യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി ഭരണകൂടത്തെ പിടിച്ചുലക്കുന്ന നാടകീയ സംഭവവികാസങ്ങളാണ് ഇപ്പോൾ രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് സെലെൻസ്കി ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. യുദ്ധമുഖത്തെ തിരിച്ചടികൾക്കും സമാധാന ചർച്ചകൾക്കായുള്ള അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും നടുവിൽ നിൽക്കെ, സ്വന്തം ഭരണകൂടത്തെ തന്നെ പിടിച്ചുലച്ച വമ്പൻ അഴിമതിക്കഥകൾ സെലെൻസ്കിയെ “പെട്ട അവസ്ഥയിൽ” എത്തിച്ചിരുന്നു. ഈ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ് സെലെൻസ്‌കിയുടെ ഏറ്റവും വിശ്വസ്തനും യുക്രെയ്ൻ ഭരണത്തിലെ ‘യഥാർത്ഥ അധികാര കേന്ദ്രം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയുമായ ആൻഡ്രി ആൻഡ്രി യെർമാക്കിന്റെ രാജി. പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുള്ള അഴിമതി വിരുദ്ധ ഏജൻസിയായ നാബു, ഭരണകൂടത്തിലെ ഉന്നതർ ഉൾപ്പെട്ട വലിയൊരു അഴിമതിക്കേസ് അന്വേഷിക്കുന്നതിനിടയിലാണ് യെർമാക്കിന്റെ ഈ നിർണായക രാജി സംഭവിച്ചിരിക്കുന്നത്.
സെലെൻസ്‌കിയുടെ നിഴലായി 2010 മുതൽ കൂടെയുണ്ടായിരുന്ന വ്യക്തിയാണ് ആൻഡ്രി യെർമാക്. അന്നുമുതലേ ഇരുവരും സുഹൃത്തുക്കളായിരുന്നു. വിനോദ വ്യവസായ രംഗത്തെ അഭിഭാഷകനും നിർമ്മാതാവുമായിരുന്ന യെർമാക്, സെലെൻസ്‌കിയുടെ ‘സെർവന്റ് ഓഫ് ദി പീപ്പിൾ’ എന്ന ടിവി ഷോയുടെ നിർമ്മാണത്തിലും പങ്കാളിയായിരുന്നു. 2019-ൽ സെലെൻസ്‌കി പ്രസിഡന്റായപ്പോൾ, യെർമാക്ക് ഭരണകൂടത്തിന്റെ ഭാഗമാവുകയും ക്രമേണ വിദേശ നയരൂപീകരണത്തിലും ആഭ്യന്തര കാര്യങ്ങളിലും പിടിമുറുക്കുകയും ചെയ്തു. പലപ്പോഴും വിദേശനയങ്ങളിലും ആഭ്യന്തര തീരുമാനങ്ങളിലും അവസാന വാക്ക് യെർമാക്കിന്റേതായിരുന്നു. അന്നത്തെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ആൻഡ്രി ബോഗ്ദാനെ പുറത്താക്കി 2020 ഫെബ്രുവരിയിൽ യെർമാക് ആ സ്ഥാനം ഏറ്റെടുത്തു. പിന്നീട് പാർലമെന്റിലും നിയമപാലക ഏജൻസികളിലും യെർമാക്ക് തന്റെ സ്വാധീനം ഉറപ്പിക്കുകയായിരുന്നു.
