കാമുകനൊപ്പം ജീവിക്കാൻ ആറ് വയസ്സുകാരനായ മകനെ അമ്മയും കാമുകനും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. പൂനെ ജില്ലയിലെ ഖേഡിൽ താമസിക്കുന്ന ബാസിരൻ മെഹബൂബ് ഷെയ്ക്ക് (27), കാമുകൻ റാം വിനായക് കജേവാദി എന്നിവർ ചേർന്നാണ് ആവേസ് എന്ന ആറു വയസ്സുകാരനെ കൊലപ്പെടുത്തിയത്.
ഏപ്രിൽ 4-ന് രാത്രിയായിരുന്നു സംഭവം. കുട്ടിയെ വെള്ളം നിറഞ്ഞ ബക്കറ്റിൽ മുക്കിക്കൊല്ലുകയും മരണം ഉറപ്പാക്കാൻ തറയിലടിക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഭർത്താവുമായി വേർപിരിഞ്ഞു കഴിയുകയായിരുന്ന ബാസിരൻ, തന്റെ പുതിയ ബന്ധത്തിന് മകൻ തടസ്സമാകുമെന്ന് കരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. മരണം ഹൃദയാഘാതം മൂലമാണെന്ന് വരുത്തിത്തീർക്കാനായിരുന്നു പ്രതികളുടെ ശ്രമം. മൃതദേഹവുമായി സ്വന്തം വീട്ടിലെത്തിയ യുവതി, ഹൃദായാഘാതം മൂലം കുട്ടി മരിച്ചതാണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചു.
എന്നാൽ സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം കുളിപ്പിക്കുന്നതിനിടെ ശരീരത്തിലെ മർദ്ദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ ബാസിരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു. യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ്, ഒളിവിൽ പോയ കാമുകനായ റാം വിനായകിനായി തിരച്ചിൽ ഊർജ്ജിതമാക്കി.






