ശാസ്താംകോട്ട: മൈനാഗപ്പള്ളി മണ്ണൂർക്കാവിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് രാജീവിനെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി ദിയ ഭവനിൽ ശ്യാമ (26) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി 9 മണിയോടെയണ് വീടിനുള്ളിൽ തറയിൽ കിടക്കുന്ന നിലയിൽ ശ്യാമയെ കണ്ടത്. ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ വാഹനം പിടിച്ച് തരണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് വീടിന് സമീപം ഉത്സവം നടക്കുന്ന ക്ഷേത്ര പരിസരത്ത് എത്തിയപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Also Read: മധ്യവയസ്കനെ കാപ്പ കേസ് പ്രതി അടിച്ചുകൊന്നു
സംഭവത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ച് രംഗത്തെത്തിയതോടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. കഴുത്ത് ഞെരിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞതോടെ പോലീസ് രാജീവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പോലീസിന്‍റെ ചോദ്യം ചെയ്യലിൽ ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് രാജീവ് മൊഴി നൽകി. കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.