ദിണ്ടിഗൽ: ദിണ്ടിഗലിൽ യുവതി ആൺസുഹൃത്തിനൊപ്പം പോയത്തിനെ തുടർന്ന് യുവതിയുടെ രണ്ട് മക്കളെ കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കി. ദിണ്ടിഗൽ ഒട്ടൻചത്രത്തിലാണ് സംഭവം നടന്നത്. കൊച്ചുമക്കളായ ലതികശ്രീ, ദീപ്തി എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് യുവതിയുടെ മുത്തശ്ശി ചെല്ലമ്മാൾ, അമ്മ കാളീശ്വരി എന്നിവർ ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം കാളീശ്വരിയുടെ മകൾ പവിത്ര സ്വന്തം മക്കളെ ഉപേക്ഷിച്ച് കാമുകനോടൊപ്പം പോവുകയായിരുന്നു. ഭർത്താവുമായി അകന്ന് കഴിയുന്ന പവിത്രയുടെ പുതിയ ബന്ധത്തെ അമ്മയും മുത്തശ്ശിയും എതിർത്തിരുന്നു.
എന്നാൽ പവിത്ര ആ ബന്ധം തുടരുകയും വീട്ടിൽ നിന്ന് ഇറങ്ങിപോവുകയുമായിരുന്നു. ഇതോടെയാണ് രണ്ട് കുഞ്ഞുങ്ങളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മയും മുത്തശ്ശിയും ജീവനൊടുക്കിയത്. രാവിലെയും വീടിന് പുറത്തേക്ക് ആരെയും കാണാത്തതോടെ അയൽക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. ഇതേത്തുടർന്ന് പൊലീസെത്തി വീട് തുറന്നപ്പോഴായിരുന്നു നാല് പേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ദിണ്ടിഗൽ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.