കുവൈത്തിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്നുവോ? പെന്റഗണിന്റെ ആ നീക്കത്തിന് പിന്നിൽ വൻ രഹസ്യം!

ചില റിപ്പോർട്ടുകൾ പ്രകാരം, മാർച്ചിൽ നടന്ന ആക്രമണങ്ങളിലൊന്നിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വലിയ സൈനിക താവളങ്ങൾ ഒരിടത്ത് കേന്ദ്രീകരിച്ച് നിലനിർത്തുന്നതിന് പകരം, ചെറിയതും വ്യാപിച്ചതുമായ സൈനിക വിന്യാസ മാതൃകയിലേക്ക് മാറാനുള്ള സാധ്യത അമേരിക്ക പരിശോധിക്കുന്നതെന്നാണ് വിലയിരുത്തൽ

കുവൈത്തിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്നുവോ? പെന്റഗണിന്റെ ആ നീക്കത്തിന് പിന്നിൽ വൻ രഹസ്യം!
കുവൈത്തിൽ നിന്ന് അമേരിക്കൻ സൈന്യം പിന്മാറുന്നുവോ? പെന്റഗണിന്റെ ആ നീക്കത്തിന് പിന്നിൽ വൻ രഹസ്യം!

രു യുദ്ധത്തിന്റെ യഥാർഥ പ്രത്യാഘാതങ്ങൾ പലപ്പോഴും വെടിനിർത്തലിന് ശേഷമാണ് വ്യക്തമായി കാണാൻ കഴിയുന്നത്. മിസൈലുകൾ നിശ്ശബ്ദമാകുമ്പോഴും, സൈനിക ആസ്ഥാനങ്ങളിൽ പുതിയ തന്ത്രങ്ങൾ രൂപംകൊള്ളുകയും രാഷ്ട്രീയ തലങ്ങളിൽ കടുത്ത വിലയിരുത്തലുകൾ ആരംഭിക്കുകയും ചെയ്യുന്നു. ഇറാനുമായുണ്ടായ ഏറ്റവും പുതിയ സംഘർഷത്തിന് പിന്നാലെ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ് മധ്യപൂർവേഷ്യയിലെ തങ്ങളുടെ സൈനിക സാന്നിധ്യം പഴയതുപോലെ നിലനിർത്താനാകുമോ എന്നത്. പ്രത്യേകിച്ച് പതിറ്റാണ്ടുകളായി അമേരിക്കയുടെ ഏറ്റവും നിർണായക സൈനിക താവളങ്ങളിലൊന്നായി കണക്കാക്കപ്പെട്ടിരുന്ന കുവൈത്തിലെ സൈനിക വിന്യാസം പുനഃപരിശോധിക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത് അന്താരാഷ്ട്ര പ്രതിരോധ വൃത്തങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

വാൾ സ്ട്രീറ്റ് ജേണൽ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച്, ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ സൃഷ്ടിച്ച നഷ്ടങ്ങളും സുരക്ഷാ വെല്ലുവിളികളും വിലയിരുത്തിക്കൊണ്ട് കുവൈറ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം കുറയ്ക്കാനുള്ള സാധ്യത പെന്റഗൺ പരിശോധിച്ചുവരികയാണ്. ഇത് ഒരു സാധാരണ സൈനിക പുനഃക്രമീകരണമെന്നതിലുപരി, മധ്യപൂർവേഷ്യയിലെ അമേരിക്കയുടെ ദീർഘകാല പ്രതിരോധ നയത്തിൽ നിർണായകമായ മാറ്റത്തിന് തുടക്കമാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ മുമ്പെങ്ങുമില്ലാത്ത വിധം നേരിട്ടാക്രമണങ്ങൾക്ക് ഇരയായ സാഹചര്യത്തിൽ, വലിയ സൈനിക താവളങ്ങൾ നിലനിർത്തുന്നത് തന്നെ കൂടുതൽ അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടോ എന്നതാണ് ഇപ്പോൾ പെന്റഗൺ വിലയിരുത്തുന്നത്.

