അടുത്ത ചിത്രം പ്രഭാസിനൊപ്പം ‘സ്പിരിറ്റ്’ ; സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക

പ്രഭാസിനൊപ്പം ഒരുക്കുന്ന സ്പിരിറ്റ് ആണ് തന്റെ  അടുത്ത ചിത്രമെന്ന് സംവിധായകന്‍ സന്ദീപ് റെഡ്ഡി വാങ്ക. മറ്റ് ചാനലുകള്‍ പറയുന്ന പോലെ ഇതൊരു സൂപ്പര്‍നാച്ചുറല്‍ ചിത്രമല്ലെന്നും ഒരു സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥന്റെ കഥയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ബോളിവുഡ് ചിത്രത്തിന്റെ ട്രെയ്ലര്‍ ലോഞ്ച് പരിപാടിയിലാണ് സന്ദീപ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അനിമലിന്റെ ഗംഭീര വിജയത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗം അനിമല്‍ പാര്‍ക്ക് അയിരിക്കില്ല, ‘സ്പിരിറ്റ്’ എന്ന ചിത്രമായിരിക്കും ഇനി ഒരുക്കുകയെന്നും പരിപാടിയില്‍ പറഞ്ഞിരുന്നു. പ്രഭാസ് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ വാര്‍ത്ത വന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഇതാണ് ചര്‍ച്ചാവിഷയം. സ്പിരിറ്റ് എന്ന ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ സന്ദീപ് അനിമല്‍ ഫ്രാഞ്ചൈസിലേക്ക് കടക്കൂ എന്നും റിപ്പോര്‍ട്ട് ഉണ്ട്.

അതേസമയം, അനിമല്‍ തിയേറ്റര്‍ റിലീസിന് ശേഷം ഇപ്പോള്‍ നെറ്റ്ഫ്‌ലിക്‌സില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. ‘അര്‍ജുന്‍ റെഡ്ഡി’, ‘കബീര്‍ സിങ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബീര്‍ കപൂറും രശ്മിക മന്ദാനയും പ്രധാന വേഷം ചെയ്തത്. പ്രതിനായകനായി ബോബി ഡിയോളും ചിത്രത്തിലുണ്ട്. നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം ജനുവരി 26ന് സ്ട്രീം ചെയ്തതോടെ ഇന്ത്യയ്ക്ക് പുറത്തുള്ള നിരവധി സിനിമാപ്രേമികള്‍ ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

Top