തിരുവനന്തപുരം: പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിനിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം കന്യാകുളങ്ങരയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. കന്യാകുളങ്ങര കൈതറക്കോണം സ്വദേശിനിയും നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയുമായ സൈനയ്ക്ക് (16) നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പനവൂർ സ്വദേശിയായ സഹദ് (21) എന്ന യുവാവിനായി വട്ടപ്പാറ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
കഴുത്തിലും മുതുകിലും വയറ്റിലും കുത്തേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ മുതുകിലെ മുറിവ് ആഴത്തിലുള്ളതാണെങ്കിലും പരിക്കുകൾ നിലവിൽ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ നിന്നും ടെക്‌സ്റ്റ് ബുക്ക് വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയം വീടിന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്ന സഹദ്, പെൺകുട്ടിയെ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. കുത്തിവീഴ്ത്തിയ ശേഷം പ്രതിയായ സഹദ് സ്ഥലത്തുനിന്നും കാറിൽ കയറി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത വട്ടപ്പാറ പോലീസ് പ്രതിക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.





