ന്യൂസിലണ്ടിനെതിരെ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യ; തോല്‍വി സമ്മതിച്ച് പെണ്‍പട

ന്യൂസിലണ്ടിനെതിരായ അവസാന ട്വന്റി20യില്‍ ആശ്വാസ ജയം പോലും നേടാനാവാതെ ഇന്ത്യന്‍ വനിതാ ടീം. 162 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് എടുത്ത് മത്സരം അവസാനിപ്പിക്കേണ്ടി വന്നു.

ഇന്ത്യയുടെ തോല്‍വിയോടെ മൂന്ന് ട്വന്റി 20കളുടെ പരമ്പര ന്യൂസിലണ്ട് സ്വന്തമാക്കി. നേരത്തെ മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് നേടിയിരുന്നു. തന്റെ മികച്ച ഫോമില്‍ തന്നെയായിരുന്നു മന്ദാന മൂന്നാം ട്വന്റി20യിലും. ആദ്യ ഏകദിനത്തില്‍ സെഞ്ചുറിയും രണ്ടാം ഏകദിനത്തില്‍ 90 റണ്‍സും നേടിയ മന്ദാന, ട്വന്റി20 മികച്ച പ്രകടനം കാഴ്ച വച്ചു. 62 പന്തില്‍ നിന്നും 12 ഫോറും ഒരു സിക്സും പറത്തിയാണ് അവസാന ട്വന്റി20യില്‍ മന്ദാന ചെയ്സ് ചെയ്തത്. പക്ഷേ ആദ്യ ട്വന്റി20യിലേത് പോലെ വിജയ ലക്ഷ്യം മറികടക്കുവാനാവാതെ മടങ്ങേണ്ടി വന്നു.

ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്ന സമയത്ത് റണ്‍സ് നേടാന്‍ മിതാലിക്കും കഴിയാതിരുന്നതോടെ ഇന്ത്യ കളി കൈവിട്ടു. 20 പന്തില്‍ നിന്നും മൂന്ന് ഫോറുകളോടെ മിതാലി 24 റണ്‍സ് എടുത്തു. ദീപ്തി ശര്‍മ 16 പന്തില്‍ നിന്നും ഒരു ഫോറും ഒരു സിക്സും പറത്തി 21 റണ്‍സും. മന്ദാന ക്രീസിലുള്ളപ്പോള്‍ മാത്രമാണ് ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ന്നിരുന്നത്.

Top