രാജ്യത്തെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികൾ കടുത്ത ആശങ്കയിലേക്ക്. ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുതിയ പ്രതിസീതി സൃഷ്ടിച്ചുകൊണ്ട് ആർബിഐ നിർദേശിച്ച മർച്ചന്റ് റീ-കെവൈസി പൂർത്തിയാക്കാനുള്ള അവസാന തീയതിയായ 2026 സെപ്റ്റംബർ 15 അടുത്തു കഴിഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ രേഖകൾ സമർപ്പിച്ച് കെവൈസി പുതുക്കാത്ത പക്ഷം ചെറുകിട കച്ചവടക്കാരുടെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ പണമിടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
ഓൺലൈൻ, ഓഫ്‌ലൈൻ, ക്രോസ്-ബോർഡർ തുടങ്ങി എല്ലാ വിഭാഗം വ്യാപാരികൾക്കും ഈ കേന്ദ്രബാങ്ക് നിർദേശം കർശനമായി ബാധകമാണ്. ക്യുആർ കോഡുകൾ മാത്രം ഉപയോഗിക്കുന്ന ഓഫ്‌ലൈൻ വ്യാപാരികളിൽ 30 മുതൽ 35 ശതമാനം വരെ ആളുകൾക്ക് സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സാധിച്ചേക്കില്ലെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടാതെ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ചെറിയ ബിസിനസ് സ്ഥാപനങ്ങളും സമയബന്ധിതമായി രേഖകൾ നൽകാനാകാതെ പ്രതിസന്ധിയിലാകാൻ സാധ്യതയുണ്ട്. പ്രമുഖ പേയ്മെന്റ് ആപ്പുകളായ പേടിഎം, ഫോൺപേ, ഗൂഗിൾ പേ തുടങ്ങിയവയെല്ലാം ഈ പ്രതിസന്ധി നേരിടാനുള്ള തയ്യാറെടുപ്പുകളിലാണെങ്കിലും പല വ്യാപാരികളും ഇനിയും വിവരങ്ങൾ പുതുക്കിയിട്ടില്ല.
Also Read: അടുത്ത വർഷം ഡിജിറ്റൽ ലോകം എഐ കൈയ്യടക്കും; ഞെട്ടിക്കുന്ന പ്രവചനവുമായി ഇലോൺ മസ്ക്!
2025 സെപ്റ്റംബറിലാണ് പേയ്മെന്റ് അഗ്രിഗേറ്ററുകളെ തരംതിരിച്ചുകൊണ്ട് ആർബിഐ പുതിയ മാസ്റ്റർ ഡയറക്ഷനുകൾ പുറത്തിറക്കിയത്. ഇതിന്റെ ഭാഗമായി നിലവിലുള്ള എല്ലാ വ്യാപാരികളും 2026 സെപ്റ്റംബർ 15-നകം പൂർണ്ണമായ റീ-കെവൈസി പൂർത്തിയാക്കണമെന്നും, അല്ലാത്തപക്ഷം പണമിടപാടുകൾ താൽക്കാലികമായി നിർത്തിവെയ്ക്കണമെന്നുമാണ് ഉത്തരവിലുള്ളത്. എന്നാൽ രാജ്യത്തെ മൊത്തത്തിലുള്ള യുപിഐ സംവിധാനം നിലയ്ക്കുകയല്ല ചെയ്യുന്നത്, മറിച്ച് കെവൈസി പൂർത്തിയാക്കാത്ത വ്യാപാരികൾക്ക് പണം സ്വീകരിക്കുന്നതിലാണ് തടസ്സങ്ങൾ നേരിടുക. സൗണ്ട്ബോക്സ് ഉപയോഗിക്കുന്ന വലിയ കടകളിൽ നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ടെങ്കിലും സാധാരണ ക്യുആർ കോഡ് മാത്രം ആശ്രയിക്കുന്ന ചെറിയ കടകളിലാണ് ആശങ്ക കൂടുതൽ നിലനിൽക്കുന്നത്.
രാജ്യത്തെ മൊത്തത്തിലുള്ള ഡിജിറ്റൽ ഇടപാടുകളുടെ കണക്കിൽ വലിയ ഇടിവ് ഉണ്ടാക്കാൻ ഇത് ഇടയാക്കില്ലെങ്കിലും, ഓരോ ചെറുകിട വ്യാപാരിയെ സംബന്ധിച്ചും ഇത് കച്ചവടത്തെ നേരിട്ട് ബാധിക്കുന്ന വലിയൊരു പ്രതിസന്ധിയാണ്. അതിനാൽ യുപിഐ ക്യുആർ കോഡ് വഴി പണം സ്വീകരിക്കുന്ന എല്ലാ വ്യാപാരികളും എത്രയും പെട്ടെന്ന് തങ്ങളുടെ റീ-കെവൈസി സ്റ്റാറ്റസ് പരിശോധിച്ച് ആവശ്യമായ രേഖകൾ നൽകി ഡിജിറ്റൽ ഇടപാടുകൾ സുരക്ഷിതമാക്കേണ്ടതാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






