ന്യൂസിലിന് തോല്‍വി; ഇന്ത്യക്ക് റിപ്പബ്ലിക്ക് ഡേ സമ്മാനം നല്‍കി കൊഹ്ലിയും സംഘവും

ഓവല്‍: റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യക്ക് വിരാട് കൊഹ്ലിയുടെയും സംഘത്തിന്റേയും സമ്മാനം. രണ്ടാം ഏകദിനത്തില്‍ ന്യൂസിലണ്ടിനെ ഇന്ത്യന്‍ നിര 90 റണ്‍സിന് തകര്‍ത്തു. 325 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലണ്ട് 40.2 ഓവറില്‍ 234 റണ്‍സിന് പിന്നോട്ട്. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഇന്ത്യ ഒരുക്കിയ കൂറ്റന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലണ്ടിനായി ആദ്യം ഇറങ്ങിയത് മാര്‍ട്ടിന്‍ ഗുപ്റ്റില്‍കോളിന്‍ മണ്‍റോ സഖ്യമാണ്. രണ്ടു തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ വിട്ടുകളഞ്ഞ ഗുപ്റ്റില്‍ പുറത്താകുമ്പോള്‍ ന്യൂസീലന്‍ഡിന്റെ സ്‌കോര്‍ 23. 16 പന്തില്‍ രണ്ടു ബൗണ്ടറിയടക്കം 15 റണ്‍സെടുത്ത ഗുപ്റ്റിലിനെ ഭുവനേശ്വര്‍ കുമാര്‍ ചാഹലിന്റെ കൈയിലെത്തിക്കുകയായിരുന്നു.

അടിച്ചുതകര്‍ത്ത് മുന്നേറുകയായിരുന്ന കെയ്ന്‍ വില്ല്യംസണിന്റേതായിരുന്നു അടുത്ത ഊഴം. ഷമി എറിഞ്ഞ എട്ടാം ഓവറില്‍ സിക്‌സും ഫോറും അടിച്ച് മുന്നേറുകയായിരുന്ന വില്ല്യംസണിന് അഞ്ചാം പന്തില്‍ ഷമി മറുപടി കൊടുത്തു. ഇതോടെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 51 എന്ന നിലയിലായി ന്യൂസിലണ്ട്. 41 പന്തില്‍ 31 റണ്‍സടിച്ച മണ്‍റോ ചാഹലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. അടുത്തത് ധോനിയുടെ മിന്നല്‍ സ്റ്റമ്പിങ്ങായിരുന്നു. 25 പന്തില്‍ 22 റണ്‍സടിച്ച ടെയ്‌ലര്‍ പുറത്ത്. ഇതോടെ ന്യൂസിലണ്ട് നാല് വിക്കറ്റിന് 100 റണ്‍സെന്ന നിലയിലായി.

Top