കേരള മുഖ്യൻ വി ഡി സതീശനെ കൊണ്ട് ഇപ്പോൾ പൊറുതിമുട്ടിയിരിക്കുന്നത് കോൺഗ്രസ്സ് ദേശീയ നേതൃത്വമാണ്. മുഖ്യമന്ത്രി ഒരു വഴിക്ക് മറ്റ് മന്ത്രിമാർ വേറെ ഒരു വഴിക്ക് എന്ന രീതിയിലാണ് യു ഡി എഫ് മന്ത്രിസഭ ഇപ്പോൾ പോകുന്നത്. ഇങ്ങനെ പോയാൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിൽ വൻ തോൽവി കേരളത്തിൽ ഏറ്റു വാങ്ങേണ്ടി വരുമെന്ന മുന്നറിയിപ്പാണ് ഹൈക്കമാൻ്റ് നൽകുന്നത്. നിലവിൽ സംസ്ഥാനത്തെ 20 ലോകസഭ സീറ്റുകളിൽ 18 ലും വിജയിച്ചിരിക്കുന്നത് യുഡിഎഫ് ആണ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നടന്നാൽ ഇതിൽ പകുതി സീറ്റു പോലും നിലനിർത്തുവാൻ കഴിയുമോ എന്ന കാര്യത്തിലും ദേശീയ നേതൃത്വത്തിന് സംശയമുണ്ട്.
മന്ത്രിസഭയുടെ ആഢംബരവും ധൂർത്തും കെടുകാര്യസ്ഥതയും എല്ലാം ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയതായാണ് ഹൈക്കമാൻ്റ് വിലയിരുത്തുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ ഏറ്റവും ഒടുവിൽ നടത്തിയ വിമാനയാത്ര പോലും ജനങ്ങൾക്കിടയിൽ മാത്രമല്ല പാർട്ടി പ്രവർത്തകർക്കിടയിലും വലിയ അവമതിപ്പ് ഉണ്ടാക്കിയതായി ചില എംപിമാരും നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
വി ഡി സതീശനെ സംഘപരിവാർ പാദസേവകനായി ഇടതുപക്ഷം ചിത്രീകരിക്കുന്നത് ന്യൂനപക്ഷ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് തന്നെ കാരണമായിട്ടുണ്ട്. ഇടതുപക്ഷത്തിന് വോട്ട് ചെയ്തിരുന്ന ന്യൂന പക്ഷ വിഭാഗങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് വോട്ട് ചെയ്തിരുന്നത്. ഈ വിഭാഗം ഇപ്പോൾ ഇടതുപക്ഷത്തേക്ക് തന്നെ തിരിച്ച് പോകുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. യുഡിഎഫിനെയും വിഡി സതീശനെയും പിന്തുണച്ചിരുന്ന മാധ്യമങ്ങൾ പോലും സർക്കാറിൻ്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളെ തുറന്ന് എതിർക്കുന്ന സാഹചരുവും ഇപ്പോൾ രൂപപ്പെട്ടിട്ടുണ്ട്.
ഒരു പാർട്ടി എന്ന നിലയിൽ ഉയർന്നു വരുന്ന വിമർശനങ്ങൾക്ക് മറുപടി പറയാൻ പോലും പറ്റാത്ത അവസ്ഥയാണ് കോൺഗ്രസ്സിന് ഉള്ളത്. മുഴുവൻ സമയ കെപിസിസി പ്രസിഡൻ്റിനെ ഇനിയും നിയമിക്കാത്തതാണ് ഇതിന് പ്രധാന കാരണം. മുഖ്യമന്ത്രിയും ചില മന്ത്രിമാരും കാട്ടിക്കൂട്ടുന്നതിനെ പരസ്യമായി ന്യായീകരിക്കാൻ കഴിയില്ലന്ന ശക്തമായ നിലപാട് മുൻ കെപിസിസി അദ്ധ്യക്ഷൻമാർ ഉൾപ്പെടെ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.
