ഡൽഹി: ഇന്ത്യയെ തേടി പുതിയൊരു അംഗീകാരം കൂടി. ലോകത്തെ രണ്ടാമത്തെ വലിയ സ്‌മാർട്ട്ഫോൺ വിപണിയെന്ന റെക്കോർഡ് ആണ് രാജ്യം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്. ചൈനയാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. 22 ശതമാനമാണ് ചൈനയുടെ വിഹിതം.
ജൂലൈ-സെപ്തംബർ കാലയളവിൽ വിറ്റഴിഞ്ഞ ഫോൺ യൂണിറ്റുകളുടെ കണക്കനുസരിച്ച് ആഗോളവിപണിയുടെ 15.5 ശതമാനം വിഹിതമാണ് ഇന്ത്യയുടെതായി ഉള്ളത്. 12 ശതമാനവുമായി അമേരിക്ക മൂന്നാമത് നിൽക്കുന്നതായും സ്‌മാർട്ട്ഫോൺ വിൽപന സംബന്ധിച്ച് കൗണ്ടർപോയിൻറ് റിസർച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.
Also Read: നെറ്റ്ഫ്ലിക്‌സില്‍ ഇനി മുതല്‍ നിങ്ങള്‍ക്ക് ഇഷ്ട സീനുകൾ സേവ് ചെയ്യാം, ഷെയര്‍ ചെയ്യാം!
നിലവിൽ 69 കോടി സ്മാർട്ട്‌ഫോണുകളാണ് ഇന്ത്യയിലുള്ളതെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്. 140 കോടി ജനസംഖ്യയുള്ള ഇന്ത്യയിൽ സ്മാർട്ട്ഫോൺ വിപണി ഇപ്പോഴും വളർച്ചയുടെ തുടക്കത്തിലാണെന്ന് കൗണ്ടർപോയിൻറ് റിസർച്ച് സ്ഥാപകൻ നീൽ ഷാ പറയുന്നു. ജൂലൈ-സെപ്റ്റംബർ കാലത്ത് ഇന്ത്യയിലെ സ്മാർട്ട്ഫോൺ വിൽപനയിൽ മൂന്ന് ശതമാനം വർധനയുണ്ടായിട്ടുണ്ട്. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ വളർച്ച 12 ശതമാനമാണ്. പ്രീമിയം വിഭാഗത്തിലുള്ള ഫോണുകളുടെ വില്പനയിൽ സാംസങ്, ആപ്പിൾ കമ്പനികളാണ് രാജ്യത്ത് മുന്നിലുള്ളത്.