മുസ്ലീം ലീഗിന് വഴിയൊരുക്കാൻ സി.പി.ഐയും, മാറുമോ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ ?

മുസ്ലീം ലീഗിനെ ഇടതുപക്ഷത്തേക്ക് അടുപ്പിക്കുവാൻ സി.പി.ഐയും രംഗത്ത്. തടസ്സങ്ങൾ മാറുന്നത് കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റും. ഇനി പന്ത് ലീഗിൻ്റെ ക്വാർട്ടിൽ.

മുസ്ലീം ലീഗിന് വഴിയൊരുക്കാൻ സി.പി.ഐയും, മാറുമോ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ ?
മുസ്ലീം ലീഗിന് വഴിയൊരുക്കാൻ സി.പി.ഐയും, മാറുമോ കേരളത്തിലെ മുന്നണി സമവാക്യങ്ങൾ ?

മുസ്ലീം ലീഗ് ഇടതുപക്ഷത്ത് എത്തുമെന്ന അഭ്യൂഹം വന്നപ്പോഴൊക്കെ, അതിനെ ഏറ്റവും അധികം എതിര്‍ത്തിരുന്നത് വി.എസ് അച്യുതാനന്ദനും, സി.പി.ഐയുമാണ്. നിലവില്‍ വി.എസ് അനാരോഗ്യം കാരണം കിടപ്പിലായതിനാല്‍, രാഷ്ട്രീയ വിവാദങ്ങളില്‍ പ്രതികരിക്കാന്‍ പറ്റുന്ന അവസ്ഥയിലല്ല അദ്ദേഹമുള്ളത്. സി.പി.ഐ ആകട്ടെ, കാനം രാജേന്ദ്രന്റെ മരണത്തോടെ പല്ലു കൊഴിഞ്ഞ അവസ്ഥയിലുമാണുള്ളത്. ഇതിനിടെയാണ് ഇപ്പോള്‍, സി.പി.ഐയുടെ മുന്‍ നിലപാടുകള്‍ മാറ്റി പുതിയ സംസ്ഥാന സെക്രട്ടറി തന്നെ രംഗത്ത് വന്നിരിക്കുന്നത്. മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രഖ്യാപനം ലീഗിനെ ഇടതുപക്ഷത്ത് കൊണ്ടുവരാന്‍ സി.പി.ഐ തടസ്സമല്ല എന്ന നിലപാട് മാറ്റത്തിന്റെ സൂചന ആയാണ് വിലയിരുത്തപ്പെടുന്നത്.

Also Read: ഇവരേക്കാൾ ഭേദമായിരുന്നു കരുണാകരൻ – ആൻ്റണി ‘യുദ്ധം’, കോൺഗ്രസ്സിൻ്റെ വേരറുക്കുന്ന പുതിയ നേതൃത്വം

കൊല്ലത്ത് സമാപിച്ച സി.പി.എം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ ലേഖനത്തില്‍, കോണ്‍ഗ്രസിനെ യഥാര്‍ത്ഥ മതവിശ്വാസികള്‍ക്ക് വിശ്വസിക്കാനാവുമോ എന്ന് മുസ്ലീം ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ആലോചിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും ബി.ജെ.പി വിജയം ഉറപ്പാക്കിയത് കോണ്‍ഗ്രസാണെന്ന ആരോപണം ഉയര്‍ത്തിയായിരുന്നു മുഖ്യമന്ത്രി ഇത്തരമൊരു പരാമര്‍ശം നടത്തിയിരുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ്, മുസ്ലീം ലീഗ് വര്‍ഗീയ പാര്‍ട്ടിയല്ലെന്നും, മതേതര മൂല്യങ്ങളുള്ള പ്രസ്ഥാനമാണെന്നുമുള്ള സി.പി.ഐ സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ പ്രസംഗത്തെയും കാണേണ്ടത്. എസ്.ഡി.പി.ഐ, ജമാഅത്തെ ഇസ്ലാമി എന്നിവയെപ്പോലെ ലീഗിനെ വര്‍ഗീയ പാര്‍ട്ടിയെന്ന് മുദ്രകുത്താനുള്ള ശ്രമത്തെയാണ് സി.പി.ഐ തള്ളിക്കളയുന്നത്.

