ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് വിടവാങ്ങി; മരണം 25-ാം വയസ്സിൽ!

സ്റ്റെല്ലൻബോഷ് എഫ്.സിയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ആഡംസ്, 2025 ജനുവരിയിലാണ് സി‌എ‌എഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാമെലോഡി സൺഡൗൺസിൽ ചേർന്നത്

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് വിടവാങ്ങി; മരണം 25-ാം വയസ്സിൽ!
ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് വിടവാങ്ങി; മരണം 25-ാം വയസ്സിൽ!

കായികലോകത്തെ അക്ഷരാർത്ഥത്തിൽ കണ്ണീരിലാഴ്ത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് അന്തരിച്ചു. വെറും 25 വയസ്സ് മാത്രം പ്രായമുള്ള ഈ മിഡ്‌ഫീൽഡർ അന്തരിച്ച വാർത്ത കായിക മന്ത്രി ഗെയ്റ്റൺ മക്കെൻസിയാണ് ഔദ്യോഗികമായി അറിയിച്ചത്. വടക്കേ അമേരിക്കയിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച താരമായിരുന്നു അദ്ദേഹം.

ശനിയാഴ്ച രാവിലെ കേപ് ടൗണിന്റെ പ്രാന്തപ്രദേശമായ ഷോട്‌ഷെക്ലൂഫിലെ ഒരു വീട്ടിൽ വെച്ചാണ് ആഡംസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, വെസ്റ്റേൺ കേപ്പ് പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ ഫുട്ബോളിന്റെ ഏറ്റവും തിളക്കമുള്ള യുവ പ്രതിഭകളിലൊരാളെയാണ് രാജ്യത്തിന് നഷ്ടമായതെന്ന് മന്ത്രി ഗെയ്റ്റൺ മക്കെൻസി അനുശോചന സന്ദേശത്തിൽ കുറിച്ചു.

ALSO READ ; ‘ദേശീയ പതാകയ്ക്കായി എല്ലാം ത്യാഗം ചെയ്തിട്ടുണ്ട്, ജന്മനാടിനായി കഠിനമായി പോരാടിയിട്ടുമുണ്ട്’! സാദിയോ മാനെയ്ക്ക് എന്തുപറ്റി

ലോകകപ്പിലെ ദക്ഷിണാഫ്രിക്കയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ആഡംസ് കളത്തിലിറങ്ങിയിരുന്നു. റൗണ്ട് ഓഫ് 32-ൽ കാനഡയോട് പരാജയപ്പെട്ട മത്സരത്തിൽ മാത്രമാണ് അദ്ദേഹം പുറത്തിരുന്നത്. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ തന്നെ വ്യക്തിപരമായ വലിയൊരു ആഘാതവും അദ്ദേഹം നേരിട്ടിരുന്നു. ചെക്കിയയ്‌ക്കെതിരായ മത്സരത്തിന് തൊട്ടുമുമ്പത്തെ ദിവസം തന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടെങ്കിലും, ആ വേദനയും പേറി ഗ്രൗണ്ടിലിറങ്ങി ടീമിനായി എല്ലാം നൽകിയ ആഡംസിന്റെ സമർപ്പണം അന്ന് ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ അസോസിയേഷൻ പ്രത്യേകം എടുത്തു പറഞ്ഞിരുന്നു.

സ്റ്റെല്ലൻബോഷ് എഫ്.സിയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ആഡംസ്, 2025 ജനുവരിയിലാണ് സി‌എ‌എഫ് ചാമ്പ്യൻസ് ലീഗ് ജേതാക്കളായ മാമെലോഡി സൺഡൗൺസിൽ ചേർന്നത്. താരത്തിന്റെ പെട്ടെന്നുള്ള വിയോഗം ടീമംഗങ്ങളെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. ഒരു മികച്ച ഫുട്ബോൾ താരത്തെ മാത്രമല്ല, വലിയൊരു പോരാളിയെ കൂടിയാണ് ഫുട്ബോൾ ലോകത്തിന് നഷ്ടമായിരിക്കുന്നത്. പോലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ മാത്രമേ മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങുകയുള്ളൂ. താരത്തിന്റെ കുടുംബത്തിനും സഹതാരങ്ങൾക്കും അനുശോചനം രേഖപ്പെടുത്തുകയാണ് ഫുട്ബോൾ ലോകം.

Share Email
Top