യുഎഇയിലെ പൗരന്മാർക്ക് പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും ഇനി ഒരുമിച്ച് പുതുക്കാനുള്ള പുതിയ സേവനം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) ആരംഭിച്ചു. ഭരണപരമായ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ തീരുമാനം. പുതിയ സേവനം വരുന്നതോടെ, പൗരന്മാർക്ക് ഈ രണ്ട് സുപ്രധാന രേഖകളും വെവ്വേറെ പുതുക്കേണ്ട ബുദ്ധിമുട്ടും, വ്യത്യസ്ത കാലഹരണ തീയതികൾ ഓർമിച്ചു വയ്‌ക്കേണ്ട സാഹചര്യവും ഒഴിവാകും.
‘സീറോ ബ്യൂറോക്രസി’ ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയത്. ഇതനുസരിച്ച്, എമിറാത്തി പൗരന്മാർക്ക് UAEICP സ്മാർട്ട് ആപ്ലിക്കേഷൻ വഴി പാസ്‌പോർട്ടും എമിറേറ്റ്സ് ഐഡി കാർഡും ഒരേസമയം പുതുക്കാൻ സാധിക്കും. ഇത് വെവ്വേറെ അപേക്ഷകളും നടപടിക്രമങ്ങളും ഒഴിവാക്കി സമയം ലാഭിക്കാൻ സഹായിക്കുന്നു. പാസ്‌പോർട്ട് കാലഹരണപ്പെടുകയും എമിറേറ്റ്സ് ഐഡി അടുത്ത ആറു മാസത്തിനുള്ളിൽ കാലഹരണപ്പെടാൻ സാധ്യതയുണ്ടെങ്കിൽ, ഒരേ പേജിൽ രണ്ട് രേഖകളും ഒരുമിച്ച് പുതുക്കാനുള്ള ഓപ്ഷൻ ആപ്ലിക്കേഷനിൽ ലഭ്യമാകും.
Also Read: ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തിരശ്ശീല ഉയർന്നു; 75% വരെ വിലക്കുറവ്
പുതിയ സംവിധാനം വരുന്നതിനു മുൻപ്, യുഎഇയിലെ താമസക്കാർ ഓരോ രേഖയ്ക്കും വേണ്ടി വ്യത്യസ്തമായ പുതുക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും, അതിലൂടെ പല ഫോമുകളും പേയ്‌മെന്റ് രീതികളും കൈകാര്യം ചെയ്യേണ്ടിയും വന്നിരുന്നു. എന്നാൽ ഇപ്പോൾ, വ്യക്തിഗത വിവരങ്ങൾ അവലോകനം ചെയ്യുന്ന ഘട്ടം മുതൽ അന്തിമ അപേക്ഷ സമർപ്പിക്കുന്നത് വരെയുള്ള മുഴുവൻ പ്രക്രിയയും ഒരൊറ്റ ഇടപാടിലൂടെ പൂർത്തിയാക്കാൻ കഴിയും. ഇത് പൗരന്മാർക്ക് കാര്യമായ സമയം ലാഭിക്കാനും നടപടിക്രമങ്ങൾ എളുപ്പമാക്കാനും സഹായിക്കുന്നു.






