തിലാണ് സൂപ്പര്‍താരം. ഫിസിയോതെറാപ്പി കൂടാതെ ക്രയോതെറാപ്പിയും ഇലക്ട്രോതെറാപ്പിയുമാണ് ചികിത്സാരീതി. ദിവസവും മൂന്ന് തവണ ഈ രീതിയില്‍ ചികിത്സ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കണങ്കാലിലേറ്റ പരിക്കിനൊപ്പം താരത്തിന് പനിയും പിടിപെട്ടതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെള്ളിയാഴ്ച കാമറൂണിനെതിരായ മത്സരത്തില്‍ നെയ്മാര്‍ കളിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പ്രീക്വാര്‍ട്ടര്‍ മത്സരത്തിനിറങ്ങുമ്പോഴേക്കും സൂപ്പര്‍താരം തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ക്യാംപും ആരാധകരും. നേരത്തെ, നെയ്മര്‍ പ്രീ ക്വാര്‍ട്ടറിലും കളിച്ചില്ലെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. നെയ്മറുടെ പരിക്ക് ഭേദമാവാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്.

അതേസമയം, നെയ്മര്‍ക്ക് ആശ്വാസവാക്കുകളുമായി മുന്‍ ഇറ്റാലിയന്‍ താരം അലസാന്ദ്രോ ഡെല്‍പിയറോ രംഗത്തെത്തി. കാല്‍ മറ്റൊരാള്‍ക്ക് നല്‍കാന്‍ പറ്റുമായിരുന്നുവെങ്കില്‍ നെയ്മര്‍ക്ക് സ്വന്തം കാല്‍ നല്‍കുമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. നെയ്മര്‍ ഈ ലോകകപ്പില്‍ കളിക്കുന്നത് കാണാന്‍ തനിക്ക് അതിയായ ആഗ്രഹമുണ്ടെന്നും തന്റെ കാല്‍ സന്തോഷപൂര്‍വം നല്‍കുമെന്നും ഡെല്‍പിയോറോ ലോകകപ്പ് വേദിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Top