മലയാളികൾ ഒരുപാട് ഇഷ്ട്ടപ്പെടുന്ന ഒരു പച്ചക്കറിയാണ് ചീര. പല വെറൈറ്റി ചീരകൾ ഉണ്ട്, പച്ച, ചുവപ്പ്, പട്ടുചീര, വള്ളിച്ചീര തുടങ്ങിയവ. കൂടുതലായും ചുവപ്പ് കളർ ചീരയാണ് നാം ഉപയോഗിക്കുന്നത്. വർഷം മുഴുവനും ചീര നടാമെങ്കിലും ജൂൺ, ജൂലായ്, ഒക്ടോബർ, നവംബർ മാസങ്ങളാണ് കൃഷിക്ക് ഉത്തമം. നനയ്ക്കാൻ സൗകര്യമുണ്ടെങ്കിൽ വേനൽക്കാലത്തും ചീര കൃഷി ചെയ്യാം.
കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ച് പുറത്തിറക്കിയ വിവിധ ചീരയിനങ്ങളാണ് കണ്ണാറ ലോക്കൽ, അരുൺ, മോഹിനി, കൃഷ്ണ ശ്രീ, രേണു ശ്രീ എന്നിവ. ഇതിൽ കണ്ണാറ ലോക്കൽ, അരുൺ എന്നിവ ചുവന്നയിനമാണ്. കണ്ണാറ ലോക്കൽ നവംബർ, സിസംബറിൽ മാസമാകുമ്പോൾ പുഷ്പിക്കുമെന്നതിനാൽ ഈ അവസരത്തിൽ മറ്റിനങ്ങൾ നടുന്നതാണ് ഉത്തമം. കോ… 1 , കോ …2 എന്നീ തമിഴ്‌നാട് ഇനങ്ങൾ പച്ചയിനങ്ങളാണ്. മോഹിനി നല്ല പച്ചച്ചീരയാണ്. നല്ല സൂര്യപ്രകാശം കിട്ടുന്ന തുറസ്സായ ഭാഗത്താണ് ചീരയുടെ വിത്തിടേണ്ടത്. കൃഷിയിടത്തിൽ നേരിട്ട് വിത്ത് വിതറിയോ , നഴ്‌സറിയിൽ വിത്തിട്ട് തൈകൾ തയ്യാറാക്കി പിഴുതു നട്ടോ ചീര വളർത്താം. ചീര അടുക്കളത്തോട്ടത്തിൽ ചാക്കിലും ചെടിച്ചട്ടിയിലുമായി നടാം. ടെറസ്സിലും കൃഷി ചെയ്യാം.
നേരിട്ടു പാകുമ്പോൾ വിത്ത് കൂടുതൽ വേണ്ടി വരും. ഒന്നൊന്നര മീറ്റർ വീതിയുള്ള തവാരണയുണ്ടാക്കി എട്ട്- പത്ത് സെന്റീമീറ്റർ അകലത്തിലുള്ള വരികളിലായി ചീര വിത്തിടണം . ഒരു സെന്റിലേക്ക് അഞ്ച് ഗ്രാം ചീര വിത്തെങ്കിലും വേണം. വിത്ത് വിതറുമ്പോൾ, മണൽ ചേർക്കണം. ഉറുമ്പു ശല്യം തീർക്കാൻ അരിപ്പൊടി , മഞ്ഞൾപ്പൊടി എന്നിവ കലർത്തി വിത്തിടണം. വിത്തിട്ട് ചപ്പിലയാൽ പുതയിടണം. രണ്ടു നേരവും നന നിർബന്ധമാണ്. വെള്ളം കെട്ടി നിന്ന് ചെടി ചീയാൻ ഇടവരരുത്. നാലഞ്ചില വന്നാൽ, അതായത് മൂന്നു നാലാഴ്ചയായാൽ ചെടി പിഴുത് നടണം .