രാഷ്ട്രീയമായി വിയോജിക്കുമ്പോഴും, ഇത്തരം ഒരു നിലപാട് സി.പി.ഐ നടത്തിയിട്ടില്ലെന്നാണ് ബിനോയ് വിശ്വം അവകാശപ്പെടുന്നത്. ലീഗ് വിരുദ്ധരായ, ബഹു ഭൂരിപക്ഷം വരുന്ന ഇടതുപക്ഷ അണികളെ പ്രകോപിപ്പിക്കുന്ന പ്രതികരണമാണിത്. മുസ്ലീം ലീഗിനെ ഇടതുപക്ഷത്തോട് അടുപ്പിക്കാന്‍, സി.പി.എമ്മിലെ ഒരുവിഭാഗം നടത്തിയ നീക്കങ്ങള്‍ക്ക് വി.എസ് അച്യുതാനന്ദന്‍ മുന്‍പ് തടയിട്ടത് സി.പി.ഐയുടെ പിന്തുണയോടെയായിരന്നു. സി.പി.ഐ സെക്രട്ടറിമാരായിരുന്ന വെളിയം ഭാര്‍ഗവനും, സികെ ചന്ദ്രപ്പനും കാനം രാജേന്ദ്രനും വരെ, മുസ്ലീം ലീഗിനെ വര്‍ഗീയ കക്ഷിയെന്നു വിലയിരുത്തിയാണ് ഇടതു മുന്നണി പ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന നിലപാട് സ്വീകരിച്ചിരുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ലീഗുമായി അടവുനയം പയറ്റിയ ഒരു ചരിത്രവും ഇടതുപക്ഷത്തിനുണ്ട്. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുമായി ലീഗ് നേരിട്ട് മത്സരം തുടങ്ങിയപ്പോഴാണ് സി.പി.എമ്മുമായി ചേര്‍ന്നുള്ള അടവുനയത്തിന് ലീഗ് നിര്‍ബന്ധിതമായിരുന്നത്. ഇതേതുടര്‍ന്ന്, ലീഗിന്റെ കോട്ടയായ തിരൂരങ്ങാടി പഞ്ചായത്തില്‍ ഉള്‍പ്പെടെ, നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍, സി.പി.എമ്മിന് ഭരണ പങ്കാളിത്തവും ലഭിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ അടവുനയം തുടരാനുള്ള നീക്കം പൊളിച്ചത്, വി.എസ് അച്യുതാനന്ദനും സി.പി.ഐ നേതൃത്വവുമായിരുന്നു. യു.ഡി.എഫ് രൂപീകരണ കാലം മുതല്‍ യു.ഡി.എഫില്‍ ശക്തമായ സഖ്യകക്ഷിയാണ് മുസ്ലീം ലീഗ്. ആ ലീഗ് ഇടതുപാളയത്തില്‍ എത്തിയാല്‍, അതുകൊണ്ടു തന്നെ യു.ഡി.എഫ് തകര്‍ന്നടിയും. പി.കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള ലീഗ് നേതാക്കള്‍ക്ക് ഇപ്പോഴും, വളരെ അടുത്ത ബന്ധമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതൃത്വവുമായുള്ളത്.

