പന്തളം: കുരമ്പാലയിൽ യുവാവിനെ എംഡിഎംഎയുമായി ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പിൽ അനി (35) ആണ് പിടിയിലായത്. കുരമ്പാലയിൽ മാധവി പലചരക്കു പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
Also Read: എംഡിഎംഎ വിൽപന നടത്തി; ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പിടിയിൽ
കടയുടമ പ്രദീപിന്റെ ബന്ധുവാണ് പ്രതി അനി. പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വിൽക്കുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും മൂന്ന് ഗ്രാമോളം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യന്നതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാൾ ബന്ധു വീട്ടിൽ പോകുന്ന സമയം നോക്കി സിസിടിവി ഓഫാക്കും. തുടർന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. ബന്ധു തിരികെ വരുമ്പോഴേക്കും സിസിടിവി ഓണാക്കുകയും ചെയ്യും. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.