സ്വന്തം മൈതാനത്ത് ഒരു ഗോളിന് പരാജയം സമ്മതിച്ച് മഞ്ഞപ്പട

വലതുവിങ്ങില്‍ സഹില്‍ ടവോറയില്‍നിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്

സ്വന്തം മൈതാനത്ത് ഒരു ഗോളിന് പരാജയം സമ്മതിച്ച് മഞ്ഞപ്പട
സ്വന്തം മൈതാനത്ത് ഒരു ഗോളിന് പരാജയം സമ്മതിച്ച് മഞ്ഞപ്പട

കൊച്ചി: സ്വന്തം മൈതാനത്ത് ഒരു ഗോളിന് പരാജയം സമ്മതിച്ച് മഞ്ഞപ്പട. ഐ എസ് എല്‍ പോരാട്ടത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് എഫ് സി ഗോവ കേരള ബ്ലാസ്റ്റേഴ്‌സിനെ കീഴടക്കിയത്. ബ്ലാസ്റ്റേഴ്സ് ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് വരുത്തിയ പിഴവില്‍ നിന്നാണ് ഗോവ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിക്ക് മുന്നേയായിരുന്നു മഞ്ഞപ്പടയുടെ ആരാധകരുടെ ഹൃദയം തകര്‍ത്ത ഗോവന്‍ ഗോള്‍ പിറന്നത്. 40 -ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ഗോളി സച്ചിന്‍ സുരേഷിന്റെ പിഴവ് മുതലെടുത്ത ബോറിസാണ് വലകുലുക്കിയത്.

വലതുവിങ്ങില്‍ സഹില്‍ ടവോറയില്‍നിന്ന് ലഭിച്ച പന്തുമായി ബോറിസ് സിങ്ങിന്റെ മുന്നേറ്റമാണ് ഗോളില്‍ കലാശിച്ചത്. വലതുവിങ്ങില്‍ നിന്നുള്ള ക്രോസ് മുന്നില്‍ക്കണ്ട് ബോക്‌സിനുള്ളിലേക്ക് ഓടിക്കയറിയ ഗോവന്‍ താരങ്ങളെ തടയാന്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം ശ്രമിക്കുന്നതിനിടെയാണ് ഗോളിക്ക് പിഴച്ചത്. ബോക്‌സിനുള്ളില്‍ കടന്ന് ബോറിസ് പന്ത് പോസ്റ്റിലേക്ക് ലക്ഷ്യം വെയ്ക്കുകയായിരുന്നു. ഡൈവ് ചെയ്ത ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിലേക്ക് പന്ത് എത്തിയെങ്കിലും, കയ്യില്‍ തട്ടി പന്ത് വലയിലേക്ക് എത്തുകയായിരുന്നു. ഗോള്‍ വീണതോടെ തിരിച്ചടിക്കാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ലക്ഷ്യബോധത്തിലെ പോരായ്മ തിരിച്ചടിയായി. ആക്രമണത്തിലും പന്തടക്കത്തിലും ആധിപത്യം പുലര്‍ത്താന്‍ ബ്ലാസ്റ്റേഴ്സിനായി. എന്നാല്‍ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാന്‍ മാത്രം ടീമിനു സാധിച്ചില്ല.

Top