‘അടുത്ത സ്റ്റോപ്പ് ലങ്കയില്‍’ എന്ന് സഞ്ജു; ലോക്ഡൗണ്‍ ലംഘനം നടത്തരുതെന്ന് ആരാധകന്‍

കോഴിക്കോട്: കടപ്പുറത്തെ മണലിന് മുകളിലൂടെ സൂപ്പര്‍മാനെ പോലെ പറക്കുന്ന ചിത്രം പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍.’ഇനി അടുത്ത സ്റ്റോപ്പ് ലങ്കയില്‍’ എന്ന കുറിപ്പോടു കൂടിയാണ് സഞ്ജു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

സഞ്ജുവിന്റെ ചിത്രത്തിന് താഴെ നിരവധി കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടുമെന്ന ശുഭപ്രതീക്ഷയാണ് സഞ്ജു പങ്കുവെച്ചിരിക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്.

ലങ്ക കത്തിക്കേണ്ട, വിട്ടേക്ക് എന്നായിരുന്നു സഞ്ജുവിന്റെ ചിത്രത്തിന് മറ്റൊരു ആരാധകനിട്ട കമന്റ്. സഞ്ജുവിനോട് ലോക്ഡൗണ്‍ ലംഘനം നടത്തരുതെന്നും ഒരു വാലിന്റെ കുറവുണ്ടല്ലോ എന്ന തമാശച്ചോദ്യവും ആരാധകരുടെ ഭാഗത്തുനിന്നുണ്ടായി.

അതേസമയം സഞ്ജുവിന്റെ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരത്തെ സൂപ്പര്‍മാനുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്. സൂപ്പര്‍മാന്റേയും സഞ്ജുവിന്റേയും ചിത്രങ്ങള്‍ ഒരുമിച്ചുചേര്‍ത്ത് രാജസ്ഥാന്‍ ട്വീറ്റും ചെയ്തിട്ടുണ്ട്.

ഈ മാസം അവസാനം ഏകദിന പരമ്പരക്കായി ഇന്ത്യ ശ്രീലങ്കയില്‍ എത്തേണ്ടതായിരുന്നെങ്കിലും കോവിഡ് മൂലം പരമ്പര മാറ്റിവെച്ചിരിക്കുകയാണ്.

Top