പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര ന്യൂസിലന്‍ഡിന്; കെയ്ന്‍ വില്യംസൺ പ്ലയര്‍ ഓഫ് ദ സീരീസ്

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്. രണ്ടാം ടെസ്റ്റില്‍ പാകിസ്ഥാനെ ഇന്നിങ്‌സിനും 176 റണ്‍സിനും തോല്‍പ്പിച്ചാണ് കിവീസ് പരമ്പര സൗന്തമാക്കിയത്. സ്‌കോര്‍: ന്യൂസിലന്‍ഡ് 659/6 ഡിക്ലയേര്‍ഡ്. പാകിസ്ഥാന്‍ 297 & 186. 11 വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസണാണ് മാന്‍ ഓഫ് ദ മാച്ച്. ബാറ്റിങ്ങില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണാണ് പ്ലയര്‍ ഓഫ് ദ സീരീസ്. ജയത്തോടെ ന്യൂസിലന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തി. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. ഒന്നിന് എട്ട് എന്ന നിലയിലാണ് പാകിസ്ഥാന്‍ അഞ്ചാം ദിനം ആരംഭിച്ചത്.

37 റണ്‍സ് വീതം നേടിയ അസര്‍ അലിയും സഫര്‍ ഗോഹറുമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫഹീം അഷ്‌റഫ് (28), ആബിദ് അലി (26) എന്നിവര്‍ അല്‍പനേരം ചെറുത്തുനിന്നു. ഷാന്‍ മസൂദ് (0), മുഹമ്മദ് അബ്ബാസ് (3), ഹാരിസ് സൊഹൈല്‍ (15), ഫവാദ് ആലം (16), മുഹമ്മദ് റിസ്‌വാന്‍ (10), ഷഹീന്‍ അഫ്രീദി (7) എന്നിവരുടെ വിക്കറ്റുകളും പാകിസ്ഥാന് നഷ്ടമായി. നസീഷം ഷാ (0) പുറത്താവാതെ നിന്നു. ജാമിസണിന് പുറമെ ട്രന്റ് ബോള്‍ട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി. വില്ല്യംസണിന് ഒരു വിക്കറ്റുണ്ട്.നേരത്തെ വില്ല്യംസണ്‍ (238), ഹെന്റി നിക്കോള്‍സ് (157), ഡാരില്‍ മിച്ചല്‍ (102) എന്നിവരുടെ സെഞ്ചുറികളാണ് ന്യൂസിലന്‍ഡിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്റെ 24-ാമത്തേയും തുടര്‍ച്ചയായ നാലാമത്തേയും സെഞ്ചുറി ആയിരുന്നിത്. ആദ്യ ഇന്നിങ്‌സിലും ജാമിസണിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് പാകിസ്ഥാനെ തകര്‍ത്തത്. അസര്‍ അലി (93), റിസ്‌വാന്‍ (61), ഫഹീം അഷ്‌റഫ് (48) എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചുനില്‍ക്കാനായത്. ടിം സൗത്തി, ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു.

Top