നന്നായി കിളച്ചിളക്കി പാകപ്പെടുത്തിയ സ്ഥലത്ത് 30 മുതൽ 40 സെ.മീറ്റർ അകലത്തിൽ ചെറിയ ചാലുകളുണ്ടാക്കി തൈ നടണം. ചുവന്ന ചീരയും പച്ചച്ചീരയും ഇടകലർത്തി നട്ടാൽ രോഗബാധ കുറയും. ഓരോ ചാലിലെ വരികളിലെ തൈകൾ തമ്മിൽ 20 സെ.മീറ്റർ അകലമാവാം. തൈകൾ വെയിലാറി വൈകീട്ടാണ് നടേണ്ടത്. പാക്യജനകമടങ്ങിയ യൂറിയ പോലെയുള്ള വളങ്ങൾ ചീരയിൽ വിളവു കൂട്ടും. എന്നാൽ ജൈവവളങ്ങൾ ചേർത്താലും നല്ല വിളവുറപ്പാണ്. ചീരക്കിടയിലെ കള നീക്കണം.
ALSO READ: ഇത്തവണ സദ്യ ഇലയിൽ പൈനാപ്പിൾ അച്ചാർ വിളമ്പിയാലോ?
ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക് ( നിലക്കടലപ്പിണ്ണാക്ക് ), വേപ്പിൻ പിണ്ണാക്ക് കാലിവളം , ആട്ടിൻ കാഷ്ഠം , മണ്ണിര വളം , മണ്ണിര ടോണിക്ക് (വെർമി വാഷ് )എന്നിവയും ചീരയ്ക്കു നല്ലതാണ്. ചീരയിൽ രോഗ കീട ശല്യം വരാറുണ്ട്. കഴിയുന്നതും രാസമരുന്നു പ്രയോഗം ഒഴിവാക്കി കീടങ്ങളെ പിടിച്ച് നശിപ്പിക്കുന്ന നടപടിയാണ് നല്ലത്. എന്നാൽ വലിയ തോതിൽ ചീര നടുമ്പോഴിത് പ്രയാസകരമാണ് .
ഒരു സെന്റിൽ ഏകദേശം നൂറോളം തൈകൾ നടാം. ഇങ്ങനെ നടുന്നയവസരത്തിൽ 200 കി.ഗ്രാം ചാണകം, 215 ഗ്രാം യൂറിയ, 1250 ഗ്രാം സൂപ്പർ ഫോസ്‌ഫേറ്റ്, 3333 ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ ചേർക്കണം. തൈ നട്ട് രണ്ട് ആഴ്ചയായാൽ 215 ഗ്രാം യൂറിയ മാത്രമായി നല്കണം. ആദ്യ വിളവെടുപ്പിനു ശേഷം ഇലയിൽ യൂറിയ തളിക്കുന്ന രീതിയും പ്രചാരത്തിലുണ്ട്. പത്ത് ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒരു ശതമാനം ലായിനി ഇലകളിൽ തളിക്കണം. ചീര വിളവെടുത്ത ശേഷം ഗോമൂത്രം, ചാണകം എന്നിവ പച്ച വെള്ളത്തിൽ ചേർത്ത തെളി ചുവട്ടിലൊഴിക്കുന്നതും ചീരയിൽ തളിക്കുന്നതും നല്ല വിളവു കിട്ടാൻ ഗുണം ചെയ്യും.
ALSO READ: ഓണസദ്യക്ക് കാളൻ ഇല്ലാതെങ്ങനാ; റെസിപ്പി ഇതാ
പുളിപ്പിച്ച കടലപ്പിണ്ണാക്ക് , ബയോഗ്യാസ് സ്ലറി, ഗോമൂത്രം ഇവ നേർപ്പിച്ച് മേൽവളമായി ചേർക്കാം. ജീവാമൃതം പത്ത് ദിവസത്തിൽ ഒരിക്കൽ നൽകണം. ചീരയിൽ കൂടുകെട്ടി പുഴുക്കൾ രൂക്ഷമായാൽ ഇല നുള്ളി പുഴുക്കളെ നശിപ്പിക്കണം. ആക്രമണം രൂക്ഷമായാൽ മാലത്തയോൺ ഒരു ശതമാനം വീര്യത്തിൽ തളിക്കണം. പുള്ളിക്കുത്ത് രോഗത്തിനെതിരെ മുപ്പത്തിരണ്ട് ഗ്രാം മഞ്ഞൾ പൊടിയും ഏട്ട് ഗ്രാം ബാർ സോപ്പ് ചീകിയതും വെള്ളത്തിൽ ചേർത്ത് ഇലയിൽ തളിക്കുക.






