സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും

തിരുവനന്തപുരം: സിപിഐയുടെ പുതിയ സംസ്ഥാന സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. കാനം രാജേന്ദ്രനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധരുടെ ചേരിയുടെ ശ്രമം . പ്രകാശ് ബാബുവിനെ കാനത്തിന് എതിരെ സ്ഥാനാർത്ഥിയായി നിർത്താനാണ് ആലോചന..പ്രായപരിധി നടപ്പാക്കിയാൽ കെ ഇ ഇസ്മയിലും സി ദിവാകരനും നേതൃനിരയിൽ നിന്ന് പുറത്ത് പോകും.എറണാകുളം ജില്ലാ റിപ്പോർട്ടിംഗിന് ഇടയിൽ തർക്കം ഉണ്ടായി. ജില്ലയിലെ പാർട്ടിയുടെ പൊതു നിലപാട് അല്ല റിപ്പോർട്ടിംഗ് എന്നായിരുന്നു ജില്ലയിലെ തന്നെ 4 പ്രതിനിധികളുടെ വിമർശനം .പാർട്ടി അച്ചടക്കം ലംഘിച്ചതിന് കെ ഇ ഇസ്മയിലിനെതിരേയും,സി ദിവാകരനെതിരെയും നടപടി വേണമെന്നാവശ്യം ഇന്നലെത്തെ ചർച്ചയിൽ ഉയർന്ന് വന്നു.

സിപിഐയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ അതിനിർണ്ണായകമായ ദിവസമാണ് ഇന്ന്. സംസ്ഥാന സമ്മേളനത്തിന് പതാക ഉയർത്തിക്കൊണ്ട് സി ദിവാകരൻ പറഞ്ഞതുപോലെ അസാധാരണമായ സമ്മേളനമായി ഇത് മാറുമോയെന്ന് ഇന്ന് അറിയാം. മൂന്നാം തവണയും സംസ്ഥാനസെക്രട്ടറി പദത്തിൽ കാനം രാജേന്ദ്രൻ തുടരുമോ എന്നതാണ് പ്രധാനചോദ്യം. ജില്ലാ റിപ്പോർട്ടിംഗിൽ കാനത്തിന് വലിയ പിന്തുണ ലഭിക്കുമ്പോഴും കാനത്തിനെതിരെ മത്സരം സംഘടിപ്പിക്കാനാണ് കാനം വിരുദ്ധ ചേരിയുടെ നീക്കം.പ്രകാശ് ബാബു,വിഎസ് സുനിൽകുമാർ,സിഎൻ ചന്ദ്രൻ ഇതിൽ ഒരാളെ സെക്രട്ടറി സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടി കാനത്തിനെതിരെ രംഗത്തിറക്കാനുള്ള ആലോചനകൾ കാനം വിരുദ്ധ ചേരി തുടങ്ങി കഴിഞ്ഞു.

സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടത്താനാണ് ശ്രമം.സമ്മേളനത്തിന് മുൻപ് തന്നെ വിമതശബ്ദങ്ങൾ ഉയർന്നത് കൊണ്ട് കാനം രാജേന്ദ്രൻ മത്സരം പ്രതീക്ഷിക്കുന്നുണ്ട്. എതിർ ചേരിയുടെ ഏത് നീക്കവും പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസവും കാനം വിഭാഗത്തിനും ഉണ്ട്.കാനം മൂന്നാം തവണയും സെക്രട്ടറിയായി വന്നാലും എതിർശബ്ദങ്ങളില്ലാതെ ആകരുതെന്നാണ് വിരുദ്ധ ചേരിയുടെ നിലപാട്.. പ്രായപരിധി നടപ്പാക്കുമോ എന്ന ചോദ്യമാണ് സമ്മേളത്തിൽ നിന്ന് ഉയരുന്ന പ്രധാന ചോദ്യം ..75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാൽ 80 കഴിഞ്ഞ കെ ഇ ഇസ്മയിലും,സി ദിവാകരനും നേതൃത്വത്തിൽ നിന്ന് ഒഴിയേണ്ടി വരും..ഇതിനെതിരെ പ്രതിഷേധം ഉയർന്നാൽ നേതൃത്വം വെട്ടിലാകും. പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയ്ക്ക് കാനം ഇന്ന് മറുപടി നൽകും.

Top