മൂന്ന് വർഷം കൊണ്ട് യുഡിഎഫ് ഭരണം വീഴും ? ‘തല’ മാറിയാൽ ഇടതിൻ്റെ ‘തലവര’ തന്നെ മാറും !

നിയമസഭാ തിരഞ്ഞെടുപ്പ് 2029-ൽ നടക്കാനുള്ള സാധ്യത വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിൽ ഇടതുപക്ഷ അനുകൂലികളുടെ പ്രതീക്ഷയും ആത്മവിശ്വാസവും കൂടിയാണ് വർദ്ധിക്കുന്നത്

മൂന്ന് വർഷം കൊണ്ട് യുഡിഎഫ് ഭരണം വീഴും ? ‘തല’ മാറിയാൽ ഇടതിൻ്റെ ‘തലവര’ തന്നെ മാറും !
മൂന്ന് വർഷം കൊണ്ട് യുഡിഎഫ് ഭരണം വീഴും ? ‘തല’ മാറിയാൽ ഇടതിൻ്റെ ‘തലവര’ തന്നെ മാറും !

പ്രതിപക്ഷ എംപിമാരെ പിളർത്തി ബിജെപി ഇപ്പോൾ നടത്തുന്ന സർജിക്കൽ സ്‌ട്രൈക്ക്, 2029-ൽ എല്ലാ തിരഞ്ഞെടുപ്പും ഒരുമിച്ച് നടക്കാനുള്ള സാധ്യതയാണ് വർദ്ധിപ്പിക്കുന്നത്. ഇതോടെ 3 വർഷത്തെ ഭരണം കൊണ്ട് യുഡിഎഫിന് കേരള ഭരണത്തിൽ നിന്നു പുറത്തു പോകേണ്ട സാഹചര്യവും തളളിക്കളയാൻ കഴിയുന്നതല്ല.

വിഡി സർക്കാറിൻ്റെ തുടക്കം തന്നെ പിഴച്ചിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള തർക്കം മുതൽ, സർക്കാർ നിയമനങ്ങളിൽ വരെ, മുഖ്യമന്ത്രി വിഡി സതീശൻ്റെ ഏകപക്ഷീയമായ നിലപാടുകൾ, വലിയ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. സതീശനെ പിന്തുണച്ച മാധ്യമങ്ങൾക്ക് വരെ അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിക്കുന്നതിലും, യുഡിഎഫിന് ഭരണം ലഭിക്കുന്നതിനും പ്രധാന കാരണമായി മാറിയ മത ന്യൂനപക്ഷങ്ങൾ, പ്രത്യേകിച്ച് മുസ്ലിം വിഭാഗം, യുഡിഎഫിൽ നിന്നും അകന്നു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദിനംപ്രതി ഇപ്പോൾ നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്.

കേന്ദ്ര പദ്ധതിയായ പിഎംശ്രീ പദ്ധതി യുഡിഎഫ് അധികാരത്തിൽ വന്നാൽ അറബിക്കടലിൽ ചവിട്ടി താഴ്ത്തുമെന്ന് പറഞ്ഞ ലീഗ് നേതാക്കൾ അടക്കം നിലപാട് മാറ്റി മലക്കം മറിഞ്ഞത് യുഡിഎഫ് അണികളെ പോലും കടുത്ത നിരാശയിലാക്കി കഴിഞ്ഞിട്ടുണ്ട്. സമസ്‌ത മുഖപത്രമായ സുപ്രഭാതത്തിന് തന്നെ സർക്കാറിനെ വിമർശിച്ച് ലേഖനം എഴുതേണ്ടി വന്നതും, യുഡിഎഫ് സർക്കാർ നേരിടുന്ന പ്രധാന പ്രതിസന്ധിയാണ്.

