ന്യൂഡൽഹി: തലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ചർച്ചകൾ തുടർന്ന് ബിജെപി. സംസ്ഥാന നേതാക്കളുമായി ദേശീയ നേതൃത്വം ഇന്നും ചർച്ച നടത്തും. ന്യൂഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാളിനെ തോൽപ്പിച്ച പർവേഷ് വർമ, ഡൽഹി നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന വിജേന്ദർ ഗുപ്ത, വനിതാ നേതാവായ ശിഖ റായ് എന്നിവരുടെ പേരുകൾ ചർച്ചയിലുണ്ട്. അതേസമയം ദേശീയ നേതൃത്ത്വത്തിന്‍റേതാണ് അന്തിമ തീരുമാനമെന്നാണ് നേതാക്കൾ ഇന്നലെ പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ സന്ദർശനത്തിനു പോകും മുൻപ് മുഖ്യമന്ത്രി ആരെന്നതിൽ തീരുമാനമുണ്ടാകും.
അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രിയായിരുന്നപ്പോൾ കോടികൾ ചെലവഴിച്ച് മോടിപിടിപ്പിച്ച ഔദ്യോഗിക വസതിയായിരുന്നു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചരണായുധങ്ങളിൽ പ്രധാനം. മദ്യനയ അഴിമതിക്കു പുറമേ എഎപി നേതാക്കളുടെ ആഡംബര ജീവിതം തുറന്നു കാണിക്കാൻ ഈ ബംഗ്ലാവിലെ സജ്ജീകരണങ്ങളാണ് ബിജെപി അക്കമിട്ടു നിരത്തിയത്. ശീശ് മഹൽ എന്നാണ് ബിജെപി ഈ വസതിയെ വിശേഷിപ്പിച്ചത്.
Also Read : സർക്കാർ വീണു, കെജ്‌രിവാളും തോറ്റു, എന്നിട്ടും; നൃത്തം ചെയ്ത് ആഘോഷിച്ച് അതിഷി
കാവിയിലേക്ക് മാറിയ രാജ്യ തലസ്ഥാനം

ഫ്ലാഗ് സ്റ്റാഫ് റോഡ് എന്നാണ് വിവാദങ്ങൾ വിട്ടൊഴിയാത്ത വീടിന്റെ വിലാസം. തിരഞ്ഞെടുപ്പു ഫലം വന്നതിനു തൊട്ടുപിന്നാലെ ബിജെപി മുഖ്യമന്ത്രി ശീശ് മഹലിൽ താമസിക്കുമോ എന്ന ചോദ്യത്തോട് ആദ്യം പ്രതികരിച്ചത് ന്യൂഡൽഹി മണ്ഡലത്തിൽ കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പർവേശ് വർമയാണ്. അക്കാര്യം പാർട്ടി തീരുമാനിക്കും എന്നായിരുന്നു മറുപടി. മുഖ്യമന്ത്രി സ്ഥാനത്തേക്കു പാർട്ടി പരിഗണിക്കുന്നവരിൽ മുൻനിരയിലുള്ള പർവേശ് വർമ ശീശ് മഹൽ വേണ്ട എന്നു തീർത്തു പറഞ്ഞതുമില്ല.