മസ്‌കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ രണ്ടാം മത്സരത്തില്‍ തോല്‍വി വഴങ്ങി ഒമാന്‍. സുല്‍ത്താന്‍ ഖാബൂസ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്ന കളിയില്‍ ശക്തരായ ദക്ഷിണകൊറിയയോട് 3-1ന് ആണ് പരാജയപ്പെട്ടത്. ഹ്വാങ് ഹീ ചാന്‍, സണ്‍ ഹ്യൂങ് മിന്‍, ജൂ മിന്‍-ക്യു എന്നിവരാണ് കൊറിയക്കുവേണ്ടി വല കുലുക്കിയത്.
ഒമാന്റെ ആശ്വാസ ഗോള്‍ സെല്‍ഫ് ഗോളായിരുന്നു. ആദ്യവസാനംവരെ കൊറിയന്‍ ആധിപത്യമായിരുന്നു മത്സരത്തില്‍ കണ്ടിരുന്നത്. ഇടുതു വലതുവിങ്ങളുകളിലൂടെ ആക്രമണം ശക്തമാക്കിയ കൊറിയന്‍ പട ഏത് നിമിഷവും ഒമാന്‍ വലകുലുക്കുമെന്ന സ്ഥിതിയിലായിരുന്നു. പലപ്പോഴും ഒമാന്‍ പ്രതിരോധത്തില്‍ തട്ടിയായിരുന്നു ആക്രമണത്തിന്റെ മുനയൊടിഞ്ഞത്. ഒടുവില്‍ 10ാം മിനിറ്റില്‍ കൊറിയ ലക്ഷ്യം കണ്ടു. മുന്നേറ്റതാരം ഹ്വാങ് ഹീ ചാന്റെ വലം കാല്‍ ഷോട്ട് ഒമാന്‍ ഗോളിയെ മറികടന്ന് വലയില്‍ മുത്തമിട്ടു. ഗോള്‍ വീണതോടെ ഒമാന്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ചെങ്കിലും കൊറിയന്‍ പ്രതിരോധ മതില്‍ ഭേദിക്കാന്‍ കോച്ച് ജറോസ്ലോവ് സില്‍ഹവിയയുടെ കുട്ടികള്‍ക്കായില്ല.
Also Read:അര്‍ജന്റീനയുടെ തോല്‍വിയില്‍ പ്രതികരിച്ച് ലിയോണല്‍ സ്‌കലോണി
ഒടുവില്‍ ആദ്യ പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ ഓണ്‍ഗോളിലൂടെ റെഡ് വാരിയേഴ്‌സ് സമനില നേടി. രണ്ടാം പകുതിയില്‍ കൂടുതല്‍ സ്‌കോര്‍ നേടുകയെന്ന ലക്ഷ്യവുമായിട്ടായിരുന്നു ദക്ഷിണകൊറിയ ഇറങ്ങിയിരുന്നത്. വിട്ടുകൊടുക്കാന്‍ ഒമാനും ഒരുക്കമായിരുന്നില്ല. മത്സരം സമനിലയിലേക്കുപോകുമെന്ന് തോന്നിക്കുന്ന വേളയില്‍ 82ാം മിനിറ്റില്‍ സണ്‍ ഹ്യൂങ് മിന്റെ ഗോളിലൂടെ കൊറിയ ലീഡെടുത്തു. തിരിച്ചടിക്കാന്‍ ഒമാന്‍ ആക്രമണം ശക്തമാക്കിയെങ്കിലും ഇഞ്ചുറി ടൈമില്‍ മൂന്നാം ഗോളും സ്വന്തമാക്കി കൊറിയ വിജയം പൂര്‍ണമാക്കി.
ഗ്രൂപ്പ് ബിയില്‍ നാല് വീതം പോയന്റുമായി ജോര്‍ഡനും ദക്ഷിണകൊറിയയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഒമാന്റെ അടുത്ത മത്സരം ഒക്ടോബര്‍ പത്തിന് കുവൈത്തുമായും 15ന് ജോര്‍ഡനുമായും ആണ്. നവംബര്‍ 14ന് ഫലസ്തീനെതിരെയും 19ന് ഇറാഖിനെതിരെയുമാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍.പിന്നീട് അടുത്ത വര്‍ഷം മാര്‍ച്ചിലാണ് മത്സരങ്ങള്‍ നടക്കുക. മാര്‍ച്ച് 20ന് കൊറിയയെയും 25ന് കുവൈത്തിനെയും നേരിടും. തുടര്‍ന്ന് ജൂണ്‍ അഞ്ചിന് ജോര്‍ഡനുമായും 10ന് ഫലസ്തീനുമായും ഏറ്റുമുട്ടും.