ജപ്പാനിലെ ആ പഴയ ‘പഞ്ച്’ എന്ന കുരങ്ങുക്കുഞ്ഞിനെ ഓർമ്മയുണ്ടോ? അമ്മ ഉപേക്ഷിച്ചപ്പോൾ ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ചുറങ്ങുന്ന പഞ്ചന്റെ ചിത്രം ലോകത്തിന്റെ കണ്ണ് നനയിച്ചിരുന്നു. അത്തരമൊരു ഹൃദയസ്പർശിയായ കാഴ്ച വീണ്ടും ലോകത്തിന് മുന്നിലെത്തിയിരിക്കുകയാണ്. മെക്സിക്കോയിലെ ഗ്വാഡലജാര മൃഗശാലയിൽ നിന്നുള്ള ‘യുജി’ എന്ന പട്ടാസ് കുരങ്ങുക്കുഞ്ഞാണ് ഇന്ന് സോഷ്യൽ മീഡിയയിലെ പുതിയ താരം. ജീവനുള്ള അമ്മയ്ക്ക് പകരം ഒരു നായക്കുട്ടിയുടെ പാവയെ മാറോട് ചേർത്ത് പിടിച്ചു കഴിയുന്ന യുജിയുടെ കഥ സ്നേഹത്തിന്റെയും അതിജീവനത്തിന്റെയും പുതിയൊരു അധ്യായമാണ് തുറക്കുന്നത്.
വെറും 673 ഗ്രാം മാത്രം ഭാരമുള്ള ഈ കുഞ്ഞൻ പ്രൈമേറ്റ്, ജനിച്ച് നിമിഷങ്ങൾക്കുള്ളിലാണ് ഒറ്റപ്പെട്ടുപോയത്. യുജിയുടെ അമ്മ കമാരിയ പ്രസവത്തിന് തൊട്ടുപിന്നാലെ അസ്വാഭാവികമായി പെരുമാറാൻ തുടങ്ങി. സ്വന്തം കുഞ്ഞിനെ എങ്ങനെ കൈകളിൽ ഒതുക്കിപ്പിടിക്കണമെന്നോ അവന് മുലപ്പാൽ നൽകണമെന്നോ അവൾക്കറിയില്ലായിരുന്നു. അമ്മയുടെ മാറിലേക്ക് പറ്റിപ്പിടിക്കാൻ യുജി പണിപ്പെട്ടെങ്കിലും കമാരിയ അവനെ നിരസിച്ചു. ഒടുവിൽ, കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമെന്ന് കണ്ട മൃഗശാല അധികൃതർക്ക് കഠിനമായ ആ തീരുമാനമെടുക്കേണ്ടി വന്നു; അമ്മയിൽ നിന്നും കുഞ്ഞിനെ വേർപെടുത്തുക.
Also Read: ഇസ്രയേൽ–ലെബനൻ വെടിനിർത്തൽ; യുദ്ധത്തിനിടയിലെ നിസ്സാരമല്ലാത്ത ഇടവേള
അമ്മയുടെ ചൂടിന് പകരമായി മൃഗശാലയിലെ ഡോക്ടർമാർ അവന് നൽകിയത് മൃദുവായ ഒരു പാവ നായക്കുട്ടിയെയായിരുന്നു. ഒരു കളിപ്പാട്ടത്തിനപ്പുറം, ആ പാവ യുജിക്ക് അവന്റെ ലോകമാണ്. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അവൻ ആ പാവയിൽ മുറുകെ പിടിച്ചിരിക്കും. അമ്മയുടെ രോമങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന അതേ സുരക്ഷിതബോധം ആ പാവയിലൂടെ അവന് ലഭിക്കുന്നുണ്ടെന്ന് മൃഗശാലയിലെ വെറ്ററിനറി ഡോക്ടർ ഇവാൻ റെയ്‌നോസോ റൂയിസ് പറയുന്നു. ശുചിത്വം ഉറപ്പാക്കുന്നതിനായി ഒരു കരടിപ്പാവയെയും മറ്റൊരു കുരങ്ങൻ പാവയെയും മാറി മാറി അവന് നൽകാറുണ്ടെങ്കിലും, തന്റെ ‘വാടക അമ്മ’യായ ആ പാവ നായക്കുട്ടിയോടാണ് യുജിക്ക് കൂടുതൽ പ്രിയം.
നിലവിൽ സിംബാ എന്ന മെഡിക്കൽ സെന്ററിലെ ഇൻകുബേറ്ററിനുള്ളിലാണ് യുജിയുടെ താമസം. 12 പേരടങ്ങുന്ന വിദഗ്ധ സംഘം 24 മണിക്കൂറും ഈ കുഞ്ഞന്റെ സുരക്ഷയ്ക്കായി കാവലുണ്ട്. ഒരു ജാപ്പനീസ് മാംഗ കഥാപാത്രത്തിന്റെ പേരാണ് അവന് നൽകിയിരിക്കുന്നത്. ദിവസേന നാല് തവണ കുപ്പിപ്പാൽ നൽകുന്നതിനൊപ്പം അവന്റെ ശാരീരിക വളർച്ചയ്ക്കായി ചെറിയ തൂക്കുപാലങ്ങളും കയറുകളും കൂട്ടിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ഗ്രാം ഭാരം കൂടുമ്പോഴും മൃഗശാലാ പ്രവർത്തകർക്ക് അത് വലിയൊരു വിജയത്തിന്റെ അടയാളമാണ്.
