ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് 16 റണ്‍സിന്റെ ജയം

ന്യൂസിലന്‍ഡ് ഇലവനെതിരായ മൂന്നാം പരിശീലന മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 16 റണ്‍സിന്റെ ജയം. 91 റണ്‍സെടുത്ത് പുറത്താകാതെ നിന്ന സ്റ്റീവ് സ്മിത്തും, 70 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്വെല്ലുമാണ് ഓസീസിനെ തകര്‍പ്പന്‍ ജയത്തിലേക്ക് നയിച്ചത്.

മത്സരത്തില്‍ ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് ഇലവന്‍ 111 റണ്‍സെടുത്ത യംഗിന്റേയും, 59 റണ്‍സെടുത്ത വര്‍ക്കറിന്റേയും ബാറ്റിംഗ് മികവില്‍ നിശ്ചിത 50 ഓവറുകളില്‍ 286/9 എന്ന സ്‌കോര്‍ നേടി. 32 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്ത പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയന്‍ ബോളിംഗിലും തിളങ്ങി.

വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് രണ്ട് റണ്‍സെടുത്ത ഡേവിഡ് വാര്‍ണറിന്റെ വിക്കറ്റ് തുടക്കം തന്നെ നഷ്ടമായി. ഖവാജ 23 റണ്‍സെടുത്ത് മടങ്ങി. മൂന്നാമത് ബാറ്റ് ചെയ്യാനെത്തിയ സ്മിത്തും, ആറാമനായെത്തിയ മാക്‌സ്വെല്ലും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ടീമിനെ മികച്ച നിലയിലെത്തിച്ചു. സ്മിത്ത് 108 പന്തില്‍ 10 ബൗണ്ടറികളടക്കം 91 റണ്‍സും, മാക്‌സ്വെല്‍ 48 പന്തില്‍ 70 റണ്‍സും നേടി. ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 44 ഓവറില്‍ 248/5 എന്ന നിലയില്‍ മഴ വീണ്ടും വില്ലനായി. ഈ സമയം ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 233 റണ്‍സായിരുന്നു. ഇതോടെ ഓസ്‌ട്രേലിയന്‍ ഇലവന്‍ മത്സരത്തില്‍ വിജയം നേടുകയായിരുന്നു.

Top