പിണറായി സർക്കാർ പിഎംശ്രീ പദ്ധതിയിൽ ആദ്യം ഒപ്പിട്ടെങ്കിലും പിന്നീട് സിപിഐ നിലപാട് ശക്തമാക്കിയപ്പോൾ നിലപാട് തിരുത്തി, ഈ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടതില്ലന്ന് തീരുമാനിക്കുകയാണ് ചെയ്തത്. ഇക്കാര്യം അന്നത്തെ പിണറായി സർക്കാർ തന്നെ വ്യക്തമാക്കിയ കാര്യവുമാണ്. അത്തരം ഒരു നിലപാട് വീരശൂര പരാക്രമിയായ വിഡി സതീശൻ സർക്കാറിന് സ്വീകരിക്കാൻ കഴിയാത്തത്, യുഡിഎഫിൻ്റെ തനിനിറമാണ് യഥാർത്ഥത്തിൽ തുറന്നു കാട്ടുന്നത്.

ALSO READ: പുതിയ ചീഫ് സെക്രട്ടറി ജ്യോതിലാൽ ! തീരുമാനം എടുക്കുക മുഖ്യമന്ത്രിയോ ? മന്ത്രിസഭയോ ? അതോ യുഡിഎഫോ ?

മാത്രമല്ല ലീഗുകാരനായ വിദ്യാഭ്യാസമന്ത്രി പോലും ഈ പദ്ധതി നടപ്പാക്കേണ്ടി വരുമെന്ന് പറയുന്നത് ലീഗിൻ്റെ അടിവേര് തകർക്കുന്ന രൂപത്തിലേക്കാണ് ഇപ്പോൾ വളർന്നു കൊണ്ടിരിക്കുന്നത്. സിപിഎം – ബിജെപി ഡീൽ എന്ന് വിളിച്ചവർ തന്നെ ആ ഡീൽ ആരോപണത്തിൽ കുടുങ്ങുന്ന കാഴ്ചയാണ് രാഷ്‌ട്രീയ കേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

ഇത് മാത്രമല്ല ഇടതുപക്ഷം പരാജയപ്പെടുന്നതിന് പ്രധാന കാരണക്കാരനായി മാറിയ വെള്ളാപ്പള്ളി നടേശനെ ഇപ്പോൾ ആരൊക്കെയാണ് വീട്ടിൽ പോയി കാണുന്നത് എന്നതും നമ്മൾ കണ്ടതല്ലേ ? ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി ബിന്ദു കൃഷ്ണയും വെള്ളാപ്പള്ളിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയതും, രാഷ്ട്രീയമായി യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ്.

കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിറ്റ് സെക്രട്ടറി കെകെ മഹേശന്റെ ആത്മഹത്യയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ മുഖ്യമന്ത്രി വിഡി സതീശന് നൽകിയ പരാതിയിലും ഇതുവരെ തീരുമാനം ആയിട്ടില്ല. ഈ മരണത്തിലെ വെള്ളാപ്പള്ളിമാരുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യം നിരാകരിക്കപ്പെടുന്നതിൽ സുധീരനും നിലവിൽ കടുത്ത അതൃപ്തിയിലാണുള്ളത്. ഈ രണ്ട് വിഷയങ്ങളിലെ മലക്കം മറിച്ചിൽ, പൊതുസമൂഹത്തിൽ , മുഖ്യമന്ത്രി വിഡി സതീശൻ്റെ ഇമേജ് കൂടി തകർക്കുന്ന രൂപത്തിലേക്കാണ് വളർന്നു കൊണ്ടിരിക്കുന്നത്.

അതുകൊണ്ടു തന്നെ, ഈ പോക്ക് പോയാൽ, 2029-ൽ ലോകസഭ തിരഞ്ഞെടുപ്പിന് ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പ് വന്നാൽ, യുഡിഎഫ് ശരിക്കും വിയർക്കേണ്ടി വരുമെന്ന കാര്യത്തിൽ എന്തായാലും തർക്കം വേണ്ട.