ഈ കാരണങ്ങളൊക്കെ കൊണ്ടുതന്നെ, ഈ രാജി വെറുമൊരു സാധാരണ ഉദ്യോഗസ്ഥന്റെ പടിയിറക്കമല്ല. മറിച്ച്, യുക്രെയ്ൻ രാഷ്ട്രീയത്തിലെ നിർണ്ണായകമായ ഒരു വഴിത്തിരിവായാണ് റിപ്പോർട്ടുകൾ ഇതിനെ കാണുന്നത്. 53-കാരനായ യെർമാക്, സെലെൻസ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയിൽ ഭരണത്തിൽ അതീവ സ്വാധീനം ചെലുത്തിയിരുന്നു. “സെലെൻസ്‌കിയുടെ വലംകൈ” എന്നും “യുക്രെയ്‌നിലെ അധികാരം കയ്യാളുന്ന യഥാർത്ഥ വ്യക്തി” എന്നും മാധ്യമങ്ങൾ ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. സെലെൻസ്‌കിയുടെ അറിവോ സമ്മതമോ ഇല്ലാതെ യെർമാക് രാജ്യത്തെ സുപ്രധാന തീരുമാനങ്ങൾ എടുത്തിരുന്നുവെന്നും, പ്രസിഡന്റിന്റെ വിദേശയാത്രകളിലും നയതന്ത്ര ചർച്ചകളിലും ഔദ്യോഗിക നയതന്ത്രജ്ഞരെക്കാൾ പ്രാധാന്യം യെർമാക്കിന് ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
എന്താണ് ഈ അഴിമതി വിവാദം എന്ന് പരിശോധിക്കാം. യുക്രെയ്‌നിലെ ആണവോർജ്ജ കമ്പനിയായ ‘എനർഗോആറ്റം’ കേന്ദ്രീകരിച്ച് നടന്ന ഏകദേശം 100 ദശലക്ഷം ഡോളറിന്റെ അഴിമതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ സാധാരണ ജനങ്ങൾ വൈദ്യുതി ക്ഷാമം മൂലം വലയുമ്പോൾ, സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിൽ നിന്ന് വൻതുക തട്ടിയെടുത്തു എന്നാണ് ആരോപണം. ഈ അഴിമതി ശൃംഖലയ്ക്ക് നേതൃത്വം നൽകിയത് സെലെൻസ്‌കിയുടെ മുൻ ബിസിനസ് പങ്കാളിയായ തിമൂർ മിൻഡിച്ച് ആണെന്ന് കരുതപ്പെടുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്തുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മിൻഡിച്ച് ഇസ്രയേലിലേക്ക് കടന്നുകളഞ്ഞു. ഇദ്ദേഹത്തിന്റെ വസതിയിൽ നടന്ന റെയ്ഡിനിടെ പകർത്തിയ ചിത്രങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ അഴിമതി ശൃംഖലയിലെ സുപ്രധാന കണ്ണിയാണ് ആൻഡ്രി യെർമാക്. നാബു ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ ലഭിച്ച തെളിവുകളും ഫോൺ റെക്കോർഡിംഗുകളും ഇതിലേക്കാന് വിരൽ ചൂണ്ടുന്നത്. അഴിമതി സംഘത്തിനിടയിൽ “അലി ബാബ” എന്ന രഹസ്യപ്പേരിലാണ് യെർമാക് അറിയപ്പെട്ടിരുന്നത് എന്ന് പ്രതിപക്ഷ എംപി യാരോസ്ലാവ് ഷെലെസ്‌നിയാക് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന്റെ പേരായ ആൻഡ്രി ബോറിസോവിച്ച് എന്നതിലെ വാക്കുകൾ ചേർത്താണ് ഈ കോഡ് നാമം ഉപയോഗിച്ചിരുന്നത്. അഴിമതിയെക്കുറിച്ച് യെർമാക്കിന് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം ഇതിൽ പങ്കാളിയായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. 2025 നവംബർ 28 ന് രാവിലെ നാബു ഉദ്യോഗസ്ഥർ യെർമാക്കിന്റെ അപ്പാർട്ട്‌മെന്റിൽ റെയ്ഡ് നടത്തുകയുണ്ടായി.
‘എനർഗോആറ്റം’ അഴിമതിക്കഥകൾ പുറത്തുവന്നതോടെ തന്നെ യെർമാക്കിന്റെ നില പരുങ്ങലിലായിരുന്നു. സെലെൻസ്‌കിയുടെ സ്വന്തം പാർട്ടിയായ ‘സെർവന്റ് ഓഫ് ദി പീപ്പിൾ’സിലെ എംപിമാർ പോലും യെർമാക്കിനെതിരെ തിരിഞ്ഞു. യെർമാക്കിനെ പുറത്താക്കിയില്ലെങ്കിൽ പാർട്ടി വിടുമെന്ന് അവർ സെലെൻസ്‌കിക്ക് അന്ത്യശാസനം നൽകി. തുടക്കത്തിൽ തന്റെ വിശ്വസ്തനെ സംരക്ഷിക്കാൻ സെലെൻസ്‌കി ശ്രമിച്ചെങ്കിലും, അഴിമതി വിരുദ്ധ ഏജൻസിയുടെ നീക്കങ്ങൾ ശക്തമായതോടെയും അന്താരാഷ്ട്ര തലത്തിൽ നിന്നുള്ള സമ്മർദ്ദം ഏറിയതോടെയും യെർമാക്കിന് രാജിവെക്കേണ്ടതായി വന്നു.
