വളര്‍ത്തി വിട്ടവരുടെ തലയ്ക്ക് മീതെ, നേതാക്കളായി വളരുന്നവര്‍ ഒരുപാടുള്ള പാര്‍ട്ടിയാണ് സി.പി.എം. അതിന് ഒരുപാട് ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടാനുണ്ട്. ഇവരെല്ലാം തന്നെ, സംഘടനാ രംഗത്തും പാര്‍ലമെന്ററി രംഗത്തും സി.പി.എമ്മിന് ഏറെ ഗുണം ചെയ്തിട്ടുള്ള നേതാക്കളാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എം.എ ബേബിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള വളര്‍ച്ച. ഇ.എം.എസിന് ശേഷം ഈ പദവിയില്‍ കേരളത്തില്‍ നിന്നും എത്തുന്ന നേതാവ് എന്ന പ്രത്യേകതയും ബേബിക്കുണ്ട്. വന്നവഴി മറക്കാതെ, തന്റെ രാഷ്ട്രീയത്തിലെ ഗുരുവായ കൊല്ലം പ്രാക്കുളത്തെ പഴയകാല ലോക്കല്‍ സെകട്ടറി വി.കെ വിക്രമനെയും, പാര്‍ട്ടിയുടെ ബാലപാഠങ്ങള്‍ പഠിപ്പിച്ച വി.എസിനെയും സന്ദര്‍ശിച്ച എം.എ ബേബി, സി.പി.എമ്മിലെ തന്റെ വളര്‍ച്ചക്ക് അടിത്തറപാകിയ എസ്.എഫ്.ഐ എന്ന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്ന സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് കൂടിയായ ജി.സുധാകരനെ മറന്നുപോയത് ദൗര്‍ഭാഗ്യകരമാണ്. അതെന്തായാലും പറയാതിരിക്കുവാന്‍ കഴിയുകയില്ല.

കാരണം, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമൊക്കെ ആയിരുന്ന ജി. സുധാകരന്‍ മുന്‍കൈ എടുത്തില്ലായിരുന്നുവെങ്കില്‍, എം.എ ബേബിക്ക് ഒരിക്കലും എസ്.എഫ്.യിലൂടെ ശരവേഗത്തില്‍ വളരാന്‍ കഴിയുമായിരുന്നില്ല. എസ്.എഫ്.ഐയിലെ ആ വളര്‍ച്ചയാണ്, ചെറിയ പ്രായത്തില്‍ തന്നെ സി.പി.എമ്മിന്റെ കേന്ദ്രകമ്മറ്റിയില്‍ എത്താന്‍ ബേബിക്ക് സഹായകരമായിരുന്നത്. ഇതേ എസ്.എഫ്.ഐ തന്നെയാണ് പ്രകാശ് കാരാട്ടിനെയും സീതാറാം യെച്ചൂരിയെയും ചെറുപ്പത്തില്‍ തന്നെ പി.ബിയില്‍ എത്തിച്ചതെന്നതും നാം തിരിച്ചറിയേണ്ടതുണ്ട്. സീതാറാം യെച്ചൂരിയെയും പ്രകാശ് കാരാട്ടിനെയും വളര്‍ത്തി കൊണ്ടുവന്നതില്‍, ഇ.എം.എസിനും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനുമുള്ള പങ്കും വളരെ വലുതാണ്. അതു പോലെ തന്നെ, എസ്.എഫ്.ഐയിലെ ബേബിയുടെ വളര്‍ച്ചക്ക് പിന്നിലെ, ജി സുധാകരന്റെ പങ്ക് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്തതാണ്.
1970-ല്‍ എസ്.എഫ്.ഐ രൂപീകരിക്കുന്ന സമയത്ത്, എം.എ ബേബി പ്രാക്കുളം ഹൈസ്‌കൂളില്‍ പഠിക്കുകയായിരുന്നു. എസ്.എഫ്.ഐയുടെ സജീവ പ്രവര്‍ത്തകനുമായിരുന്നു എം.എ ബേബി. ഈ സമയത്താണ് ബേബിക്കെതിരെ സ്‌കൂളില്‍ നിന്നും നടപടിയുണ്ടായിരുന്നത്. തുടര്‍ന്ന് സി.പി.എം പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രാക്കുളം ജങ്ഷനില്‍ സംഘടിപ്പിച്ച ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍, എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റായിരുന്ന ജി സുധാകരന്‍ തന്നെ നേരിട്ട് എത്തുകയാണുണ്ടായത്. അവിടെ ബേബി നടത്തിയ ഒരു പ്രസംഗം, ജി സുധാകരനെ വല്ലാതെ ആകര്‍ഷിക്കുകയുണ്ടായി.
Also Read: കോൺഗ്രസിൽ സീറ്റ് ഉറപ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സി.പി.എം

പിന്നീട് ബേബി എസ് എന്‍ കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന കാലഘട്ടത്തില്‍ എസ്.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു സുധാകരന്‍, ബേബിയെ എസ്.എഫ്.ഐ നേതൃത്വത്തില്‍ വളര്‍ത്തി കൊണ്ടുവരാന്‍, വഹിച്ച പങ്ക്, മറ്റാര് മറന്നാലും എം.എ ബേബി മറക്കാന്‍ പാടില്ല. ജി സുധാകരന്‍ ഇപ്പോള്‍ പാര്‍ട്ടി നേതൃത്വത്തില്‍ ഇല്ലെങ്കിലും സി.പി.എമ്മിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ്. ജി ഭുവനേശ്വരന്‍ എന്ന രക്തസാക്ഷിയുടെ സഹോദരനുമാണ്. 1977 ഡിസംബര്‍ 2നാണ് എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന ജി ഭുവനേശ്വരനെ കെ.എസ്.യു പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയിരുന്നത്. ആരൊക്ക മറന്നാലും ചരിത്രത്തെ കാലം ഓര്‍മ്മപ്പെടുത്തുക തന്നെ ചെയ്യും.
Express View
വീഡിയോ കാണാം…