പിണറായി വിജയനെ മുൻ നിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ ഇനിയും ഇടതുപക്ഷത്തിന് ഒരു സാധ്യതയും ഉണ്ടാകുകയില്ലങ്കിലും മറിച്ചായാൽ സാധ്യത ഉണ്ട്. പിണറായിയെ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്ന ഒരു വിഡ്ഢിത്തം സിപിഎം ഇനി ചെയ്യുമെന്ന് തൽക്കാലം കരുതാൻ കഴിയുകയില്ല. അടുത്ത പാർട്ടി സമ്മേളനങളിൽ, അതായത്, 2029 ന് മുൻപ് നടക്കുന്ന സിപിഎം സമ്മേളനങ്ങളിൽ വലിയ മാറ്റം എന്തായാലും ഉണ്ടാകും. നിലവിലെ സിപിഎം നേതൃത്വം മാറി പുതിയ നേതൃത്വം വരികയും , ആ നേതൃത്വത്തിന് കീഴിൽ നിയമസഭാ തിരഞ്ഞെടുപ്പിനെ സിപിഎം നേരിടുകയും ചെയ്താൽ, തീർച്ചയായും ഇടതുപക്ഷത്തിന് ഭരണം പിടിക്കാനുള്ള അവസരം ലഭിക്കും. എൻസിപി , ജനാധിപത്യ കേരള കോൺഗ്രസ്സ് , കോൺഗ്രസ്സ് എസ് , തുടങ്ങിയ ഘടക കക്ഷികളെ ഒഴിവാക്കി അത്തരം ഈർക്കിൽ പാർട്ടികൾക്ക് നൽകി വരുന്ന സീറ്റുകളിൽ കൂടി സിപിഎം മത്സരിക്കുന്നതും, തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഗുണം ചെയ്യും. അതല്ലങ്കിൽ എലത്തൂർ മോഡൽ തിരിച്ചടി വീണ്ടും അനുഭവിക്കേണ്ടതായി വരും.

SYMBOLIC IMAGE GENERATED BY AI

ഏത് രാഷ്ട്രീയ സാഹചര്യത്തിലും സിപിഎമ്മിന് വിജയിക്കാൻ പറ്റുന്ന, കോഴിക്കോട് ജില്ലയിലെ എലത്തൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപറമ്പ് തുടങ്ങിയ നിരവധി ഉറച്ച സിപിഎം കോട്ടകൾ ഇത്തവണ നിലം പൊത്തിയതിൽ, വെള്ളാപ്പള്ളി എഫക്ടിനും, സിപിഎം നേതൃത്വത്തിൻ്റെ ധിക്കാരത്തിനും ഒപ്പം തന്നെ, സ്ഥാനാർത്ഥി നിർണ്ണയവും നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ട് അടിമുടി നയത്തിലും നിലപാടിലും സിപിഎം മാറ്റം വരുത്തിയാൽ, 2029, അവർക്ക് തൂക്കാൻ പറ്റും. അതല്ലാനെ സൈബർ അന്തംകമ്മികളെ പോലെ സിപിഎം നേതാക്കൾ ഇനിയും പെരുമാറിയാൽ, പിന്നെ ഈ കേരളത്തിൽ പോലും ചുവപ്പിൻ്റെ പൊടി പോലും കാണുകയില്ല.

ധിക്കാരപരമായ സമീപനം, പിടിവാശി, ഏകാധിപത്യ ശൈലി എന്നിവ , ഏത് നേതാവിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായാലും, അത് ജനങ്ങൾ എന്തായാലും വകവച്ച് തരികയില്ല എന്നതിന് ഈ തിരഞ്ഞെടുപ്പ് തന്നെ വലിയ ഉദാഹരണമാണ്. പിണറായി വിജയൻ വില്ലനും, സതീശൻ നായകനും ആയത് , പിണറായി വിജയൻ്റെ പെരുമാറ്റം ഒന്നുകൊണ്ടു മാത്രമാണ്. അത് തുറന്ന് പറയാൻ സിപിഎം നേതാക്കൾ തയ്യാറാവാത്തത് കൊണ്ടാണ്, ഇന്ന് ഈ അവസ്ഥയിൽ ആ പാർട്ടിയും മുന്നണിയും എത്തി നിൽക്കുന്നത്. ഇനിയും ഇക്കാര്യം പിണറായിയുടെ മുഖത്ത് നോക്കി തുറന്നു പറയാൻ തയ്യാറായില്ലങ്കിൽ, ‘ഭൂമിക്കൊരു ചരമ ഗീതം എന്ന് പറയുന്നതു പോലെ, “സിപിഎമ്മിനൊരു ചരമഗീതം” പാടേണ്ട അവസ്ഥയാണ് ഉണ്ടാകുക.

