തമിഴക വെട്രി കഴകത്തിന്റെ അധ്യക്ഷൻ വിജയ്ക്ക് ‘വൈ‘ കാറ്റഗറി സുരക്ഷ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെതാണ് തീരുമാനം. രണ്ട് കമാൻഡോമാർ ഉൾപ്പെടെ 11 CRPF ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘത്തിനാണ് സുരക്ഷാ ചുമതല. വിജയുടെ ചെന്നൈയിൽ നടക്കാനിരിക്കുന്ന റോഡ്ഷോയിൽ അദ്ദേഹത്തെ തല്ലണമെന്ന് നിർദ്ദേശിച്ചുകൊണ്ട് ചിലർ അടുത്തിടെ എക്‌സിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ഇതേ തുടർന്നാണ് തീരുമാനമെന്ന് ദി ന്യൂസ് മിനിറ്റ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം വിജയ് തന്റെ പാർട്ടിയുടെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുകയാണ്. സംസ്ഥാനവ്യാപകമായി ഒരു റോഡ് ഷോ നടത്താനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. കൃത്യമായ തീയതിയും വിശദാംശങ്ങളും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ വർഷം യാത്ര നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ‘വൈ’ കാറ്റഗറി സുരക്ഷ വിജയ്‌യുടെ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രാധാന്യം അടിസ്ഥാനമാക്കിയാണ് നൽകുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഔദ്യോഗികമായി ഈ സുരക്ഷാ ക്രമീകരണത്തിനായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.