കുവൈറ്റിലെ മുൻ അമേരിക്കൻ അംബാസഡറായ ഡഗ്ലസ് സില്ലിമാന്റെ അഭിപ്രായവും ഈ സാഹചര്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്. ഇറാന്റെ ആക്രമണങ്ങൾക്ക് ശേഷം കുവൈറ്റിലെ ജനങ്ങളിൽ അമേരിക്കൻ സൈനിക സാന്നിധ്യം സുരക്ഷയ്ക്കുപകരം ഒരു ബാധ്യതയാണെന്ന ചിന്ത ശക്തിപ്പെട്ടിട്ടുണ്ടെങ്കിലും, അതേ സമയം രാജ്യത്തിന്റെ പ്രതിരോധത്തിനായി അമേരിക്കയുടെ സാന്നിധ്യം ഇപ്പോഴും നിർണായകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “പ്രതിരോധത്തിൽ മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം എന്താണെന്ന് കണ്ടെത്താൻ ഇരുരാജ്യങ്ങളും ശ്രമിക്കുകയാണ്” എന്ന അദ്ദേഹത്തിന്റെ വിലയിരുത്തൽ നിലവിലെ സാഹചര്യത്തിന്റെ സങ്കീർണത വ്യക്തമാക്കുന്നു.

1991-ലെ ഗൾഫ് യുദ്ധത്തിന് ശേഷമാണ് കുവൈറ്റ് അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട സൈനിക പങ്കാളികളിലൊന്നായി മാറിയത്. ഇറാഖ് കുവൈറ്റ് അധിനിവേശം നടത്തിയതിനെത്തുടർന്ന് അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യസേന ഇറാഖി സൈന്യത്തെ പുറത്താക്കിയതിന് ശേഷം, അമേരിക്ക കുവൈത്തിൽ വൻതോതിൽ സൈനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചു. പിന്നീട് 2003-ൽ ഇറാഖിലേക്ക് നടത്തിയ അമേരിക്കൻ അധിനിവേശത്തിനുള്ള പ്രധാന വിക്ഷേപണ കേന്ദ്രമായി കുവൈത്ത് പ്രവർത്തിക്കുകയും ചെയ്തു. അതിനുശേഷമുള്ള വർഷങ്ങളിൽ പതിനായിരക്കണക്കിന് അമേരിക്കൻ സൈനികർക്ക് താമസവും പരിശീലനവും യുദ്ധസജ്ജീകരണവും നൽകുന്ന പ്രധാന സൈനിക കേന്ദ്രമായി കുവൈറ്റ് മാറി.

അമേരിക്കയ്ക്ക് കുവൈത്ത് ഒരു സാധാരണ സൈനിക താവളമല്ല. പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇറാഖ്, ഇറാൻ, സൗദി അറേബ്യ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സൈനിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രങ്ങളിലൊന്നാണ് ഇത്. അതേസമയം, ഇറാനെതിരെ അമേരിക്ക സ്വീകരിക്കുന്ന പ്രതിരോധ-നിരീക്ഷണ നടപടികളിൽ കുവൈറ്റിലെ വ്യോമതാവളങ്ങളും സൈനിക കേന്ദ്രങ്ങളും നിർണായക പങ്കാണ് വഹിച്ചിരുന്നത്.

എന്നാൽ ഏറ്റവും പുതിയ ഇറാൻ-അമേരിക്ക സംഘർഷം ഈ സമവാക്യത്തെ മാറ്റിമറിച്ചിരിക്കുകയാണ്. അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ മധ്യപൂർവേഷ്യയിലുടനീളമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കെതിരെ വ്യാപകമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് കുവൈറ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഈ ആക്രമണങ്ങളിൽ പ്രധാന ലക്ഷ്യങ്ങളായിരുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇറാൻ സൈന്യത്തിന്റെ പ്രസ്താവനകൾ പ്രകാരം, കുവൈത്തിലെ അമേരിക്കൻ നിയന്ത്രണത്തിലുള്ള അഹമ്മദ് അൽ-ജാബർ വ്യോമതാവളത്തിലെ യുദ്ധവിമാന ഹാംഗറുകൾ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ, ആയുധ-ഉപകരണ സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. സ്ഫോടകവസ്തുക്കൾ നിറച്ച കാമികാസെ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഈ വ്യോമതാവളം അമേരിക്കയുടെ വ്യോമനിരീക്ഷണ-ആക്രമണ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമാണെന്നും ഇറാൻ അവകാശപ്പെട്ടു.

