രാജ്യത്ത് ഒളിഞ്ഞു കിടക്കുന്ന എണ്ണ, പ്രകൃതിവാതക ശേഖരങ്ങൾ കണ്ടെത്താൻ അതിനൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വമ്പൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ രംഗത്ത്. ഇതിന്റെ ഭാഗമായി പതിറ്റാണ്ടുകൾ പഴക്കമുള്ള ഭൗമശാസ്ത്ര ഡാറ്റകൾ പുനഃപരിശോധിക്കാനും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ‘3ഡി സീസ്മിക് സർവേകൾ’ നടത്താനുമാണ് തീരുമാനം. ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത ഉറപ്പാക്കാനും വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനുമായി പെട്രോളിയം മന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൈഡ്രോകാർബൺസ് ആണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ഭൂമിക്കടിയിലേക്ക് ശബ്ദതരംഗങ്ങൾ കടത്തിവിട്ട് നടത്തുന്ന സീസ്മിക് സർവേകളെ ഒരു തരത്തിൽ മെഡിക്കൽ സ്‌കാനിംഗിനോട് ഉപമിക്കാം. മുൻകാലങ്ങളിലെ സർവേകളിൽ അത്യാധുനിക സാങ്കേതികവിദ്യ ഇല്ലാത്തതിനാൽ കണ്ടെത്താൻ കഴിയാതെ പോയ ഇന്ധന നിക്ഷേപങ്ങൾ, പുതിയ കമ്പ്യൂട്ടിംഗ് സംവിധാനങ്ങളിലൂടെയും ആധുനിക ഡാറ്റാ പ്രോസസ്സിംഗിലൂടെയും കണ്ടെത്താനാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സർവേകളിൽ ലഭിക്കുന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും എണ്ണക്കമ്പനികൾ ഭാവിയിൽ എവിടെ ഖനനം നടത്തണം എന്ന് തീരുമാനിക്കുക.
പദ്ധതിയുടെ ഭാഗമായി ഇന്ത്യയുടെ കിഴക്കൻ തീരത്ത് ആയിരക്കണക്കിന് കിലോമീറ്ററുകൾ വ്യാപിച്ചുകിടക്കുന്ന വമ്പൻ സമുദ്ര പര്യവേക്ഷണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്. പൂർണിയ, മഹാനദി ബേസിൻ, കൃഷ്ണ ഗോദാവരി ബേസിൻ, കാവേരി ബേസിൻ, ആൻഡമാൻ ബേസിൻ എന്നിവിടങ്ങളിൽ വാണിജ്യാടിസ്ഥാനത്തിലുള്ള ഇന്ധന നിക്ഷേപം കണ്ടെത്താൻ പ്രത്യേക സർവേ കമ്പനികളെ ചുമതലപ്പെടുത്തും. നിലവിൽ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 85 ശതമാനവും ഇറക്കുമതി ചെയ്യുന്നതിനാൽ, ആഗോള യുദ്ധങ്ങളും പ്രതിസന്ധികളും ആഭ്യന്തര വിപണിയിൽ ഉണ്ടാക്കുന്ന വിലക്കയറ്റത്തിന് സ്ഥിരമായൊരു പരിഹാരം കാണുകയാണ് ഈ നീക്കത്തിലൂടെ രാജ്യം ലക്ഷ്യമിടുന്നത്.






