താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഗൗനിച്ചില്ല: ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഗൗനിച്ചില്ല: ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റതിന് ബിജെപിക്ക് വിമര്‍ശനവുമായി ആര്‍എസ്എസ് മുഖപത്രം ‘ഓര്‍ഗനൈസര്‍’. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറഞ്ഞായിരുന്ന വിമര്‍ശനം. ബിജെപി പ്രവര്‍ത്തകരുടെ അമിത ആത്മവിശ്വാസവും മറ്റു പാര്‍ട്ടികളില്‍നിന്നു കളങ്കിതരായ നേതാക്കളെ കൊണ്ടുവന്നതും താഴേത്തട്ടിലുള്ള പ്രവര്‍ത്തകരെ ഗൗനിക്കാതിരുന്നതും തിരിച്ചടിയായെന്ന് രത്തന്‍ ശാരദ, ഹേമാംഗി സിന്‍ഹ, സന്തോഷ് കുമാര്‍ എന്നിവരുടെ ലേഖനങ്ങളില്‍ വിലയിരുത്തുന്നു. ബിജെപിയുടെ ഭൂരിപക്ഷം കുറഞ്ഞതിന്റെ വിലയിരുത്തലുകളും ലേഖനത്തില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രിയുടെ വ്യക്തിപ്രഭാവത്തെയും മറ്റ് ദേശീയ നേതാക്കളെയും കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാരണരീതി തെറ്റായിപ്പോയെന്നും സംസ്ഥാനങ്ങളിലെ നേതാക്കളെ അവഗണിച്ചുവെന്നും ലേഖനത്തില്‍ വിലയിരുത്തപ്പെടുന്നു. വര്‍ഷങ്ങളായുള്ള പ്രവര്‍ത്തകര്‍ക്കു പകരം ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതിപക്ഷ നേതാക്കളെ പാര്‍ട്ടിയിലേക്ക് തിരുകിക്കയറ്റിയതാണ് ഏറ്റവും വലിയ തെറ്റെന്ന് ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിലുണ്ടായ തോല്‍വി പാര്‍ട്ടിക്ക് വലിയ ആഘാതമായി. പ്രാണപ്രതിഷ്ഠാവേളയില്‍, ക്ഷേത്രത്തിനായി ജീവന്‍ വെടിഞ്ഞ സാധാരണക്കാരെയും വിശ്വാസികളെയും മറന്നു താരങ്ങളെ മാത്രം ക്ഷണിച്ചത് തോല്‍വിക്ക് കാരണമായി. തൊഴിലില്ലായ്മ വര്‍ധിച്ചതും പരാജയത്തിലേക്ക് നയിച്ചു. അമിത ആത്മവിശ്വാസം പുലര്‍ത്തിയിരുന്ന ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും യാഥാര്‍ഥ്യമെന്തെന്നു ബോധ്യപ്പെടുത്തുന്നതായിരുന്നു 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്നുപറഞ്ഞാണ് രത്തന്‍ ശാരദയുടെ ലേഖനം തുടങ്ങുന്നത്.

”സമൂഹമാധ്യമങ്ങളില്‍ പോസ്റ്ററുകളും സെല്‍ഫിയും ഷെയര്‍ ചെയ്തല്ല, താഴേത്തട്ടില്‍ കഠിനാധ്വാനം ചെയ്താണ് വോട്ട് കൂട്ടേണ്ടത്. മോദിജിയുടെ പ്രഭാവത്തില്‍ അഭിരമിക്കുകയായിരുന്ന പ്രവര്‍ത്തകര്‍ തെരുവിലെ ജനങ്ങളുടെ ശബ്ദം കേട്ടില്ല. പ്രാദേശിക നേതാക്കളെ അവഗണിച്ച് കൂറുമാറ്റക്കാരെ സ്ഥാനാര്‍ഥികളാക്കി. 25% സ്ഥാനാര്‍ഥികളും കുടിയേറി വന്നവരാണ്. തെറ്റായ രാഷ്ട്രീയത്തിന്റെ ഉത്തമോദാഹരണമാണ് മഹാരാഷ്ട്രയിലെ തോല്‍വി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയെ ബിജെപിക്കൊപ്പം ചേര്‍ത്തതു പ്രവര്‍ത്തകരെ വേദനിപ്പിച്ചു. ഈ ഒറ്റ നടപടി കൊണ്ട് മഹാരാഷ്ട്രയില്‍ ബിജെപിയുടെ ബ്രാന്‍ഡ് മൂല്യം ഇടിഞ്ഞു. ഒന്നുരണ്ട് വര്‍ഷം കൊണ്ട് ശരദ് പവാറിന്റെ പ്രഭാവം മങ്ങുകയും ബന്ധുക്കള്‍ തമ്മിലുള്ള ഭിന്നത കാരണം എന്‍സിപി തകരുകയും ചെയ്യുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒന്നാമതെത്താനുള്ള വര്‍ഷങ്ങളുടെ പോരാട്ടം അജിത് പവാറിനെ ഒപ്പം നിര്‍ത്താനുള്ള തീരുമാനം കൊണ്ട് തകര്‍ന്നു. ആര്‍എസ്എസിനെ ഭീകരസംഘടനയെന്നു വിളിച്ച കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതും തെറ്റായി. ഇത് ആര്‍എസ്എസ് അനുഭാവികളെ വേദനിപ്പിച്ചു.” -രത്തന്‍ ശാരദയുടെ ലേഖനത്തില്‍ പറയുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ മാന്യത പുലര്‍ത്തിയില്ലെന്നും ആര്‍എസ്എസിനെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് വിമര്‍ശിച്ചതിനു പിന്നാലെയാണ് മുഖപത്രവും രംഗത്തെത്തുന്നത്. യഥാര്‍ഥ സംഘപ്രവര്‍ത്തകന്‍ ധാര്‍ഷ്ട്യം കാട്ടില്ലെന്ന പ്രസ്താവന നടത്തിയിരുന്നെങ്കിലും മോഹന്‍ ഭാഗവത് ഒരു നേതാവിന്റെയും പേരെടുത്ത് പറഞ്ഞിരുന്നില്ല. ബിജെപി വളര്‍ന്നു കഴിഞ്ഞുവെന്നും തങ്ങള്‍ക്ക് ആര്‍എസ്എസിന്റെ സഹായം ആവശ്യമില്ലെന്നും ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ പറഞ്ഞതും ചര്‍ച്ചയായിരുന്നു.

Top