Pinarayi Vijayan

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍, കേരള കോണ്‍ഗ്രസ് മാണിവിഭാഗം എല്‍.ഡി.എഫിലെത്തിയപ്പോഴാണ് പിണറായിക്ക് ഭരണത്തില്‍ രണ്ടാമൂഴം ലഭിച്ചത്. ഇത്തവണ മൂന്നാം ഭരണം ഉറപ്പിക്കാന്‍ സി.പി.എം പ്രതീക്ഷിക്കുന്നതും, മലബാറില്‍ ശക്തമായ വോട്ടുബാങ്കുള്ള മുസ്ലീം ലീഗിന്റെ പിന്തുണ തന്നെയാണ്. അതിന് വേണ്ടി വന്നാല്‍, ലീഗിനെ പിളര്‍ത്താന്‍ വരെ സി.പി.എം തയ്യാറായേക്കും. ലീഗില്ലെങ്കില്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെ ഒറ്റ മണ്ഡലത്തിലും കോണ്‍ഗ്രസിന് ജയിക്കാനാവില്ല. കേരള ഭരണവും കിട്ടാക്കനിയാവുകയും ചെയ്യും. ഇത് നന്നായി അറിയുന്നത് കോണ്‍ഗ്രസ് നേതൃത്വത്തിനു തന്നെയാണ്. രണ്ട് തവണ കേരളഭരണം നഷ്ടമായ ലീഗിന്, മൂന്നാമത്തെ ഭരണനഷ്ടം ചിന്തിക്കാന്‍പോലും ആവില്ല.

കോണ്‍ഗ്രസിലെ തമ്മിലടി തീര്‍ക്കണമെന്ന് ലീഗ് നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനോട് നേരിട്ട് ആവശ്യപ്പെട്ടതും ഈ ഭയപ്പാടിലാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്റ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് തമ്മിലടി അവസാനിപ്പിക്കാനുള്ള അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി കേരളത്തിലെത്തി ഘടകകക്ഷി നേതാക്കളെ വെവ്വേറെ കണ്ട്, ഇതിനകം തന്നെ ചര്‍ച്ചയും നടത്തി കഴിഞ്ഞിട്ടുണ്ട്. ദീപ ദാസ് മുന്‍ഷിയുമായുള്ള ചര്‍ച്ചയില്‍, കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലടി നിര്‍ത്തണമെന്ന ശക്തമായ നിര്‍ദ്ദേശമാണ് ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയിരിക്കുന്നത്.

PK Kunhalikutty And Sadiq Ali Shihab Thangal

ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമായി ലീഗ് നേതൃത്വത്തിനുണ്ടായിരുന്ന അടുപ്പം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായിട്ടില്ലെന്നതും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് സൂചന. സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കുമെന്ന പ്രഖ്യാപിച്ച ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിനെ ‘അടുത്ത ജന്‍മത്തില്‍ പട്ടിയാകുന്നതിന് ഇപ്പോഴേ കുരക്കണോ ‘ എന്ന് ചോദിച്ച് കെ. സുധാകരന്‍ ആക്ഷേപിച്ചതും ലീഗിനെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു. സുധാകരന്റെ ഈ പട്ടിപ്രയോഗത്തില്‍ കടുത്ത അതൃപ്തിയാണ് ലീഗിനുണ്ടായിരുന്നത്. സുധാകരന്‍ ക്ഷമാപണം നടത്തുകയും കെ.സി വേണുഗോപാല്‍ അടക്കമുള്ളവര്‍ ഇടപെട്ടുമാണ് അന്ന് ലീഗിനെ തണുപ്പിച്ചിരുന്നത്.