ഇറാന്റെ അവകാശവാദമനുസരിച്ച്, ഖേഷ്ം ദ്വീപിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രതികാരമായാണ് ഈ ആക്രമണങ്ങൾ നടന്നത്. ജനവാസ മേഖലകളെ ലക്ഷ്യമിട്ട അമേരിക്കൻ നടപടിയെ “മാനുഷിക തത്വങ്ങളുടെ ലംഘനം” എന്നും “യുദ്ധക്കുറ്റം” എന്നും വിശേഷിപ്പിച്ച ഇറാൻ, അതിന് മറുപടിയായാണ് ‘ഓപ്പറേഷൻ തണ്ടർബോൾട്ട്’ എന്ന പേരിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്തിയതെന്ന് അറിയിച്ചു. എന്നാൽ ഈ അവകാശവാദങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചില റിപ്പോർട്ടുകൾ പ്രകാരം, മാർച്ചിൽ നടന്ന ആക്രമണങ്ങളിലൊന്നിൽ അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായും സൈനിക അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പറയുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വലിയ സൈനിക താവളങ്ങൾ ഒരിടത്ത് കേന്ദ്രീകരിച്ച് നിലനിർത്തുന്നതിന് പകരം, ചെറിയതും വ്യാപിച്ചതുമായ സൈനിക വിന്യാസ മാതൃകയിലേക്ക് മാറാനുള്ള സാധ്യത അമേരിക്ക പരിശോധിക്കുന്നതെന്നാണ് വിലയിരുത്തൽ.

വാഷിംഗ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നിയർ ഈസ്റ്റ് പോളിസിയിലെ (WINEP) ഫെലോയും മുൻ പെന്റഗൺ ഉദ്യോഗസ്ഥയുമായ എലിസബത്ത് ഡെന്റിന്റെ അഭിപ്രായവും ഈ ചർച്ചയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. ഇറാനുമായുള്ള സംഘർഷം ദീർഘകാലത്തേക്ക് നീണ്ടാൽ, കുവൈറ്റിൽ ഇത്രയും വലിയ അമേരിക്കൻ സൈനിക സാന്നിധ്യം നിലനിർത്തുന്നത് തന്ത്രപരമായി ഇപ്പോഴും പ്രയോജനകരമാണോയെന്ന ചോദ്യമാണ് അമേരിക്ക പരിശോധിക്കുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു. ഭാവിയിൽ കൂടുതൽ കൃത്യമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നേരിടേണ്ടി വന്നാൽ വലിയ സൈനിക താവളങ്ങൾ തന്നെ പ്രധാന ലക്ഷ്യങ്ങളാകാൻ സാധ്യതയുണ്ടെന്നും അതിനാൽ പ്രതിരോധ തന്ത്രങ്ങളിൽ മാറ്റം അനിവാര്യമാകാമെന്നും പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു.

ഇതിനിടെ, കുവൈത്തും സ്വന്തം ദേശീയ സുരക്ഷാ സമീപനം പുനഃപരിശോധിക്കുന്ന ഘട്ടത്തിലാണ്. അമേരിക്കൻ സൈനിക സാന്നിധ്യം രാജ്യത്തിന് സുരക്ഷ ഉറപ്പാക്കുന്ന ഘടകമാണെങ്കിലും, അതേ സാന്നിധ്യം ഭാവിയിൽ ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങൾക്ക് കുവൈറ്റിനെ നേരിട്ടുള്ള ലക്ഷ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കുമോയെന്ന ആശങ്കയും ഉയർന്നുവരുന്നുണ്ട്. അതിനാൽ തന്നെ അമേരിക്കയും കുവൈറ്റും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന്റെ പുതിയ രൂപരേഖയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായിരിക്കുകയാണ്.

മധ്യപൂർവേഷ്യയിലെ സുരക്ഷാ സാഹചര്യം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ഘട്ടത്തിൽ, കുവൈത്തിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തെക്കുറിച്ചുള്ള പെന്റഗണിന്റെ അന്തിമ തീരുമാനം ആ മേഖലയിലെ ശക്തിസമവാക്യങ്ങളെ നേരിട്ട് സ്വാധീനിക്കാൻ സാധ്യതയുണ്ട്. സൈനികരുടെ എണ്ണം കുറയ്ക്കുന്നതായാലും, താവളങ്ങളുടെ ഘടന പുനഃസംഘടിപ്പിക്കുന്നതായാലും, അല്ലെങ്കിൽ കൂടുതൽ ആധുനിക മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കുന്നതായാലും, അമേരിക്ക സ്വീകരിക്കുന്ന അടുത്ത നീക്കം മധ്യപൂർവേഷ്യയിലെ സുരക്ഷാ രാഷ്ട്രീയത്തിന്റെ ഭാവിയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറുമെന്നതാണ് അന്താരാഷ്ട്ര നിരീക്ഷകരുടെ വിലയിരുത്തൽ.

Share Email
Top