പ്രവാസി ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിക്കാൻ അമേരിക്കൻ ഡോളർ മൂല്യമുള്ള വിദേശ കറൻസി നോൺ-റസിഡന്റ് നിക്ഷേപങ്ങളുടെ പലിശ നിരക്കുകൾ വൻതോതിൽ വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ യെസ് ബാങ്ക്. പുതുക്കിയ നിരക്കുകൾ പ്രകാരം പ്രവാസികൾക്ക് തങ്ങളുടെ ഡോളർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 6.60% വരെ ഉയർന്ന പലിശ നിരക്ക് ലഭിക്കും. 2026 ജൂൺ 11 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. പ്രവാസികളുടെ വിദേശ കറൻസി സമ്പാദ്യത്തിന് കൂടുതൽ മികച്ച വരുമാനം ഉറപ്പാക്കുന്നതിനും രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും വേണ്ടിയാണ് ബാങ്കിന്റെ ഈ പുതിയ തീരുമാനം.
പുതുക്കിയ പലിശ ഘടന അനുസരിച്ച് മൂന്ന് വർഷം മുതൽ നാല് വർഷത്തിൽ താഴെ വരെ കാലാവധിയുള്ള യുഎസ്ഡി എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങൾക്ക് യെസ് ബാങ്ക് 6.50% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. നാല് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.55 ശതമാനവും, അഞ്ച് വർഷത്തെ ദീർഘകാല നിക്ഷേപങ്ങൾക്ക് 6.60% എന്ന ഏറ്റവും ഉയർന്ന നിരക്കും ലഭിക്കും. വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ ബാധിക്കാതെ വിദേശ കറൻസിയിൽ തന്നെ സ്ഥിര നിക്ഷേപം നിലനിർത്താനും സുരക്ഷിതമായി ഉയർന്ന പലിശ നേടാനും ഈ അക്കൗണ്ടുകൾ പ്രവാസികളെ സഹായിക്കും. യെസ് ബാങ്കിന് പുറമെ എച്ച്ഡിഎഫ്സി ബാങ്ക് (6%), എയു സ്മോൾ ഫിനാൻസ് ബാങ്ക് (7.1%) തുടങ്ങിയ പ്രമുഖ ബാങ്കുകളും നിലവിൽ നിക്ഷേപ നിരക്കുകൾ ഉയർത്തിയിട്ടുണ്ട്.
Also Read: ശമ്പളം കുറഞ്ഞോ? ഓഫർ ലെറ്ററിലെ തുകയല്ല അക്കൗണ്ടിൽ എത്തുന്നത്, കാരണമിതാണ്!
പ്രവാസി നിക്ഷേപങ്ങൾ രാജ്യത്തേക്ക് കൂടുതൽ സമാഹരിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പ്രത്യേക നിയന്ത്രണ ഇളവുകൾക്ക് തൊട്ടുപിന്നാലെയാണ് ബാങ്കുകളുടെ ഈ കൂട്ടത്തോടെയുള്ള നടപടി. ജൂൺ 8-ന് പുതിയ എഫ്‌സിഎൻആർ (ബി) നിക്ഷേപങ്ങളെ ക്യാഷ് റിസർവ് റേഷ്യോ, സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ പരിധികളിൽ നിന്ന് ആർബിഐ ഒഴിവാക്കിയിരുന്നു. രാജ്യത്തേക്കുള്ള വിദേശ കറൻസി ഒഴുക്ക് വർദ്ധിപ്പിക്കുന്നതിനായി ജൂൺ 5-ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായാണ് ഈ അടിയന്തര നടപടികൾ. കരുതൽ ധന ആവശ്യകതകളിൽ നിന്ന് ഇളവ് ലഭിച്ചതോടെ ബാങ്കുകൾക്ക് ഫണ്ടുകൾ കൂടുതൽ സ്വതന്ത്രമായി വിന്യസിക്കാനും നിക്ഷേപകർക്ക് ഉയർന്ന പലിശ വാഗ്ദാനം ചെയ്യാനും വഴിതുറന്നിരിക്കുകയാണ്.






