പാലാ ബിഷപ്പിനെ പിന്തുണച്ച് വാര്‍ത്താക്കുറിപ്പ്; തൃശൂര്‍ യുഡിഎഫില്‍ ഭിന്നത രൂക്ഷം

തൃശ്ശൂര്‍: പാലാ ബിഷപ്പിനെ പിന്തുണച്ച് യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിനെ ചൊല്ലി മുന്നണിയില്‍ ഭിന്നത രൂക്ഷം. സംഭവം വിവാദമായതോടെ വാര്‍ത്താകുറിപ്പിനെ തളളി ഡിസിസിയും തിരുത്തിയ വാര്‍ത്താകുറിപ്പിറക്കി യുഡിഎഫും രംഗത്തെത്തി. സംഭവത്തില്‍ യുഡിഎഫ് തൃശ്ശൂര്‍ ജില്ലാ കണ്‍വീനറെ മാറ്റണമെന്ന ആവശ്യവുമായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി.

യുഡിഎഫിന്റെ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടില്‍ നിന്നും വ്യത്യസ്തമായാണ് ആദ്യം പുറത്ത് വന്ന വാര്‍ത്താകുറിപ്പ്. ബിഷപ്പിന്റെ ‘നാര്‍ക്കോട്ടിക് ജിഹാദ്’ പ്രസ്താവന ഒരു മതത്തിനും എതിരെല്ലെന്നും അനാവശ്യ വിവാദം വേണ്ടെന്നുമായിരുന്നു ആദ്യത്തേതില്‍. ഇത് വിവാദമായതോടെ യുഡിഎഫ് ജില്ലാ നേതൃത്വം തിരുത്തിയ വാര്‍ത്താകുറിപ്പ് പുറത്തിറക്കുകയായിരുന്നു. ബിഷപ്പിന്റെ പ്രസ്താവനയുമായി ബന്ധപ്പെട്ട ഭാഗം പൂര്‍ണ്ണമായും നീക്കം ചെയ്താണ് പുതിയ വാര്‍ത്താകുറിപ്പിറക്കിയത്. വാര്‍ത്താകുറിപ്പുമായി ഡിസിസിക്ക് ബന്ധമില്ലെന്നും ഓഫീസ് സ്റ്റാഫിനെ സ്വാധീനിച്ച് യുഡിഎഫിലെ ചില തല്‍പ്പര കക്ഷികള്‍ ചെയ്തതെന്നുമായിരുന്നു പ്രസിഡന്റ് ജോസ് വള്ളൂരിന്റെ വിശദീകരണം.

സംഭവം വിവാദമായതോടെ യുഡിഎഫ് ജില്ലാ കണ്‍വീനര്‍ക്കെതിരെ മുസ്ലിം ലീഗ് ജില്ലാ നേതൃത്വം രംഗത്തെത്തി. യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ പേരില്‍ വ്യാജ വാര്‍ത്ത നല്‍കിയ യു.ഡി.എഫ് ജില്ലാ കണ്‍വീനറെ തല്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി എ മുഹമ്മദ് റഷീദ്, ജനറല്‍ സെക്രട്ടറി പി എം അമീര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഉച്ചതിരിഞ്ഞ് മുന്ന് മണിക്ക് യുഡിഎഫ് ജില്ലാകമ്മിറ്റി അടിയന്തിര യോഗം ചേരും.

Top