വീണ്ടും അധികാരത്തിലെത്തുന്നതിന് മുമ്പ് തന്നെ ട്രംപിന്റെ മിഡിൽ ഈസ്റ്റിൽ ഉയർന്നു വരുന്ന സ്വാധീനത്തെ പറ്റിയുള്ള ചർച്ചകളും ദിനംപ്രതി വർധിച്ച് വരുകയാണ്. ഇസ്രയേൽ-പലസ്തീൻ വെടി നിർത്തൽ കരാറിൽ ട്രംപ് നടത്തിയ ഇടപെടൽ തന്നെയാണ് ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. കഴിഞ്ഞ മെയ്യിൽ വെടി നിർത്തൽ കരാറിനായി ഇസ്രയേൽ പ്രതിനിധികളുമായി ചേർന്ന് ബൈഡൻ തയാറാക്കിയ കരാർ ട്രംപ് വെട്ടി കളഞ്ഞിരുന്നു. ഇസ്രയേൽ- ഹമാസ് വിഷയത്തിൽ ബൈഡന്റെ മൃദു സമീപനത്തെ ട്രംപ് വിമർശിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള പിന്തുണ ട്രംപ് അറിയിക്കുകയും ചെയ്യുന്നുണ്ട്. ജറുസലേമിനെ ഇസ്രയേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കുന്നതും ഇറാൻ ആണവ കരാറിൽ നിന്ന് പിന്മാറുന്നതും ഉൾപ്പെടെ മിഡിൽ ഈസ്റ്റിനോടുള്ള ട്രംപിന്റെ മുൻ നയങ്ങളിൽ നിന്ന് പുതിയ സമീപനം രൂപപ്പെടാനുള്ള സാധ്യതകൾ ഉയർന്നു വരികയാണ്. ഇസ്രയേൽ, സൗദി അറേബ്യ തുടങ്ങിയ പ്രധാന സഖ്യ കക്ഷികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ട്രംപിൻ്റെ ഓഫീസിലേക്കുള്ള മടങ്ങിവരവ് മിഡിൽ ഈസ്റ്റിനോടുള്ള വിദേശ നയങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കിയേക്കാം എന്നതും ശ്രദ്ധേയമാണ്.
ബൈഡനെ അപേക്ഷിച്ച് കടുത്ത സമ്മർദമാണ് ഇസ്രയേൽ-ഹമാസ് വിഷയത്തിൽ ട്രംപ് ചെലുത്തിയിട്ടുള്ളത്. മറുവശത്ത്, നെതന്യാഹു തന്റെ രാജ്യത്തിനകത്ത് തന്നെ ഒരു സഖ്യ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഹമാസുമായി കരാറിലേർപ്പെടുന്നതിൽ നെതന്യാഹു സർക്കാരിനെ പിന്തുണച്ച തീവ്ര ദേശീയ രാഷ്ട്രീയ നിലപാടുകാരിൽ നിന്ന് തന്നെ നെതന്യാഹുവിന് എതിർപ്പുകളുയരുകയാണ്. ഹമാസിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചാൽ മാത്രമേ തൻ്റെ പാർട്ടി സർക്കാരിനെ പിന്തുണയ്ക്കുന്നത് തുടരുകയുള്ളൂവെന്നാണ് ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ വ്യക്തമാക്കിയത്. ഗവൺമെൻ്റ് യുദ്ധം പുനരാരംഭിക്കണമെന്നും ഗാസയ്ക്കുള്ള എല്ലാ സഹായങ്ങളും നിർത്തലാക്കണമെന്നും ആത്യന്തികമായി ഹമാസിനെ നശിപ്പിക്കണമെന്നുമാണ് ബെൻ-ഗ്വിർ ആവശ്യപ്പെടുന്നത്. ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ, രാജിവെക്കുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തുന്നു.