ഇതൊക്കെ പറയുമ്പോഴും, തിരിച്ചടിയിലും , തിരുത്താൻ തയ്യാറല്ല എന്ന സന്ദേശമാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തിലൂടെ സിപിഎം നേതൃത്വം ഇപ്പോൾ ചെയ്തിരിക്കുന്നത്. ഇനി ഈ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടാനുള്ള മണ്ടൻ തിരുമാനം മാത്രമാണ് ബാക്കിയുള്ളത്. അങ്ങനെ ഒരു തീരുമാനം അഥവാ സിപിഎം എടുത്താൽ , അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് കാര്യങ്ങൾ വളരെ എളുപ്പമാകും. ഭരണ തുടർച്ചയും സ്വാഭാവികമായും അതോടെ സംഭവിക്കും. അതുകൊണ്ടാണ് പറയുന്നത് ഇടതുപക്ഷത്തിന് ഭരണം ലഭിക്കണമെങ്കിൽ ആദ്യം മാറേണ്ടത് ഇവിടെ സിപിഎം നേതൃത്വമാണ്. എങ്കിൽ മാത്രമേ, ജനങ്ങൾക്കും ഇടതുപക്ഷത്തിൽ വിശ്വാസം ഉണ്ടാകുകയൊള്ളൂ.

ALSO READ: കാളിരാജ്, യതീഷ്, കാർത്തിക്… ഐപിഎസ് പുലികൾ വീണ്ടും കളത്തിൽ, ഇനി ‘കളി’ മാറും

യഥാർത്ഥത്തിൽ അടുത്ത സിപിഎം സംസ്ഥാന സമ്മേളനമായിരിക്കും, അതിനു ശേഷം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ ഗതിയെ സ്വാധീനിക്കുക. വിപ്ലവകരമായ മാറ്റം സിപിഎമ്മിൽ ഉണ്ടായാൽ, അതിൻ്റെ റിസൾട്ട് അവർക്ക് തിരഞ്ഞെടുപ്പ് പോരാട്ടത്തിലും തീർച്ചയായും ലഭിക്കും. വിഡി സതീശൻ നേതൃത്വം നൽകുന്ന യുഡിഎഫിൽ നിന്നും വലിയ അത്‌ഭുതങ്ങൾ പ്രതീക്ഷിച്ചല്ല, പിണറായി സേതൃത്വം നൽകുന്ന സർക്കാറിനെയും, ഗോവിന്ദൻ മാസ്റ്റർ നേതൃത്വം നൽകുന്ന പാർട്ടിയെയും മടുത്തിട്ടാണ് സിപിഎം അനുഭാവികൾ ഉൾപ്പെടെ, യുഡിഎഫിന് ഇത്തവണ വോട്ട് ചെയ്തിരിക്കുന്നത്. ഈ നേതൃത്വം മാറി പുതിയ നേതൃത്വം വന്നാൽ തന്നെ, ഈ വോട്ടുകളിൽ നല്ലൊരു പങ്കും തിരിച്ചു വരുമെന്ന് തന്നെയാണ് ഇടതുപക്ഷത്തെ ഇപ്പോഴും സ്‌നേഹിക്കുന്ന ജനവിഭാഗങ്ങൾ കരുതുന്നത്.

EXPRESS VIEW

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

വീഡിയോ കാണാം…

Share Email
Top