1967ല്‍ ഇ.എം.എസിന്റെ നേതൃത്വത്തില്‍ സപ്തകക്ഷി മുന്നണിയില്‍ മുസ്ലീം ലീഗിന് മന്ത്രിസ്ഥാനം നല്‍കിയതിനാല്‍ ഇനി ലീഗ് ബാന്ധവത്തിന് ഇടതുമുന്നണിക്ക് വിശദീകരണത്തിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരില്ല. സപ്തകക്ഷി മുന്നണിയില്‍ ഇ.എം.എസ് മുഖ്യമന്ത്രിയായപ്പോള്‍ സി.എച്ച് മുഹമ്മദ്കോയ വിദ്യാഭ്യാസ മന്ത്രിയും എ.പി.എം അഹമ്മദ്കുരിക്കള്‍ പഞ്ചായത്ത് മന്ത്രിയുമായിരുന്നു. കോണ്‍ഗ്രസിന്റെ എതിര്‍പ്പ് അവഗണിച്ച് ഇ.എം.എസാണ് മലപ്പുറം ജില്ല രൂപീകരിച്ചിരുന്നത്. അന്ന് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ ശക്തമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. ആര്യാടന്‍ മുഹമ്മദിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ രൂപീകരണത്തിനെതിരെ… വാഹനപ്രചരണ ജാഥയും നടത്തിയിരുന്നു. മുമ്പത്തെപ്പോലെയുള്ള ശക്തമായ സി.പി.എം വിരുദ്ധ നിലപാട് ഇപ്പോള്‍ ലീഗ് അണികള്‍ക്കും നേതാക്കള്‍ക്കുമില്ലന്നതും, ഒരു യാഥാര്‍ത്ഥ്യമാണ്.

Binoy Viswam

മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംരക്ഷകനായാണ് ലീഗിന്റെ വോട്ടുബാങ്കായ സമസ്ത ഇ.കെ സുന്നി വിഭാഗം പോലും, മുഖ്യമന്ത്രി പിണറായി വിജയനെ നോക്കി കാണുന്നത്. പിണറായിയുമായി വ്യക്തിപരമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പി.വി അബ്ദുല്‍ വഹാബും. സി.പി.എമ്മിനെ എതിര്‍ക്കുന്ന എം.കെ മുനീറടക്കമുള്ളവര്‍ക്കും മൂന്നാമത് പ്രതിപക്ഷത്തിരിക്കേണ്ടിവരുന്ന രാഷ്ട്രീയ വനവാസം അംഗീകരിക്കാനാവില്ല. സമര സംഘടനയല്ലാത്ത മുസ്ലീം ലീഗിന് നിലനില്‍ക്കാന്‍ ഇനി കേരള ഭരണം കൂടിയേ തീരൂ. അതല്ലെങ്കില്‍ നേതാക്കളെയും അണികളെയും പിടിച്ചുനിര്‍ത്തലും പ്രയാസകരമാവും. ബി.ജെ.പിക്കെതിരെ ദേശീയതലത്തില്‍ രൂപീകരിച്ച ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാണ് നിലവില്‍ സി.പി.എമ്മും മുസ്ലീം ലീഗും.

Also Read: ആ​ഗോള വിപണിയിലും തളർത്താനായില്ല, കരുത്താർജിച്ച് റഷ്യ

തമിഴ്നാട്ടിലാകട്ടെ, കോണ്‍ഗ്രസും സി.പി.എമ്മും ലീഗും ഒന്നിച്ച് ഡി.എം.കെ നേതൃത്വം നല്‍കുന്ന ഇന്ത്യ മുന്നണിയുടെ ഭാഗവുമാണ്. കേരളത്തില്‍ ലീഗിനെ യു.ഡി.എഫില്‍ നിന്നും അടര്‍ത്തിയെടുത്താല്‍ പിണറായിക്ക് മൂന്നാം ഭരണം നൂറ് ശതമാനവും ഉറപ്പിക്കാനാകും. ഇപ്പോള്‍ ഇടതുപക്ഷത്ത് കയറിയില്ലെങ്കില്‍, ലീഗില്ലാതെ തന്നെ മൂന്നാം ഊഴം കിട്ടിയാല്‍, പിന്നെ ഒരിക്കലും ലീഗിനായി ഇടതുപക്ഷത്തിന്റെ വാതില്‍ തുറക്കില്ലന്ന ഭയവും ലീഗ് നേതൃത്വത്തിനുണ്ട്. സി.പി.എമ്മിന്റെ പുതിയ രാഷ്ട്രീയ നീക്കത്തിന് സി.പി.ഐ കൂടി പച്ചക്കൊടി കാട്ടിയതോടെ, അമ്പരന്ന് നില്‍ക്കുന്നതിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വമാണ്.


Express View

Share Email
Top