പി.എസ്.ജി – മാഴ്‌സ താരങ്ങൾ ഏറ്റുമുട്ടി; നെയ്മര്‍ക്ക് രണ്ടു മത്സര വിലക്ക്, ഗോണ്‍സാലസിനെതിരെ അന്വേഷണം

പാരീസ് : ഫ്രഞ്ച് ലീഗിൽ പി.എസ്.ജി – മാഴ്‌സ താരങ്ങൾ ഏറ്റുമുട്ടി. കഴിഞ്ഞ തിങ്കളാഴ്ച നടന്ന മത്സരത്തിനിടെയാണ് മാഴ്‌സ താരം അല്‍വാരോ ഗോണ്‍സാലസും പി.എസ്.ജി താരം നെയ്മറും തമ്മിൽ നടന്ന തർക്കം കയ്യാങ്കളിയിൽ കലാശിച്ചത്.

ബുധനാഴ്ച ലീഗ് 1 സംഘാടകര്‍ തങ്ങളുടെ പ്രസ്താവനയില്‍ വ്യക്തമാക്കിയതാണ് ഇക്കാര്യം. അതേസമയം അല്‍വാരോ ഗോണ്‍സാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചെന്ന നെയ്മറുടെ ആരോപണം അന്വേഷിക്കുമെന്നും ലീഗ് 1 പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

പി.സ്.ജിയുടെ നെയ്മർ ഉൾപ്പെടെയുള്ള അഞ്ചു പേർക്ക് ചുവപ്പ് കാർഡും 12 താരങ്ങൾക്ക് മഞ്ഞക്കാർഡുമാണ് മത്സരത്തിൽ ലഭിച്ചത്. മത്സരത്തിൽ പി.എസ്.ജി ഒരൊറ്റ ഗോളിന് തോൽക്കുകയും ചെയ്തു. എന്നാൽ മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം. ഇതേ തുടർന്നാണ് ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നെയ്മർ ഗോൺസാലസിനെ തെറി വിളിച്ചത്. ഗോൺസാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മർ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴ്‌സ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.

എന്നാൽ ഇതിനെതിരെ മാഴ്സ താരം ഗോൺസാലസും രംഗത്തെത്തിയിരുന്നു. നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണം മാഴ്‌സ താരം നിഷേധിച്ചു. പരാജയം ഉൾക്കൊള്ളാൻ നെയ്മർക്ക് അറിയില്ലെന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നത് ഗ്രൗണ്ടിൽ തീർക്കാൻ അറിയണമെന്നുമായിരുന്നു ഗോൺസാലസിന്റെ മറുപടി.

Top