ദുബായ്: വനിതാ ഏകദിന ലോകകപ്പിന് പിന്നാലെ പുറത്തുവന്ന ഐസിസി ബാറ്റർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി. ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ലോറ വോൾവാർഡ് ആണ് ഇപ്പോൾ ഏകദിന ബാറ്റിംഗ് റാങ്കിംഗിലെ പുതിയ അവകാശി.
ടൂർണമെന്റിന് മുമ്പ് മന്ദാനയായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ മന്ദാനയ്ക്ക് സാധിച്ചിരുന്നുവെങ്കിലും, വോൾവാർഡിന്റെ വിസ്മയിപ്പിക്കുന്ന ഫോം താരത്തെ പിന്നിലാക്കുകയായിരുന്നു. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് 571 റൺസാണ് വോൾവാർഡ് അടിച്ചെടുത്തത്. ഇതിൽ രണ്ട് സെഞ്ച്വറിയും മൂന്ന് അർധ സെഞ്ച്വറികളും ഉൾപ്പെടുന്നു. സെമി ഫൈനലിലും ഫൈനലിലുമാണ് വോൾവാർഡ് സെഞ്ച്വറികൾ നേടിയത്. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റൺസാണ് വോൾവാർഡിന്റെ ടോപ് സ്‌കോർ. 71.37 ശരാശരിയും 98.78 സ്ട്രൈക്ക് റേറ്റുമുള്ള വോൾവാർഡ് 814 റേറ്റിംഗ് പോയിന്റോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
റൺവേട്ടയിൽ രണ്ടാം സ്ഥാനത്തായിരുന്ന സ്മൃതി മന്ദാനയ്ക്ക് 811 പോയിന്റാണുള്ളത്. ഒമ്പത് ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ച്വറികളും ഉൾപ്പെടെ 434 റൺസാണ് മന്ദാന നേടിയത്. 54.25 ശരാശരിയും 99.08 സ്ട്രൈക്ക് റേറ്റും മന്ദാനയ്ക്കുണ്ട്. അതേസമയം, മറ്റൊരു ഇന്ത്യൻ താരമായ ജെമീമ റോഡ്രിഗസ് ആദ്യമായി ആദ്യ പത്തിൽ ഇടം നേടിയെന്നത് ശ്രദ്ധേയമാണ്. ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ ജമീമ പത്താം സ്ഥാനത്തേക്ക് കയറിയത് ലോകകപ്പിലെ പ്രകടനത്തിന്റെ ബലത്തിലാണ്. എട്ട് മത്സരങ്ങൾ കളിച്ച ജമീമ ഏഴ് ഇന്നിംഗ്‌സുകളിൽ നിന്നായി 292 റൺസാണ് നേടിയത്. സെമി ഫൈനലിൽ ഓസ്‌ട്രേലിയക്കെതിരെ പുറത്താവാതെ നേടിയ 127 റൺസാണ് ജമീമയുടെ ഉയർന്ന സ്‌കോർ. ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങൾ ആരുമില്ല.














