“പണം കൊടുത്ത് പാലക്കാടിനെ വാങ്ങാനാവില്ല”; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

പണം കൊടുത്ത് പാലക്കാടിനെ വാങ്ങാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അവിടുത്തെ ജനങ്ങൾ പണത്തെയും ബിജെപിയെയും ഒരുപോലെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു

“പണം കൊടുത്ത് പാലക്കാടിനെ വാങ്ങാനാവില്ല”; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ
“പണം കൊടുത്ത് പാലക്കാടിനെ വാങ്ങാനാവില്ല”; ബിജെപിക്കെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെ വോട്ടർമാർക്ക് പണം നൽകിയെന്ന ആരോപണത്തിൽ ബിജെപിയെയും ശോഭാ സുരേന്ദ്രനെയും രൂക്ഷമായി വിമർശിച്ച് വടകര എംപി ഷാഫി പറമ്പിൽ രംഗത്തെത്തി. പണം കൊടുത്ത് പാലക്കാടിനെ വാങ്ങാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്നും അവിടുത്തെ ജനങ്ങൾ പണത്തെയും ബിജെപിയെയും ഒരുപോലെ തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. പരാജയം സമ്മതിച്ചതുകൊണ്ടാണ് ബിജെപി ഇത്തരം അധാർമ്മിക മാർഗങ്ങൾ സ്വീകരിക്കുന്നതെന്നും ഷാഫി ആരോപിച്ചു.

നേരായ മാർഗത്തിലൂടെ ജയിക്കാൻ കഴിയില്ലെന്ന് ബിജെപിക്ക് ബോധ്യപ്പെട്ടതായി ഷാഫി പറമ്പിൽ ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നേരിട്ട് വന്ന് പ്രചാരണം നടത്തിയിട്ടും വോട്ടർമാർക്ക് പണം നൽകേണ്ടി വരുന്നത് ബിജെപിയുടെ തകർച്ചയെയാണ് കാണിക്കുന്നത്. സ്ഥാനാർഥി തന്നെ നേരിട്ട് മൂന്നും നാലും വാഹനങ്ങളുടെ അകമ്പടിയോടെ എത്തി പണം വിതരണം ചെയ്തത് അതീവ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിനും ജനങ്ങൾക്കും പുല്ലുവില കൽപ്പിക്കുന്ന നടപടിയാണിത്. പാലക്കാട് ശോഭാ സുരേന്ദ്രൻ വോട്ടർക്ക് പണം നൽകിയ സംഭവത്തിൽ രേഖാമൂലം പരാതി നൽകുമെന്നും അവരെ അയോഗ്യയാക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. “മാറാത്തത് ഇനി മാറും” എന്ന് ബിജെപി പറഞ്ഞത് ഈ പണമൊഴുക്കിനെ കുറിച്ചാണോ എന്ന് അദ്ദേഹം പരിഹസിച്ചു. എത്ര പണം ഒഴുക്കിയാലും പാലക്കാടിൻ്റെ മനസ്സ് മാറില്ലെന്നും ജനാധിപത്യം വിജയിക്കുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Share Email
Top