പക്ഷെ ഇതൊന്നും ഡോണൾഡ് ട്രംപ് കാര്യമായി എടുക്കുന്നില്ല. ട്രംപ് നെതന്യാഹുവിന്റെ താൽപര്യങ്ങൾക്ക് മുന്നിൽ തന്റെ പ്രസിഡന്റ് പദവിയുടെ താൽപര്യങ്ങൾക്കാണ് മുൻഗണന കൊടുത്തത്. അതേസമയം ബൈഡൻ തിരഞ്ഞെടുപ്പിലെ നേട്ടത്തിന് വേണ്ടി ഗാസയിൽ നടക്കുന്ന ക്രൂരതകൾ കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത് എന്നതും പ്രസക്തമാണ്. ബൈഡൻ ഒത്തു തീർപ്പ് കരാറിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും പലസ്തീനിലെ ഇസ്രയേലി അധിനിവേശത്തെ വിമർശിക്കുകയും ചെയ്തിരുന്നുവെങ്കിലും സംഘർഷങ്ങളോടുള്ള ബൈഡൻ ഭരണകൂടത്തിൻ്റെ നയം ഇസ്രയേലിനോടുള്ള പരമ്പരാഗത അമേരിക്കൻ മനോഭാവത്തിന് സമാനമായിരുന്നു. നവംബറിൽ ട്രംപ് വൻ വിജയം നേടിയപ്പോൾ ഇസ്രയേലിൻറെ ദേശീയ വലതു പക്ഷം സന്തോഷിച്ചിരുന്നു. ബൈഡൻ നൽകിയതിനെക്കാൾ കൂടുതൽ പരിഗണന ട്രംപിന്റെ ഭാഗത്ത് നിന്ന് ലഭിക്കുമെന്ന് അവർ കരുതി.
Also Read : ഗാസയെ ചുടലക്കളമാക്കിയിട്ടും നഷ്ടം ഇസ്രയേലിന്, കൊന്നുമുടിച്ചതിനും കണക്ക് പറയണം
നിലവിൽ ഡോണൾഡ് ട്രംപിൻ്റെ രണ്ടാമത്തെ പ്രസിഡൻ്റ് സ്ഥാനം അദ്ദേഹത്തിൻ്റെ ആദ്യ ടേമിൽ നിന്ന് വ്യത്യസ്തമാകുമെന്ന് പ്രതീക്ഷിക്കാം. 2021-ൽ ഡോണൾഡ് ട്രംപ് സ്ഥാനമൊഴിഞ്ഞതിനുശേഷം ഇസ്രയേലും മിഡിൽ ഈസ്റ്റും കാര്യമായ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ട്. 2021 ൽ അധികാരത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഉള്ള അവസ്ഥയല്ല തിരികെ വരുമ്പോൾ ഉള്ളത്. പ്രസിഡന്റ് എന്ന നിലയിൽ മിഡിൽ ഈസ്റ്റിനോടുള്ള ട്രംപിന്റെ പെരുമാറ്റം എങ്ങനെ ആയിരിക്കുമെന്ന് ഏകദേശ രൂപം ലഭിക്കുന്നത് ട്രംപിന്റെ ആദ്യ ടേമിലെ രണ്ടാം വർഷത്തിലാണ്. അതായത് 2018 മെയ് 14 ന് ഇസ്രയേൽ സൈന്യം ഗാസയിലെ അമേരിക്കൻ എംബസിക്ക് നേരെ നടത്തിയ ആക്രമണത്തിൽ 58 പേർ കൊല്ലപ്പെടുകയും 2000ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തോടെ. ഒരു പക്ഷേ 2023 ലെ ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിൽ എല്ലാവരും അത് മറന്നു പോയേക്കാം. അന്നത്തെ പത്ര വാർത്തയുടെ ഒരു വശത്ത് ദുരന്തത്തിന്റെ വാർത്തകൾ പ്രചരിക്കപ്പെട്ടപ്പോൾ മറുവശത്ത് 2018 മെയ് 14 ന് ജറുസലേമിൽ ട്രംപ് ഭരണകൂടത്തിൻ്റെ പ്രതിനിധികളായ ഇവാങ്ക ട്രംപും ജാരെഡ് കുഷ്‌നറും പുതിയ അമേരിക്കൻ എംബസി ഉദ്ഘാടനം ചെയ്യുന്ന വാർത്തകൾ ആയിരുന്നു പുറത്ത് വന്നിരുന്നത്. ജറുസലേമിനെ ഇസ്രയേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കുമെന്നും ടെൽ അവീവിൽ നിന്ന് എംബസി മാറ്റി സ്ഥാപിക്കുമെന്നുമുള്ള പ്രസിഡൻ്റ് ട്രംപിൻ്റെ വാഗ്ദാനം നിറവേറ്റുന്നതിന്റെ ഭാഗമായിരുന്നു ഈ നീക്കം.

