വംശീയ അധിക്ഷേപം ; അൽവാരോ ഗോൺസാലസിനെതിരെ ഗുരുതര ആരോപണവുമായി നെയ്മർ

പാരീസ് : ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ സൂപ്പർതാരം നെയ്മർ മാഴ്‌സ താരം അൽവാരോ ഗോൺസാലസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. പി.എസ്.ജിയും മാഴ്സയും തമ്മിലുള്ള മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം.

ഫ്രഞ്ച് ലീഗ് ഫുട്‍ബോൾ പി.എസ്.ജിയും മാഴ്സയും തമ്മിലുള്ള മത്സരത്തിൽ കളിയേക്കാളേറെ കണ്ടത് കൈയാങ്കളി ആയിരുന്നു. പി.സ്.ജിയുടെ നെയ്മർ ഉൾപ്പെടെയുള്ള അഞ്ചു പേർക്ക് ചുവപ്പ് കാർഡും 12 താരങ്ങൾക്ക് മഞ്ഞക്കാർഡുമാണ് മത്സരത്തിൽ ലഭിച്ചത്. മത്സരത്തിൽ പി.എസ്.ജി ഒരൊറ്റ ഗോളിന് തോൽക്കുകയും ചെയ്തു.

എന്നാൽ മത്സരത്തിനിടെ ഗോൺസാലസ് തന്നെ വംശീയമായി അധിക്ഷേപിച്ചു എന്നാണ് നെയ്മറിന്റെ ആരോപണം. ഇതേ തുടർന്നാണ് ഗോൺസാലസിന്റെ തലയ്ക്ക് പിന്നിൽ താൻ ഇടിച്ചതെന്നും നെയ്മർ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി മത്സരശേഷം തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് നെയ്മർ ഗോൺസാലസിനെ തെറി വിളിച്ചത്. ഗോൺസാലസിന്റെ മുഖത്ത് ഇടിക്കാത്തതാണ് തന്റെ സങ്കടം എന്നു പറഞ്ഞ നെയ്മർ അസഭ്യമായ വാക്ക് ഉപയോഗിച്ചാണ് മാഴസ പ്രതിരോധ താരത്തെ അഭിസംബോധന ചെയ്തത്.

എന്നാൽ ഇതിനെതിരെ ഇപ്പോൾ മാഴ്സ താരം ഗോൺസാലസും രംഗത്തെത്തിയിരിക്കുകയാണ്. പരാജയം ഉൾക്കൊള്ളാൻ നെയ്മർക്ക് അറിയില്ലെന്നും ഗ്രൗണ്ടിൽ സംഭവിക്കുന്നത് ഗ്രൗണ്ടിൽ തീർക്കാൻ അറിയണമെന്നുമായിരുന്നു ഗോൺസാലസിന്റെ മറുപടി. കൂടാതെ നെയ്മറെ വംശീയമായി അധിക്ഷേപിച്ചു എന്ന ആരോപണവും മാഴ്‌സ താരം നിഷേധിച്ചു.

Top