റോഡുകളിലും നടപ്പാതകളിലും വെച്ച് അനധികൃതമായി വാഹനങ്ങൾ കഴുകുന്ന പ്രവണത തടയാൻ അബുദാബി സിറ്റി മുനിസിപ്പാലിറ്റി ശക്തമായ ബോധവൽക്കരണ പ്രചാരണത്തിന് തുടക്കമിട്ടു. താമസമേഖലകളിലും വീടുകൾക്ക് സമീപവും അശാസ്ത്രീയമായി വാഹനങ്ങൾ കഴുകുന്നത് റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടാനും നഗരത്തിന്റെ വൃത്തിയും ഭംഗിയും നശിക്കാനും ഇടയാക്കുന്ന സാഹചര്യത്തിലാണ് അധികൃതർ ഈ നടപടിയുമായി മുന്നോട്ടുവന്നത്.
‘നമ്മുടെ വീട്, നമ്മുടെ ഉത്തരവാദിത്തം’ എന്ന പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ വിവിധ താമസമേഖലകളിൽ നേരിട്ടെത്തി നിവാസികൾക്ക് നിർദേശങ്ങൾ നൽകി വരുന്നുണ്ട്. അനുമതിയില്ലാത്ത സ്ഥലങ്ങളിൽ വാഹനം കഴുകുന്നതിന്റെ അപകടങ്ങളും നഗര സൗന്ദര്യ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്നതിനൊപ്പം അംഗീകൃത സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാൻ പൊതുജനങ്ങളോട് അധികൃതർ ആഹ്വാനം ചെയ്തു.






