next generation suzuki wagon r

1993 ല്‍ ജപ്പാനിലെ വിപണിയില്‍ പുറത്തിറങ്ങിയ വാഗണ്‍ ആര്‍ അടിമുടി മാറ്റങ്ങളുമായി എത്തുന്നു.എന്നാല്‍ കമ്പനി ഇതുവരെ പുതിയ വാഗണ്‍ ആറിനെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടില്ലെങ്കിലും പുതിയ വാഗണ്‍ ആറിന്റെയും സ്റ്റിങ് റേയുടേയും സ്‌പൈ ചിത്രങ്ങള്‍ ജാപ്പനിലെ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്.

നിലവിലുള്ള വാഹനത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയ ഡിസൈനാണ് പുതിയ വാഗണ്‍ ആറിന്. ടോള്‍ബോയ്, ബോക്‌സി ഡിസൈന്‍ ഫിലോസഫി തന്നെയാണ് തുടര്‍ന്നിരിക്കുന്നതെങ്കിലും വാഹനത്തെ കൂടുല്‍ സ്‌പോര്‍ട്ടിയാക്കാന്‍ സുസുക്കി ശ്രമിച്ചിട്ടുണ്ട്.

പുതിയ ഗ്രില്ലും ഹെഡ്‌ലൈറ്റും തുടങ്ങി ഓട്ടേറെ മാറ്റങ്ങള്‍ മുന്‍വശത്ത് വന്നിട്ടുണ്ട്. വീതി കൂടിയ ബി പില്ലറുകളാണ്. ആദ്യ കാഴ്ചയില്‍ വാഹനത്തിന് വലിപ്പം വര്‍ദ്ധിച്ചിട്ടുണ്ട്.

മുന്നിലെപ്പോലെ തന്നെ അടിമുടി മാറ്റം വന്നിട്ടുണ്ട് പിന്നിലും. ബംബറിനോട് ചേര്‍ന്നാണ് ടെയില്‍ ലാമ്പിന്റെ സ്ഥാനം. ഇന്റീരിയറില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരാന്‍ പോകുന്നതെന്ന വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

ജപ്പാനില്‍ അടുത്ത മാസം തന്നെ വാഹനം പുറത്തിറങ്ങിയേക്കുമെങ്കിലും പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലേയ്ക്ക് എത്തിക്കുന്ന കാര്യം കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ത്യയിലെ ചെറു ഹാച്ച് സെഗ്‌മെന്റില്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പുതിയ സ്‌റ്റൈലന്‍ വാഹനങ്ങളുടെ ഭീഷണിയെ ചെറുക്കുന്നതിനുമായി അടുത്ത വര്‍ഷം അവസാനത്തോടെ പുതിയ വാഗണ്‍ ആര്‍ ഇന്ത്യയിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

Top