എങ്കിലും, യുജിയുടെ ഭാവി അത്ര ലളിതമല്ല. തന്റെ വംശത്തിലെ മറ്റ് 12 മുതിർന്ന പട്ടാസ് കുരങ്ങുകൾക്കൊപ്പം അവനെ എപ്പോൾ ചേർക്കാനാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. കുപ്പിപ്പാൽ മാറ്റി പഴങ്ങളും പച്ചക്കറികളും കഴിച്ചു തുടങ്ങുന്ന ഘട്ടത്തിൽ മാത്രമേ അവനെ മറ്റുള്ളവർക്കൊപ്പം വിടാൻ സാധിക്കൂ. ഏകദേശം ആറ് മാസം പ്രായമാകുമ്പോൾ ഈ മാറ്റം സംഭവിക്കുമെന്നാണ് കരുതപ്പെടുന്നത്. പാവക്കുട്ടിയെ കെട്ടിപ്പിടിച്ചു വളരുന്ന യുജിക്ക് തന്റെ വർഗത്തിലെ മറ്റ് കുരങ്ങുകളുമായി എങ്ങനെ ഇണങ്ങിച്ചേരാനാകും എന്ന ആശങ്കയും അധികൃതർ പങ്കുവെക്കുന്നുണ്ട്.

ഈ വിഷയത്തിൽ വലിയൊരു തർക്കം തന്നെ ലോകമെമ്പാടും നടക്കുന്നുണ്ട്. മൃഗങ്ങളെ അവയുടെ സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ തന്നെ വളരാൻ അനുവദിക്കണമെന്നും, ഇത്തരം ‘അസിസ്റ്റഡ് റിയറിംഗ്’ രീതികൾ പ്രകൃതിവിരുദ്ധമാണെന്നും മൃഗാവകാശ പ്രവർത്തകർ വാദിക്കുന്നു. മൃഗങ്ങൾക്ക് അവയുടെ സ്വാഭാവികമായ വികാരങ്ങളും ബന്ധങ്ങളും നഷ്ടപ്പെടുത്തുന്നത് ശരിയല്ലെന്ന് ഡയാന വലൻസിയയെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം കൃത്രിമമായ വളർത്തൽ രീതികൾ മൃഗങ്ങളുടെ സ്വാഭാവിക പെരുമാറ്റത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ, ഈ വിമർശനങ്ങളെ മൃഗശാല അധികൃതർ പ്രതിരോധിക്കുന്നത് മറ്റൊരു കാഴ്ചപ്പാടിലൂടെയാണ്. വംശനാശഭീഷണി നേരിടുന്ന പട്ടാസ് കുരങ്ങുകളെ സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്ന് ഇവാൻ റെയ്‌നോസോ പറയുന്നു. കാട്ടിലായിരുന്നുവെങ്കിൽ അമ്മുപേക്ഷിച്ച യുജി ഇതിനോടകം തന്നെ മരണത്തിന് കീഴടങ്ങുമായിരുന്നു. ആധുനിക മൃഗശാലകൾ കേവലം പ്രദർശന കേന്ദ്രങ്ങളല്ല, മറിച്ച് വംശനാശം നേരിടുന്ന ജീവികൾക്ക് ലഭിക്കുന്ന ‘രണ്ടാമത്തെ ജന്മം’ ആണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. യുജിയുടെ കാര്യത്തിൽ ഇടപെടൽ എന്നത് അവന്റെ ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നേർത്ത നൂൽപ്പാലമായിരുന്നു.
എന്തൊക്കെ തർക്കങ്ങൾ നടന്നാലും, ഒരു പാവക്കുട്ടിയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന ആ 673 ഗ്രാം തൂക്കമുള്ള കുഞ്ഞിന്റെ ചിത്രം ഏവരുടെയും ഉള്ളുലയ്ക്കുന്നതാണ്. സ്നേഹം എന്നത് രക്തബന്ധങ്ങളിൽ മാത്രമല്ല, ചിലപ്പോൾ മൃദുവായ ഒരു തുണിപ്പാവയിലൂടെയും ഒരാൾക്ക് ലഭിക്കുമെന്ന് യുജി തെളിയിക്കുന്നു. വരും മാസങ്ങളിൽ യുജി തന്റെ പാവയെ ഉപേക്ഷിച്ച് സ്വന്തം കൂട്ടുകാരോടൊപ്പം കാടിന്റെ സ്വപ്നങ്ങളിലേക്ക് ചേക്കേറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അതുവരെ, ലോകമെമ്പാടുമുള്ള പ്രകൃതിസ്നേഹികളുടെ പ്രാർത്ഥനകളിൽ ഈ കുഞ്ഞൻ കുരങ്ങും അവന്റെ പാവക്കൂട്ടുകാരനും ഉണ്ടാകും.






