ന്യൂയോര്‍ക്കില്‍ പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവം; ട്രംപിനെതിരെ വിമര്‍ശനവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ന്യൂയോര്‍ക്കില്‍ ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനവുമായ് ശശി തരൂര്‍ എംപി. ഫ്ളോറല്‍ പാര്‍ക്ക് ക്ഷേത്രത്തിന് സമീപം ഹിന്ദു പുരോഹിതന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിമര്‍ശിച്ചാണ് തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.

ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങളെ വിമര്‍ശിച്ച തരൂര്‍, കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് ട്രംപിന്റെ റാലികളില്‍ ഉയര്‍ന്നു കേള്‍ക്കുന്നതെന്നും പറഞ്ഞു. കുടിയേറ്റ വിരുദ്ധരെ ട്രംപ് പ്രോത്സാഹിപ്പിക്കുമ്പോള്‍ നിരപരാധികളാണ് ആക്രമണങ്ങള്‍ക്ക് ഇരയാകുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം

ന്യൂയോര്‍ക്കിലെ ഫ്ളോറല്‍ പാര്‍ക്ക് ക്ഷേത്രത്തിന് സമീപം തെരുവിലൂടെ നടന്ന് പോകുന്നതിനിടെ സ്വാമി ഹരീഷ് ചന്ദര്‍ പുരി എന്ന പുരോഹിതനെ അഞ്ജാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ പുരോഹിതനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമിയെ പൊലീസ് പിടികൂടിയിരുന്നു. ഇയാള്‍ക്കെതിരെ ആക്രമണം, അകാരണമായി ഉപദ്രവിക്കല്‍, ആയുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയി പൊലീസ് കേസെടുത്തു.

Top