ഉദ്യോഗസ്ഥ ചമഞ്ഞ് മന്ത്രിയെ കണ്ട് തട്ടിപ്പ്; വ്യാജ ഐഡിയുമായി രഹസ്യനീക്കം നടത്തിയ യുവതി ഡൽഹിയിൽ പിടിയിൽ

അകങ്ഷ വിദ്യാർത്ഥിയെന്ന യുവതിയാണ് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്

ഉദ്യോഗസ്ഥ ചമഞ്ഞ് മന്ത്രിയെ കണ്ട് തട്ടിപ്പ്; വ്യാജ ഐഡിയുമായി രഹസ്യനീക്കം നടത്തിയ യുവതി ഡൽഹിയിൽ പിടിയിൽ
ഉദ്യോഗസ്ഥ ചമഞ്ഞ് മന്ത്രിയെ കണ്ട് തട്ടിപ്പ്; വ്യാജ ഐഡിയുമായി രഹസ്യനീക്കം നടത്തിയ യുവതി ഡൽഹിയിൽ പിടിയിൽ

കൊൽക്കത്ത: രാജ്യത്തെ അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ (പിഎംഒ) ഉദ്യോഗസ്ഥയാണെന്ന് തെറ്റായ അവകാശവാദമുന്നയിച്ച് പശ്ചിമ ബംഗാൾ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ യുവതി ഡൽഹിയിൽ അറസ്റ്റിൽ. അകങ്ഷ വിദ്യാർത്ഥിയെന്ന യുവതിയാണ് കൊൽക്കത്ത പൊലീസിന്റെ പ്രത്യേക സംഘത്തിന്റെ പിടിയിലായത്.

കനത്ത സുരക്ഷാ സന്നാഹങ്ങൾ നിലനിൽക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റായ നബാനിലെത്തിയാണ് യുവതി ഉന്നത ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ് നടത്തിയത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സുരക്ഷാ പരിശോധനകളെല്ലാം മറികടന്ന ഇവർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി അജയ് പൊദ്ദാറുമായി കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നേടിയെടുക്കുകയും ഓഫീസിലെത്തി ചർച്ച നടത്തുകയും ചെയ്തു.

Also Read: കാസർകോട് ജില്ലാ സഹകരണ ബാങ്ക് കോഴ നിയമന കേസ്! 30 വർഷമായി വിചാരണ പോലുമില്ല; പകുതി പ്രതികളും മരിച്ചു

എന്നാൽ, സംഭാഷണത്തിനിടയിൽ യുവതിയുടെ സംസാരത്തിലും വിവരങ്ങളിലും വൈരുദ്ധ്യം പ്രകടമായതോടെ മന്ത്രിക്ക് സംശയം തോന്നി. ഔദ്യോഗിക പദവിയെക്കുറിച്ചും ചുമതലകളെക്കുറിച്ചും മന്ത്രി കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞതോടെ തന്റെ തട്ടിപ്പ് പുറത്തായെന്ന് യുവതിക്ക് മനസ്സിലായി. ഉടൻതന്നെ ഇവർ ഓഫീസിൽ നിന്നും വേഗത്തിൽ ഇറങ്ങിപ്പോയി രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങൾ ഉടൻതന്നെ പൊലീസിൽ പരാതി നൽകി. ഷിബ്പൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ യുവതി ഡൽഹിയിലേക്ക് വിമാനമാർഗ്ഗം കടന്നുകളഞ്ഞതായി വ്യക്തമായി. തുടർന്ന് പശ്ചിമ ബംഗാൾ പൊലീസിന്റെ വനിതാ ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം രാത്രിയോടെ ഡൽഹിയിലേക്ക് തിരിക്കുകയും, വ്യാഴാഴ്ച ഡൽഹിയിലെ വസതിയിൽ വെച്ച് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

യുവതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കൊൽക്കത്തയിലേക്ക് തിരികെ കൊണ്ടുവരാൻ കോടതിയിൽ ട്രാൻസിറ്റ് റിമാൻഡിനായി അപേക്ഷ നൽകിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംസ്ഥാനത്ത് ഇവർക്ക് പ്രാദേശികമായി ഏതെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതിനെക്കുറിച്ചും മന്ത്രിയുമായുള്ള കൂടിക്കാഴ്ച ഉറപ്പാക്കാൻ വ്യാജമായി ഉപയോഗിച്ച രേഖകളെക്കുറിച്ചും സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top