യുദ്ധരംഗത്ത് തിരിച്ചടികൾ നേരിടുന്ന സമയത്തുണ്ടായ ഈ അഴിമതി വിവാദം യുക്രെയ്ൻ ഭരണകൂടത്തിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് സമ്മർദ്ദം ഏറുന്ന സമയമാണിത്. യുക്രെയ്‌ലേക്ക് ഇനിയും പണമൊഴുക്കാൻ അന്താരാഷ്ട്ര സമൂഹം മടിക്കുന്നതിന്റെ പ്രധാന കാരണം ഇത്തരം അഴിമതികളാണ്.
സെലെൻസ്‌കിയുടെ ഉറ്റ സുഹൃത്തും ബിസിനസ് പങ്കാളിയുമായ തിമൂർ മിൻഡിച്ച് അഴിമതിക്കേസിൽ പിടിയിലാകുമെന്ന് ഉറപ്പായപ്പോൾ ഇസ്രയേലിലേക്ക് കടന്നുകളഞ്ഞതും, മിൻഡിച്ചിന്റെ വസതിയിൽ നിന്ന് പിടിച്ചെടുത്ത ‘ഗോൾഡൻ ടോയ്‌ലറ്റ്’ ഇമേജ് പോലുള്ള ആഡംബരങ്ങളും അന്താരാഷ്ട്ര തലത്തിൽ യുക്രെയ്ൻ ഭരണകൂടത്തെ നാണംകെടുത്തിയിട്ടുണ്ട്. ഇതോടെ വിദേശസഹായം അഴിമതിക്കാരുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്ന തിരിച്ചറിവ് സെലെൻസ്‌കിയെ, സഖ്യകക്ഷികൾക്കിടയിൽ ഒറ്റപ്പെടുത്തികളഞ്ഞു. സമാധാന ചർച്ചകൾക്ക് പെട്ടെന്നുണ്ടായ വേഗതയ്ക്ക് പിന്നിൽ, അഴിമതി മൂലം നഷ്ടപ്പെടുന്ന അന്താരാഷ്ട്ര പിന്തുണ തിരിച്ചുപിടിക്കാനുള്ള സെലെൻസ്‌കിയുടെ ശ്രമമാണെന്നും നിരീക്ഷിക്കപ്പെടുന്നു. ഇക്കാലമത്രയും തന്റെ വലംകൈയായി പ്രവർത്തിച്ച യെർമാക്കിന്റെ രാജി സെലെൻസ്‌കിയുടെ രാഷ്ട്രീയ ഏകാന്തത പൂർണ്ണമാക്കുകയാണ്.
യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾക്ക് പെട്ടെന്ന് വേഗത കൈവന്നത്, അഴിമതിക്കറ പുരണ്ട ഭരണകൂടത്തെ ഇനിയും താങ്ങിനിർത്താൻ പാശ്ചാത്യ ശക്തികൾക്ക് താൽപ്പര്യമില്ലെന്ന സന്ദേശമാണ് നൽകുന്നത്. വിശ്വസ്തരെല്ലാം അഴിമതിക്കേസുകളിൽ കുടുങ്ങുകയോ നാടുവിടുകയോ ചെയ്തതോടെ, യുദ്ധത്തിൽ തകർന്ന ഒരു രാജ്യത്തിന്റെ നടുവിൽ, രാഷ്ട്രീയമായി തീർത്തും ഒറ്റപ്പെട്ട ഒരു ഭരണാധികാരിയായി സെലെൻസ്‌കി മാറിയിരിക്കുന്നു. യെർമാക്കിന്റെ പടിയിറക്കം സൂചിപ്പിക്കുന്നത് സെലെൻസ്‌കി യുഗത്തിന്റെ അസ്തമയത്തെക്കൂടിയാകാം.
EXPRESS VIEW
വീഡിയോ കാണാം;