അമേരിക്കൻ എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റാനും ജറുസലേമിനെ ഇസ്രയേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കാനുമുള്ള ഡോണൾഡ് ട്രംപിൻ്റെ തീരുമാനം ഒരു പ്രധാന പ്രചാരണ വാഗ്ദാനമായിരുന്നു. പ്രാഥമികമായി തൻ്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലക്ഷ്യം ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളെ ആകർഷിക്കുക എന്നതായിരുന്നു. ഇസ്രയേലിൻ്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിക്കുന്നതിന് വേണ്ടി ദീർഘകാലമായി വാദിക്കുന്ന യാഥാസ്ഥിതിക ക്രിസ്ത്യൻ അനുഭാവികളോടുള്ള ട്രംപിൻ്റെ പ്രതിജ്ഞയുടെ പൂർത്തീകരണമായാണ് ഈ നീക്കം കാണേണ്ടത്. തൻ്റെ രാഷ്ട്രീയ അടിത്തറയുടെ നിർണായക ഭാഗമായ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളുമായുള്ള അദ്ദേഹത്തിൻ്റെ അടുത്ത ബന്ധമാണ് ഇസ്രയേലിനെക്കുറിച്ചുള്ള ട്രംപിൻ്റെ നിലപാട് രൂപപ്പെടുത്തിയത്. അതിനനുസരിച്ചാണ് ട്രംപ് തന്റെ വിദേശ നയവും രൂപപ്പെടുത്തിയത്.
Also Read : ഇറാന് റഷ്യ ആണവ – സൈനിക സഹായം നൽകും, അമേരിക്കൻ ചേരിയെ ഞെട്ടിക്കുന്ന തീരുമാനം ഉടൻ
അമേരിക്കയും ഇസ്രയേലും തമ്മിലുള്ള ബന്ധം ചരിത്രപരമായി ശക്തമായിരുന്നു. എല്ലാ അമേരിക്കൻ പ്രസിഡൻ്റുമാരും ഇസ്രായേലിനെ ഏതെങ്കിലും തരത്തിൽ പിന്തുണച്ചിരുന്നവരാണ്. അമേരിക്കൻ എംബസി ടെൽ അവീവിൽ നിന്ന് ജറുസലേമിലേക്ക് മാറ്റാനുള്ള ഡോണൾഡ് ട്രംപിൻ്റെ തീരുമാനം ഈ പരമ്പരാഗത സമീപനത്തിനും ദീർഘകാല അന്താരാഷ്ട്ര നയത്തിനുമേറ്റ തിരിച്ചടി ആയിരുന്നു. പതിറ്റാണ്ടുകളായി, ഇസ്രയേലിൻ്റെ പാശ്ചാത്യ സഖ്യകക്ഷികളും മറ്റ് രാജ്യങ്ങളും തങ്ങളുടെ എംബസികൾ ടെൽ അവീവിൽ തന്നെയാണ് നിലനിർത്തിയിരുന്നത്.

