ഇരട്ട പെണ്‍കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയ യുവാവ് അറസ്റ്റില്‍

ഇരട്ട പെണ്‍കുഞ്ഞുങ്ങളെ കൊന്ന് കുഴിച്ച് മൂടിയ യുവാവ് അറസ്റ്റില്‍

ദില്ലി: ജനിച്ച് മൂന്ന് ദിവസം മാത്രമായ നവജാത ശിശുക്കളെ കൊന്ന് കുഴിച്ച് മൂടിയ യുവാവും കുടുംബാംഗങ്ങളും അറസ്റ്റില്‍. ദില്ലി ക്രൈം ബ്രാഞ്ചാണ് പൂത്ത് കാലാന്‍ സ്വദേശിയായ 32കാരന്‍ നീരജ് സോളങ്കിയും മാതാപിതാക്കളുമാണ് അറസ്റ്റിലായിട്ടുള്ളത്. ഹരിയാനയിലെ റോഹ്തക്കിലെ സാംപ്‌ളയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. അറസ്റ്റ് ഒഴിവാക്കാനായി വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു നീരജ് സോളങ്കി. ജൂണ്‍ 3നാണ് നവജാത ഇരട്ടകളെ കൊന്ന് കുഴിച്ച് മൂടിയതായുള്ള രഹസ്യ വിവരം ക്രൈം ബ്രാഞ്ചിന് ലഭിക്കുന്നതെന്നാണ് ക്രൈം ഡിസിപി അമിത് ഗോയല്‍ വിശദമാക്കുന്നത്. മൃതദേഹം കുഴിച്ചിട്ട സ്ഥലവും രഹസ്യവിവരത്തില്‍ വിശദമാക്കിയിരുന്നു. ഇതിന് പിന്നാലെ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി വാങ്ങി നടത്തിയ പരിശോധനയിലാണ് ഇരട്ട കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 6നായിരുന്നു സംഭവം. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി നീരജ് സോളങ്കിയുടെ ഭാര്യാ സഹോദരന് പൊലീസ് വിട്ടുനല്‍കി. ഇതിന് പിന്നാലെ കുഞ്ഞുങ്ങളുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ദില്ലി സര്‍വ്വലാശാലയില്‍ നിന്നുള്ള ബിരുദധാരിയായ യുവാവ് നിരവധി കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. 2022ലാണ് ഇയാളുടെ വിവാഹം കഴിയുന്നത്. വിവാഹ ശേഷം സ്ത്രീധനത്തിന്റ പേരില്‍ നീരജ് സോളങ്കിയുടെ ഭാര്യയെ ഭര്‍തൃമാതാപിതാക്കള്‍ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഇതിനിടയിലാണ് യുവതി ഗര്‍ഭിണിയായത്. ഇതോടെ യുവതിയുടെ ഗര്‍ഭത്തിന്റെ ലിംഗ നിര്‍ണയം അടക്കം ഭര്‍ത്താവിന്റെ കുടുംബം നടത്തിയിരുന്നു. ഇരട്ട പെണ്‍കുട്ടികള്‍ പിറന്നതോടെ ക്ഷുഭിതരായ നീരജും മാതാപിതാക്കളും മൂന്ന് ദിവസം പ്രായമായ കുട്ടികളെ യുവതിയുടെ അടുത്ത് നിന്നും എടുത്ത് കൊണ്ട് പോയിരുന്നു. പിന്നാലെ കുട്ടികള്‍ അസുഖ ബാധിതരായി മരിച്ചുവെന്നാണ് ഇവര്‍ യുവതിയോട് വിശദമാക്കിയത്. പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ സിം കാര്‍ഡുകള്‍ മാറ്റി ഒളിവില്‍ പോയ നീരജിനെ ടെക്‌നിക്കല്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കണ്ടെത്തിയത്.

Top