ഇ-20 പെട്രോൾ അടിച്ചാൽ എൻജിൻ പണിമുടക്കുമോ? സോഷ്യൽ മീഡിയയിലെ തള്ളലുകൾക്ക് 10 പക്ക വിശദീകരണങ്ങളുമായി കേന്ദ്രം

എഥനോൾ ഇന്ധനം എൻജിൻ കേടാക്കുമെന്നും, വണ്ടിയുടെ മൈലേജ് വൻതോതിൽ കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി

ഇ-20 പെട്രോൾ അടിച്ചാൽ എൻജിൻ പണിമുടക്കുമോ? സോഷ്യൽ മീഡിയയിലെ തള്ളലുകൾക്ക് 10 പക്ക വിശദീകരണങ്ങളുമായി കേന്ദ്രം
ഇ-20 പെട്രോൾ അടിച്ചാൽ എൻജിൻ പണിമുടക്കുമോ? സോഷ്യൽ മീഡിയയിലെ തള്ളലുകൾക്ക് 10 പക്ക വിശദീകരണങ്ങളുമായി കേന്ദ്രം

ന്ത്യയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഇ-20 (20% എഥനോൾ കലർത്തിയ) പെട്രോളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കും വണ്ടി ഉടമകളുടെ ആശങ്കകൾക്കും വ്യക്തമായ മറുപടിയുമായി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം രംഗത്ത്. എഥനോൾ ഇന്ധനം എൻജിൻ കേടാക്കുമെന്നും, വണ്ടിയുടെ മൈലേജ് വൻതോതിൽ കുറയ്ക്കുമെന്നുമുള്ള പ്രചാരണങ്ങൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി.

വാഹനങ്ങളുടെ ഇന്ധനക്ഷമതയെയോ പ്രകടനത്തെയോ ഇ-20 പെട്രോൾ കാര്യമായി ബാധിക്കില്ലെന്ന് കിലോമീറ്ററുകളോളം ഓടിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. പഴയ വാഹനങ്ങളിലെ ചില റബർ ഭാഗങ്ങൾക്ക് ചെറിയ മാറ്റങ്ങൾ വരുത്തേണ്ടി വന്നേക്കാമെങ്കിലും ലോഹ, പ്ലാസ്റ്റിക് ഭാഗങ്ങളെ ഇത് യാതൊരു തരത്തിലും ദ്രവിപ്പിക്കില്ല. അതുകൊണ്ട് തന്നെ ഇ-20 ഇന്ധനം ഉപയോഗിക്കുന്നത് കൊണ്ട് വാഹനങ്ങളുടെ വാറന്റിയോ ഇൻഷുറൻസോ അസാധുവാകില്ലെന്ന് നിർമ്മാതാക്കളും ഇൻഷുറൻസ് കമ്പനികളും ഉറപ്പുനൽകുന്നു. കൂടാതെ, എഥനോളിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ പ്രാണികളെയും ഉറുമ്പുകളെയും ആകർഷിക്കുമെന്ന വാദവും, ഇത് ഇന്ധനടാങ്കുകളിൽ വെള്ളം കയറാൻ ഇടയാക്കുമെന്ന ആശങ്കയും കേന്ദ്രം തള്ളി. കരിമ്പ് ജ്യൂസ് നേരിട്ട് പെട്രോളിൽ കലർത്തുന്നു എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോകൾ കെട്ടിച്ചമച്ചതാണെന്നും കൃത്യമായ വ്യവസായ പ്രക്രിയകളിലൂടെയാണ് ഇന്ധന ഗ്രേഡ് എഥനോൾ ഉത്പാദിപ്പിക്കുന്നതെന്നും സർക്കാർ ഓർമ്മിപ്പിച്ചു.

Also Read: സ്വർണവിലയിൽ നേരിയ ആശ്വാസം; ഇന്നത്തെ നിരക്കറിയാം

എഥനോൾ ഉത്പാദിപ്പിക്കാൻ വൻതോതിൽ വെള്ളം വേണമെന്ന വാദവും മന്ത്രാലയം തിരുത്തിയിട്ടുണ്ട്. വിപണിയിൽ ലഭ്യമാകുന്ന മിച്ചമുള്ള അരിയും, നെല്ലിനേക്കാൾ വളരെ കുറഞ്ഞ ജലസേചനം ആവശ്യമുള്ള ചോളവും ഉപയോഗിച്ചാണ് 40 ശതമാനത്തിലധികം എഥനോളും നിർമ്മിക്കുന്നത്. ഉത്പാദനത്തിനായി ഡിസ്റ്റിലറികൾ ഉപയോഗിക്കുന്ന വെള്ളം പൂർണ്ണമായും പുനരുപയോഗിക്കുന്നതിനായി ‘സീറോ ലിക്വിഡ് ഡിസ്ചാർജ്’ സംവിധാനമാണ് സ്വീകരിച്ചിരിക്കുന്നത്. സുപ്രീം കോടതിയിൽ ഇതുമായി ബന്ധപ്പെട്ട് നടന്നത് കരാർ വ്യവസ്ഥകളെക്കുറിച്ചുള്ള ചർച്ചകൾ മാത്രമാണെന്നും, എഥനോൾ പദ്ധതി ഒരു പരീക്ഷണമല്ലെന്നും വ്യക്തമാക്കിയ കേന്ദ്ര സർക്കാർ, ജനങ്ങൾ ഇത്തരം വ്യാജ വാർത്തകളിൽ വീഴരുതെന്ന് അഭ്യർത്ഥിച്ചു.

കേവലം പരിസ്ഥിതി സംരക്ഷണം മാത്രമല്ല, രാജ്യത്തിന് വലിയ സാമ്പത്തിക നേട്ടവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഈ പദ്ധതി വഴി വിദേശനാണ്യ ഇനത്തിൽ 1.9 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാൻ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട്. കൂടാതെ കർഷകർക്ക് 1.6 ലക്ഷം കോടിയിലധികം രൂപയുടെ പേയ്‌മെന്റുകൾ നൽകാനും, കാർബൺ ഡയോക്സൈഡ് ബഹിർഗമനം വലിയ തോതിൽ കുറയ്ക്കാനും സാധിച്ചു. 2013-14 കാലഘട്ടത്തിൽ വെറും 1.5 ശതമാനം മാത്രമായിരുന്ന ബ്ലെൻഡിങ് തോത്, രാജ്യം നിശ്ചയിച്ച സമയ പരിധിക്കും വളരെ മുൻപേ 20 ശതമാനത്തിൽ എത്തിക്കാൻ കഴിഞ്ഞത് ഇന്ത്യയുടെ വലിയൊരു നേട്ടമായി കേന്ദ്ര പെട്രോളിയം മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു.

Share Email
Top