നെയ്മറുടെ കളിക്കളത്തിലെ പെരുമാറ്റം അഭിനയമല്ലെന്ന് ലിവര്‍പൂള്‍ പരിശീലകന്‍

ബ്രസില്‍: നെയ്മറുടെ കളിക്കളത്തിലെ പെരുമാറ്റം അഭിനയമല്ലെന്നും, അതു താരത്തിന്റെ ബുദ്ധിപരമായ നീക്കമാണെന്നും ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്. താരത്തെ നേരിടുക കനത്ത വെല്ലുവിളിയാകുമെന്നും ക്ലോപ്പ് പറഞ്ഞു. ചാമ്പ്യന്‍സ് ലീഗില്‍ ഇന്നു രാത്രി പിഎസ്ജിയെ നേരിടാനൊരുങ്ങുന്നതിനു മുന്നോടിയായാണ് ലിവര്‍പൂള്‍ പരിശീലകന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു മികച്ച താരമായതു കൊണ്ടു തന്നെ നെയ്മര്‍ ഫൗള്‍ ചെയ്യപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണെന്ന് പറഞ്ഞ ക്‌ളോപ്പ് അതിനെ മറികടക്കാനാണ് നെയ്മറുടെ ഇത്തരം പ്രവൃത്തികളെന്ന പക്ഷക്കാരനാണ്. ഒരു തവണ മഞ്ഞക്കാര്‍ഡ് ലഭിച്ചാല്‍ താരങ്ങള്‍ പിന്നീട് കടുത്ത ടാക്ലിങ്ങിനു മടിക്കുമെന്നതു കൊണ്ടാണ് നെയ്മര്‍ ഇങ്ങനെ ചെയ്യുന്നതെന്നും അതു സാധാരണയാണെന്നും താരം പറഞ്ഞു.

ലോകകപ്പിനു പൂര്‍ണമായി ഫിറ്റല്ലാഞ്ഞിട്ടും മികച്ച പ്രകടനം നെയ്മര്‍ പുറത്തെടുത്തത് താരത്തിന്റെ മികവാണു കാണിക്കുന്നതെന്നും ക്‌ളോപ്പ് വ്യക്തമാക്കി. കഴിഞ്ഞ മത്സരത്തില്‍ താരത്തിനു വിശ്രമം നല്‍കിയതു കൊണ്ട് ലിവര്‍പൂളിന് നെയ്മര്‍ ഒരു വെല്ലുവിളി തന്നെയായിരിക്കുമെന്നും പരിശീലകന്‍ പറഞ്ഞു.

പിഎസ്ജി പരിശീലകന്‍ തോമസ് ടുഷലിനെയും ക്‌ളോപ്പ് പ്രശംസിച്ചു. ജര്‍മന്‍ പരിശീലകനെ ടീമിലെത്തിച്ചത് പിഎസ്ജിയുടെ ഏറ്റവും മികച്ച നീക്കമാണെന്നും ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളാണ് ടുഷലെന്നും ക്‌ളോപ്പ് സൂചിപ്പിച്ചു. ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്നായിരിക്കും ഇതെന്നാണ് ക്‌ളോപ്പിന്റെ പക്ഷം. താനൊരു മാനേജര്‍ അല്ലായിരുന്നെങ്കിലും ഈ മത്സരം കാണുമായിരുന്നുവെന്നും ക്‌ളോപ്പ് പറഞ്ഞു.

Top