പെട്രോളിൽ എഥനോൾ കലർത്തുന്ന E20 ലക്ഷ്യം രാജ്യം കൈവരിച്ചതിന് പിന്നാലെ, പുതിയ പ്രതിസന്ധിയുമായി എഥനോൾ വ്യവസായം. ഉത്പാദനശേഷി നിലവിലെ ആവശ്യകതയേക്കാൾ വളരെ അധികമായതോടെ, മിച്ചം വരുന്ന എഥനോൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പുതിയ വിപണികൾ കണ്ടെത്തേണ്ട കാത്തിവത്തിലാണു കേന്ദ്രസർക്കാർ. പെട്രോളിലെ മിശ്രണത്തിന് പുറമേ, കെമിക്കൽ, ഫാർമസ്യൂട്ടിക്കൽ, കോസ്മെറ്റിക്സ് തുടങ്ങിയ വിവിധ വ്യവസായ മേഖലകളിലേക്ക് എഥനോളിന്റെ ഉപയോഗം വ്യാപിപ്പിക്കാനാണ് അധികൃതർ ഇപ്പോൾ ലക്ഷ്യമിടുന്നത്.
ഷുഗർ മില്ലുകളുടെ സാമ്പത്തിക സുസ്ഥിരതയിലും ഈ നീക്കം നിർണായകമാണ്. കരിമ്പിൽ നിന്ന് എഥനോൾ ഉത്പാദിപ്പിക്കുന്നതിലൂടെ പഞ്ചസാരയുടെ അധിക ഉത്പാദനം നിയന്ത്രിക്കാനും മില്ലുകൾക്ക് മികച്ച വരുമാനം ഉറപ്പാക്കാനും സാധിക്കുന്നുണ്ട്. എന്നാൽ ഡിമാൻഡിനേക്കാൾ വേഗത്തിൽ ഉത്പാദനശേഷി ഉയർന്നാൽ ഡിസ്റ്റിലറികളുടെ പ്രവർത്തനക്ഷമതയെ അത് ബാധിച്ചേക്കാം. ഈ സാഹചര്യത്തിലാണ് ഉത്പന്നത്തിന് പുതിയ വിപണി സാധ്യതകൾ തേടാൻ സർക്കാർ കർമ്മപദ്ധതി തയ്യാറാക്കുന്നത്.
Also Read: യു.പി.ഐ ഇന്റർനാഷണൽ സൗകര്യം വ്യാപിപ്പിച്ചു; വിദേശ ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഭാവിയിൽ എഥനോൾ ബ്ലെൻഡിങ് 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്തണമെങ്കിൽ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങളുടെ വ്യാപനം അനിവാര്യമാണെന്ന് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് തരുൺ കപൂർ വ്യക്തമാക്കി. നിലവിലുള്ള വാഹനങ്ങളിൽ ഉയർന്ന അളവിൽ എഥനോൾ ഉപയോഗിക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ മറികടക്കാൻ ഫ്ലെക്സ്-ഫ്യൂവൽ വാഹനങ്ങൾക്ക് പ്രാധാന്യം നൽകേണ്ടതുണ്ട്. ക്രൂഡ് ഓയിൽ ഇറക്കുമതി കുറച്ച് രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വ്യാവസായിക ഉപയോഗം, കയറ്റുമതി, ഫ്ലെക്സ് ഫ്യൂവൽ വ്യാപനം എന്നിവയിലൂടെ എഥനോൾ വിപണിയെ കൂടുതൽ വിശാലമാക്കാനാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.