മുസ്ലിംലീഗിൻ്റെയും അവസ്ഥ ഇതുതന്നെയാണ്. മന്ത്രി കെഎം ഷാജി സ്റ്റേറ്റ് കാറാക്കി സ്വകാര്യ വ്യവസായിയുടെ വാഹനം ഉപയോഗിച്ചതിൽ ലീഗിനകത്തും പ്രതിഷേധം ശക്തമാണ്. മുഖ്യമന്ത്രി ഘടക കക്ഷികളുടെ വകുപ്പിൽ ഇടപെടുന്നതും ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായി വിഡി സതീശൻ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം വ്യവസായ വകുപ്പ് മന്ത്രി അറിയാതെ വ്യവസായ വകുപ്പ് ഡയറക്ടറെ നിയമിച്ചതിൽ കടുത്ത പ്രതിഷേധമാണ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നത്. ഇതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ ഐ എ എസ് നിയമനവും ഏകപക്ഷീയമായാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നടപ്പാക്കിയിരിക്കുന്നത്. ഇത് ലീഗ് എം എൽ എ മാരിലും കടുത്ത അതൃപ്‌തിയ്ക്ക് കാരണമായിട്ടുണ്ട്. ഇക്കാര്യത്തിലെ അതൃപ്തി ലീഗ് മന്ത്രിമാർ, പാർട്ടി പ്രസിഡൻ്റായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ കോൺഗ്രസ്സ് ഹൈക്കമാൻ്റിനെയും ലീഗ് നേതൃത്വം അറിയിച്ചതായാണ് ലഭിക്കുന്ന സൂചന.
കേരളത്തിൽ ഭരണമുള്ളതും 18 ലോക്സഭാ അംഗങ്ങളുടെ സാന്നിധ്യവുമാണ് ശക്തമായ നിലപാട് മുഖ്യമന്ത്രിക്ക് എതിരെ എടുക്കുന്നതിൽ നിന്നും കേന്ദ്ര നേതൃത്വത്തെ തടയുന്നത്. രാഹുലിനും പ്രിയങ്കയ്ക്കും മത്സരിക്കാൻ സുരക്ഷിതമായ ഇടമുള്ള സംസ്ഥാനമായതിനാലും മുഖ്യമന്ത്രിയെ പിണക്കാൻ ദേശീയ നേതൃത്വം തൽക്കാലം ആഗ്രഹിക്കുന്നില്ല. സതീശന്റെ എതിർചേരിയിലുള്ള ഉന്നത കോൺഗ്രസ് നേതാക്കൾ പോലും നിലവിൽ പരസ്യ എതിർപ്പ് പ്രകടിപ്പിക്കാതെ പിൻവലിഞ്ഞു നിൽക്കുകയാണ്. സതീശനെതിരെ ഏതെങ്കിലും തരത്തിൽ ദേശീയ നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചാൽ അത് അവസരമാക്കി എതിർപാളയത്തിലുള്ള കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും കൂടുതൽ സമ്മർദ്ദങ്ങൾക്ക് മുന്നോട്ടു വരുമെന്നതും ദേശീയ നേതൃത്വം ഭയക്കുന്ന രാഷ്‌ട്രീയ കാരണമാണ്. അങ്ങനെ വന്നാൽ സർക്കാർ പ്രതിസന്ധിയിലേക്ക് വീഴും എന്നതാണ് ഈ ഭയത്തിന് എല്ലാം അടിസ്ഥാനം. എന്നാൽ, ലോകസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് തിരിച്ചടി നേരിട്ടാൽ മുഖ്യമന്ത്രിയെ മാറ്റി മന്ത്രിസഭ തന്നെ പുനസംഘടിപ്പിക്കാൻ സാധ്യത ഏറെയാണ്. ഇത്തരം ഒരു സൂചനയാണ് മുതിർന്ന നേതാക്കൾക്ക് ഹൈക്കമാൻ്റ് നൽകിയിരിക്കുന്നത്.
എന്നാൽ, ലോകസഭ തിരഞ്ഞെടുപ്പ് വരെ ഇതേ സ്ഥിതിയിൽ മുന്നോട്ട് പോയാൽ കനത്ത പരാജയം വിളിച്ച് വരുത്തുന്നതിന് തുല്യമായിരിക്കും എന്നതാണ് കേരളത്തിലെ ഭൂരിപക്ഷം നേതാക്കളുടെയും നിലപാട്. ഏകാധിപത്യ പ്രവണതയോടെ മുന്നോട്ട് പോകുന്ന മുഖ്യമന്ത്രിയെ അടിയന്തരമായി ഹൈക്കമാൻ്റ് ഇടപെട്ട് തിരുത്തണം എന്നതാണ് ഈ നേതാക്കളുടെ എല്ലാം പൊതുവായ നിലപാട്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് വി ഡി സതീശൻ മംഗലാപുരത്ത് ചാർട്ടർ ചെയ്ത വിമാനത്തിൽ പോയി എൻഡിഎ നേതാക്കളുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻ്റ് നടപടി സ്വീകരിക്കാത്തതിലും വെള്ളാപ്പള്ളിയ്ക്ക് എതിരായ കേസിൽ മുഖ്യമന്ത്രി നിഷ്‌ക്രിയമായി നിൽക്കുന്നതിലും വിഎം സുധീരൻ ഉൾപ്പെടെയുള്ള നേതാക്കൾ കട്ട കലിപ്പിലാണുള്ളത്.
