ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യിലേക്ക്

ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ക്ക് ബാഴ്‌സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പി.എസ്.ജി.യില്‍ ചേരാന്‍ അനുമതി ലഭിച്ചു. നെയ്മര്‍ക്കായി 222 ദശലക്ഷം യൂറോ നല്‍കാന്‍ തങ്ങള്‍ ഒരുക്കമാണെന്ന് പി.എസ്.ജി. അറിയിച്ചുകഴിഞ്ഞു.

നെയ്മര്‍ക്ക് പകരം മാര്‍ക്കോ വെറാറ്റി, ജൂലിയന്‍ ഡ്രാക്‌സ്‌ലര്‍, എയ്ഞ്ചല്‍ ഡി മരിയ, അഡ്രിയന്‍ റാബിയോട്ട് എന്നിവരില്‍ ആരെയെങ്കിലും കൂടി ലഭിക്കണമെന്ന ആവശ്യം ബാഴ്‌സ പി.എസ്.ജിക്ക് മുന്‍പാകെ വച്ചിട്ടുണ്ട്.

പി.എസ്.ജി.യില്‍ ചേരാന്‍ ഉറച്ചതുകൊണ്ട് ബുധനാഴ്ചത്തെ ബാഴ്‌സയുടെ പരിശീലനത്തില്‍ നെയ്മര്‍ പങ്കെടുത്തില്ല. പരിശീലനത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോച്ച് ഏണസ്‌റ്റോ വാല്‍വേഡ് നെയ്മര്‍ക്ക് അനുമതി നല്‍കുകയും ചെയ്തിരുന്നു.

ചൈനയിലുള്ള നെയ്മര്‍ അവിടെ നിന്ന് ദുബായിലേയ്ക്ക് പോകുമെന്നും പി.എസ്.ജിയുടെ വൈദ്യ പരിശോധനയ്ക്ക് വിധേയനാവുമെന്നും സൂചനകളുണ്ട്.

ബ്രസീലിയന്‍ ക്ലബായ സാന്റോസില്‍ കളിച്ചുതുടങ്ങിയ നെയ്മര്‍ 2013ലാണ് ബാഴ്‌സയില്‍ മെസ്സിക്കും സുവാരസിനുമൊപ്പം ചേരുന്നത്. ക്ലബിനുവേണ്ടി 123 മത്സരങ്ങളില്‍ നിന്ന് 68 ഗോള്‍ നേടിയിട്ടുണ്ട്. പി.എസ്.ജി.യില്‍ ചേര്‍ന്നാല്‍ നെയ്മറുടെ മൂന്നാമത്തെ ക്ലബാവുമിത്.

Top