എന്നാൽ എംബസി മാറ്റം അത്യന്തം വിവാദപരമായിരുന്നു. ഈ തീരുമാനം അമേരിക്കൻ നയത്തിലെ ഒരു പ്രധാന മാറ്റമായി കാണപ്പെട്ടു. ട്രംപിൻ്റെ നടപടിയെ അന്താരാഷ്ട്ര സമൂഹവും വ്യാപകമായി വിമർശിച്ചു. ഇസ്രയേൽ-പലസ്തീൻ പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതകളെ ഇത് അട്ടിമറിക്കുന്നുവെന്ന് പല രാജ്യങ്ങളും വാദിച്ചു. യുഎൻ ജനറൽ അസംബ്ലി, തീരുമാനത്തെ അപലപിച്ചുകൊണ്ട് ഒരു പ്രമേയം പാസാക്കുകയും ചെയ്തു. പലസ്തീൻ നേതൃത്വം ഇത് അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണെന്ന് അപലപിച്ചു. ഈ വിമർശനങ്ങൾക്കിടയിലും, ജറുസലേമിനെ ഇസ്രയേലിൻ്റെ തലസ്ഥാനമായി അംഗീകരിക്കണമെന്ന് ദീർഘകാലമായി വാദിച്ച ഇസ്രയേലിൻ്റെ ദേശീയ വലതുപക്ഷത്തിൻ്റെ വലിയ വിജയമായാണ് ട്രംപിൻ്റെ തീരുമാനം വിലയിരുത്തപ്പെടുന്നത്. ഈ നീക്കത്തെ അമേരിക്കയിലെ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികളും വ്യാപകമായി പിന്തുണച്ചു. തൻ്റെ മുൻഗാമിയായ ബരാക് ഒബാമയുടെ ഏറ്റവും വലിയ വിദേശനയ നേട്ടം പാളം തെറ്റിയതിൻ്റെ സംതൃപ്തിയും അദ്ദേഹത്തിനുണ്ടായിരുന്നു.
Also Read :അമേരിക്കൻ കളികൾ ഇനി അധികകാലമില്ല, കൂടുതൽ ശക്തരായി ബ്രിക്സ്
2020ൽ അമേരിക്കൻ ഭരണകൂടം മറ്റൊരു സമ്മാനം കൂടി ഇസ്രയേലിന് നൽകി. ഇസ്രയേലും നാല് അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലാക്കിയ ചരിത്രപരമായ ഉടമ്പടിയായ എബ്രഹാം ഉടമ്പടിയുടെ ഇടനിലക്കാരനായി ജാരെഡ് കുഷ്‌നർ എത്തി. ഈ കരാർ ട്രംപ് ഭരണകൂടത്തിന് ഒരു സുപ്രധാന നേട്ടമായിരുന്നു. ഇത് മിഡിൽ ഈസ്റ്റ് രാഷ്ട്രീയത്തിൽ ഒരു വലിയ മാറ്റം അടയാളപ്പെടുത്തി. കരാറിൻ്റെ ഭാഗമായി, അമേരിക്ക ഓരോ രാജ്യത്തിനും അവരുടെ സഹകരണം ഉറപ്പാക്കാൻ ആയുധങ്ങൾ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്തു. എന്നാൽ ഗാസ, വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലേം എന്നിവിടങ്ങളിൽ പലസ്തീനികളെ സ്വന്തം രാജ്യം സ്ഥാപിക്കാൻ അനുവദിക്കുന്നതിന് പകരമായി ഇസ്രയേലിന് പൂർണ്ണമായ അംഗീകാരം വാഗ്ദാനം ചെയ്ത ദീർഘകാല അറബ് സമാധാന സംരംഭമായ എബ്രഹാം കരാർ ഉപേക്ഷിക്കപ്പെട്ടു. ആത്യന്തികമായി കാലാകാലങ്ങളായുള്ള അമേരിക്കൻ ഭരണകൂടങ്ങളുടെ ഇസ്രയേലിനോടും മിഡിൽ ഈസ്ററിനോടുമുള്ള ട്രംപിന്റെ മനോഭാവത്തിൽ മാറ്റം ഉണ്ടായതായി ഇതിൽ നിന്നൊക്കെ തന്നെ മനസ്സിലാക്കാം.