പിഎംശ്രീ, വഖഫ് നിയമഭേദഗതി വിഷയങ്ങളിൽ ദേശീയ നേതൃത്വത്തിന്റെ നിലപാടിനെതിരെ സതീശൻ നീങ്ങിയിട്ടും എന്തു കൊണ്ട് എതിർത്തില്ല എന്ന ചോദ്യവും ഹൈക്കമാൻ്റിന് എതിരെയും ഉയരുന്നുണ്ട്. ഈ ഒരൊറ്റ ബലത്തിലാണ് ലേബർ കോഡ് നടപ്പാക്കുമെന്ന് സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് എന്നാണ് കോൺഗ്രസ്സ് ന്നതാക്കൾ ചൂണ്ടിക്കാട്ടുന്നത്. ദേശീയ നേതൃത്വം ലേബർ കോഡിനെതിരെ കടുത്ത നിലപാടുമായി നിങ്ങുന്നതിനിടെയാണ് അതിനെതിരായ നിലപാട് മുഖ്യമന്ത്രി ഇവിടെ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി വിഡി സതീശനെതിരെ ദേശീയ നേതൃത്വം എന്തെങ്കിലും നടപടി സ്വീകരിച്ചാൽ അദ്ദേഹം കോൺഗ്രസ്സിനെ തന്നെ പിളർത്തി ബിജെപി പാളയത്തിലേക്ക് പോകുമെന്ന അഭ്യൂഹവും നിലവിൽ ശക്തമാണ്.
മന്ത്രിമാരായ സംസ്ഥാനത്തെ കോൺഗ്രസുകാർ അധികാരത്തിന്റെ ലഹരിയിൽ ഭ്രമിച്ച് നടക്കുകയാണ് എന്നാണ് സി.പി എം ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ ഭാവിയോ, കാവിവൽക്കരണമോ അവർക്ക് വിഷയമേയല്ലന്നും സിപിഎം കുറ്റപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് ആഢംബര കാറും വിദേശ യാത്രയും അസ്വദിച്ച് മതിമറന്ന് ഇവരെല്ലാം നടക്കുന്നത് എന്നാണ് ദേശാഭിമാനി ഉൾപ്പെടെ തുറന്നടിച്ചിരിക്കുന്നത്. ഇത് ഭരണത്തിലുള്ള നേതാക്കളുടെ അവസ്ഥയാണെങ്കിൽ, ഭരണത്തിനു പുറത്തുള്ള സംസ്ഥാനത്തെ ഉന്നത കോൺഗ്രസ്സ് നേതാക്കൾ പിന്നിൽ ആളെ കൂട്ടി പാർട്ടി നേതൃത്വം പിടിക്കാനും സ്വന്തക്കാരെ വിവിധ സ്ഥാനങ്ങളിൽ പ്രതിഷ്ഠിക്കാനുമുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഓടി നടക്കുന്നത്. ബെന്നി ബെഹന്നാൻ, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, ജോസഫ് വാഴക്കൻ എന്നിവരാണ് കെപിസിസി അദ്ധ്യക്ഷനാകാൻ ചരടുവലി നടത്തുന്നത്.
മുസ്ലിംലീഗിലും നേരത്തെ സൂചിപ്പിച്ചതു പോലെ കാര്യങ്ങൾ അത്ര വെടിപ്പല്ല. അവരുടെ മന്ത്രിമാരുടെ കാര്യത്തിലും ഇതു തന്നെയാണ് അവസ്ഥ. പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്ന മന്ത്രിമാർക്കെതിരെ പോലും പ്രതികരിക്കാൻ ലീഗ് നേതൃത്വത്തിന് നിലവിൽ കഴിയുന്നില്ല. യു ഡി എഫിലെ മറ്റൊരു ഘടക കക്ഷിയായ കേരള കോൺഗ്രസ്സ് ജോസഫ് ഗ്രൂപ്പിലും ആഭ്യന്തര സംഘർഷം രൂക്ഷമാണ്. ഈ പാർട്ടിയിൽ ഒരു എം എൽ എ തന്നെയാണ് കലാപക്കൊടി ഉയർത്തിയിരിക്കുന്നത്. ഈ പോക്കാണ് യുഡിഎഫ് പോകുന്നതെങ്കിൽ, ലോകസഭ തിരഞ്ഞെടുപ്പിൽ വമ്പൻ നേട്ടമാണ് ഇടതുപക്ഷം ഉണ്ടാക്കാൻ പോകുന്നത് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
EXPRESS VIEW
വീഡിയോ കാണാം…






