ബ്രസീല്‍ ആരാധകര്‍ക്ക് തിരിച്ചടി; കോപ്പ അമേരിക്കയില്‍ നെയ്മര്‍ കളിക്കില്ല

ന്നലെ മത്സരത്തിനിടെ കാലിന് പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല. ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനാണ് നെയ്മര്‍ കോപ്പ അമേരിക്ക ടൂര്‍ണമെന്റില്‍ കളിക്കില്ല എന്ന വാര്‍ത്ത പുറത്തുവിട്ടത്.

കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി ഇന്നലെ ഖത്തറിനെതിരെ നടന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് നെയ്മറിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് മത്സരത്തിന്റെ പതിനേഴാം മിനിറ്റില്‍ നെയ്മര്‍ കളം വിട്ടു.

മത്സരത്തില്‍ എതിര്‍ താരത്തിന്റെ ടാക്കിളാണ് നെയ്മറിന്റെ പരിക്കിന് കാരണം. പരിക്കേറ്റ ഉടന്‍ തന്നെ ഗ്രൗണ്ട് വിട്ടു. പിതാവിനൊപ്പം ക്രച്ചസിലായിരുന്നു നെയ്മറെ പിന്നീട് സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ട് പോയത്.

കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് മുന്‍പ് പരിക്കില്‍ നിന്ന് മോചിതനാവാന്‍ നെയ്മര്‍ക്ക് കഴിയില്ലെന്ന് പരിശോധനകളില്‍ നിന്ന് മനസിലായതോടെയാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ തീരുമാനിച്ചത്.

സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ നെയ്മറിന് കളിക്കാനാവില്ല എന്നത് ബ്രസീലിന്‌ കനത്ത തിരിച്ചടിയാകും. ജൂണ്‍ പതിനാലിന് ബൊളീവിയക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ആദ്യ മത്സരം.

Top